എസ് ഐ ആര്‍ മാറ്റി വയ്ക്കില്ല; സംസ്ഥാനത്തെ ബിജെപി ഒഴിച്ചുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തിന് വഴങ്ങാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; സമയക്രമം മാറ്റാന്‍ കഴിയില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പ് പുതിയ വോട്ടര്‍ പട്ടിക പ്രകാരമെന്നും കമ്മീഷന്‍; നിയമവഴി ആലോചിച്ച് പ്രതിപക്ഷ കക്ഷികള്‍; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രത്തന്‍ ഖേല്‍ക്കര്‍

എസ് ഐ ആര്‍ മാറ്റി വയ്ക്കില്ല

Update: 2025-10-29 18:32 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്‌കരണമായ എസ്.ഐ.ആര്‍ (Intensive Revision of Electoral Roll) നടപടികള്‍ മാറ്റിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് പുതിയ വോട്ടര്‍പട്ടിക പ്രകാരമായിരിക്കും നടത്തുക എന്ന നിലപാട് വ്യക്തമാക്കിയും, സമയക്രമം മാറ്റാന്‍ കഴിയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ഉദ്ധരിച്ചും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ ഇക്കാര്യത്തിലെ ചര്‍ച്ചകള്‍ക്ക് അറുതിവരുത്തി. ഇതോടെ, എസ്.ഐ.ആര്‍ നടപടികളും തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമവഴി തേടാനൊരുങ്ങുകയാണ്.

ബുധനാഴ്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ബി.ജെ.പി ഒഴികെയുള്ള എല്ലാ പ്രതിനിധികളും എസ്.ഐ.ആര്‍ നടപടികള്‍ മാറ്റിവെക്കണമെന്ന ശക്തമായ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവും നടത്തേണ്ടി വരുന്നത് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്നതാണ് പ്രധാന വിമര്‍ശനം. എം.വി ജയരാജന്‍ (സി.പി.എം), സണ്ണി ജോസഫ് (കോണ്‍ഗ്രസ്), സി.പി. ചെറിയ മുഹമ്മദ് (മുസ്‌ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്-എം), ജോയി ഏബ്രഹാം (കേരള കോണ്‍ഗ്രസ്), പി.ജി. പ്രസന്നകുമാര്‍ (ആര്‍.എസ്.പി) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളുടെ സമയപ്പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമനടപടികളെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ആശയപരമായ വിയോജിപ്പുകള്‍ക്കൊപ്പം പ്രായോഗിക തലത്തിലെ പ്രശ്‌നങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കായി ഏപ്രില്‍ 5ന് വീണ്ടും സര്‍വകക്ഷി യോഗം ചേരാന്‍ ധാരണയായിട്ടുണ്ട്.

ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രത്തന്‍ ഖേല്‍ക്കര്‍

സംസ്ഥാനത്തെ വോട്ടര്‍പട്ടികയുടെ സമഗ്രമായ പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍.) ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. വോട്ടര്‍ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കാനല്ല, മറിച്ച് യോഗ്യരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'രേഖകള്‍ ഇല്ലാത്തവരുണ്ടെങ്കില്‍ അവ തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിക്കും. പരാതിയുള്ളവര്‍ക്ക് കമ്മീഷനെ നേരിട്ട് സമീപിക്കാം. സുതാര്യമായ വോട്ടര്‍ പട്ടിക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏക അജണ്ട, മറ്റൊന്നുമില്ല. എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനോടകം തന്നെ, എസ്.ഐ.ആര്‍. നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

Tags:    

Similar News