പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ ഉപയോഗിച്ചതിന് പുലിവാല് പിടിച്ച മുഖം; വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതും തലവേദനയായി; ഇതാ..വിവാദങ്ങളെ എല്ലാം കാറ്റിൽപ്പറത്തി മുൻ ഡിജിപി; ശാസ്തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർഥി ശ്രീലേഖയ്ക്ക് മിന്നും വിജയം; എൽഡിഎഫിന് കനത്ത തിരിച്ചടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ റിട്ടയേർഡ് ഡിജിപി ആർ. ശ്രീലേഖയ്ക്ക് ശാസ്തമംഗലം വാർഡിൽ തിളക്കമാർന്ന ജയം. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ശ്രീലേഖ എൽഡിഎഫ് സ്ഥാനാർഥി അമൃതയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. അതേസമയം, ഏറെ ശ്രദ്ധേയമായ കുന്നുകുഴി വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത തോൽവി നേരിട്ടു. എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ഐ.പി. ബിനുവിനെ യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പം 657 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം പ്രചാരണ ഘട്ടത്തിൽത്തന്നെ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പേരിനൊപ്പം 'ഐ.പി.എസ്' എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. ഇതിനുപിന്നാലെ, തിരഞ്ഞെടുപ്പ് ദിവസം വ്യാജ സർവേ ഫലങ്ങൾ പ്രചരിപ്പിച്ചതിനും അവർ വിവാദത്തിലായി. ഈ വിവാദങ്ങളെ മറികടന്നാണ് ശ്രീലേഖ ശാസ്തമംഗലത്ത് നിന്ന് വിജയം ഉറപ്പിച്ചത്.
എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡ് ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. ജനകീയ നേതാവായിരുന്ന ഐ.പി. ബിനുവിനെ വിജയിപ്പിക്കാൻ എൽഡിഎഫ് വിപുലമായ പ്രചാരണം നടത്തിയിരുന്നു. നിരവധി പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തിയെങ്കിലും അത് വോട്ടായി മാറിയില്ല. കഴിഞ്ഞ തവണയും മേരി പുഷ്പമായിരുന്നു ഈ വാർഡിൽ വിജയിച്ചത്.