ഹൂത്തി ആസ്ഥാനത്തിലേക്ക് കുതിച്ചെത്തിയത് ഇസ്രയേല്‍ വ്യോമസേനയുടെ ഇരുപത് പോര്‍വിമാനങ്ങള്‍; ഹുദൈദയിലെ തുറമുഖത്തും കോണ്‍ക്രീറ്റ് നിര്‍മ്മാണശാലയ്ക്കും നേരെ ആക്രമണം; ലക്ഷ്യമൂട്ടത് ഹൂതികളുടെ ആയുധശേഖരങ്ങള്‍ തകര്‍ക്കല്‍

ഹൂത്തി ആസ്ഥാനത്തിലേക്ക് കുതിച്ചെത്തിയത് ഇസ്രയേല്‍ വ്യോമസേനയുടെ ഇരുപത് പോര്‍വിമാനങ്ങള്‍

Update: 2025-05-06 06:08 GMT

ടെല്‍ അവീവ്: ഞായറാഴ്ച ഹൂത്തി വിമതര്‍ ഇസ്രയേലിലെ ടെല്‍ അവീവിലെ ബെന്‍സ ഗുരിയോന്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍കിയത്. ഇസ്രയേല്‍ വ്യോമസേനയുടെ ഇരുപത് പോര്‍വിമാനങ്ങളാണ് ഇതിനായി ഹൂത്തികളുടെ ആസ്ഥാനമായ യെമനിലേക്ക് കുതിച്ചത്. തുറമുഖ നഗരമായ ഹുദൈദയില്‍ ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹുദൈദയിലെ തുറമുഖത്തും കോണ്‍ക്രീറ്റ് നിര്‍്മ്മാണശാലയ്ക്കും നേരേയാണ് ആദ്യം ആക്രമണം നടത്തിയത്.

ഇസ്രയേലില്‍ നിന്ന് രണ്ടായിരം കിലോമീറ്റര്‍ അകലെയാണ് ഹുദൈദ നദരം സ്ഥിതി ചെയ്യുന്നത്. ഹൂത്തികളുടെ താവളങ്ങളിലും പരിസരങ്ങളിലും അമ്പതോളം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. പോര്‍ വിമാനങ്ങള്‍ പറന്നുയരാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ സൈനിക വൃത്തങ്ങള്‍ പുറത്തു വിട്ടിരുന്നു. ആകാശത്ത് വെച്ച് പോര്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ സംവിധാനങ്ങളുള്ള വിമാനങ്ങളും ചാരവിമാനങ്ങളും എല്ലാം ദൗത്യത്തില്‍ പങ്കാളികളായിരുന്നു. ഇറാന്റെ ആയുധങ്ങളും സൈനിക

ആവശ്യത്തിനായുള്ള ഉപകരണങ്ങളും എല്ലാം തീവ്രവാദികള്‍ക്ക് കൈമാറുന്നത് ഹുദൈദ തുറമുഖം വഴിയായിരുന്നു.

ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഹൂത്തി വിമരുടെ കൈകളിലാണ്. ഇസ്രയേല്‍ ആക്രമിച്ച്ു തകര്‍ത്ത ബാജിലെ കോണ്‍ക്രീറ്റ് ഫാക്ടറി ഹൂത്തി ഭരണകൂടത്തിന്റൈ പ്രധാന സാമ്പത്തിക സ്രോതസായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. തീവ്രവാദികളുടെ തുരങ്കങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ നല്‍കിയിരുന്നത് ഈ ഫാക്ടറിയായിരുന്നു. ഫാക്ടറി മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത് ഹൂത്തികളുടെ സാമ്പത്തിക അടിത്തറക്ക് വലിയ തിരിച്ചടി ആകുമെന്ന കാര്യം ഉറപ്പാണ്.

ഹൂത്തികള്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. നിരന്തരമായി അവര്‍ തങ്ങളുടെ രാജ്യത്തേക്ക് മിസൈലുകളും ഡ്രോണുകളും അയയ്ക്കുകയായിരുന്നു എന്നും സൈനിക വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം യെമനില്‍ ഇസ്രായേല്‍ നടത്തുന്ന ആറാമത്തെ ആക്രമണമാണിത്. ജനുവരിക്ക് ശേഷം ആദ്യത്തേതും.

ഹൂത്തികള്‍ക്കെതിരെ അമേരിക്ക മാസങ്ങള്‍ക്ക് മുമ്പ് ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം ഹൂത്തികള്‍ക്ക്് എതിരെ ആക്രമണം നടത്തുന്നത് ഇസ്രയേല്‍ നിര്‍ത്തി വെച്ചിരുന്നു. അമേരിക്കയുമായി ഏകോപനം നടത്തിയതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ ഇത് സംയുക്താക്രമണം അല്ലായിരുന്നു എന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഹൊദൈദയിലെ കോണ്‍ക്രീറ്റ് ഫാക്ടറിയില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവരാണ് ഓപ്പറേഷന് മേല്‍നോട്ടം വഹിച്ചത്. ഇവര്‍ ടെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ വ്യോമസേനയുടെ ഭൂഗര്‍ഭ ആസ്ഥാനത്തെ ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന് നേര്‍ക്കുള്ള ആക്രമണം തുടരും എന്നാണ് ഹൂത്തി നേതൃത്വം വ്യക്തമാക്കിയത്.

Tags:    

Similar News