'ഗ്രേറ്റര്‍ ബംഗ്ലദേശ് ഭൂപടം' പ്രസിദ്ധീകരിച്ച് തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒ; ബിഹാറും ഒഡീഷയും വടക്ക് കിഴക്കന്‍ മേഖലയും മാപ്പില്‍ ഉള്‍പ്പെടുത്തി പ്രകോപനം; ഇന്ത്യാ വിരുദ്ധത പടര്‍ത്താന്‍ ആസൂത്രിത ശ്രമം; ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി ബംഗ്ലാദേശില്‍ അറസ്റ്റില്‍; ചുമത്തിയത് വധശ്രമ കുറ്റം
ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി ബംഗ്ലാദേശില്‍ അറസ്റ്റില്‍; കുറ്റം വധശ്രമം
ധാക്ക: ഇന്ത്യാ വിരുദ്ധ നടപടികള്‍ തുടര്‍ന്ന് ബംഗ്ലാദേശ്. ബംഗ്ലദേശില്‍ തുര്‍ക്കി പിന്തുണയുള്ള നിരോധിത സംഘടനകളുടെ നേതൃത്വത്തില്‍ ഗ്രേറ്റര്‍ ബംഗ്ലദേശ് ഭൂപടങ്ങള്‍ പ്രചരിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയുടെയും മ്യാന്‍മറിന്റെയും ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് 'ഗ്രേറ്റര്‍ ബംഗ്ലദേശ്' ഭൂപടം ധാക്കയിലും മറ്റും പ്രചരിക്കുന്നത്. തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒ 'സല്‍ത്താനത്ത്-ഇ-ബംഗ്ലാ' യുടെ പേരിലാണ് ധാക്കയില്‍ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
ബംഗ്ലദേശില്‍ തുര്‍ക്കിയുടെ സൈനിക ഇടപെടലും എന്‍ജിഒകളുടെ പ്രവര്‍ത്തനവും വ്യാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രകോപനപരമായ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മ്യാന്‍മറിലെ അരക്കാന്‍ സംസ്ഥാനം എന്നിവ ഉള്‍പ്പെടുന്നതാണ് പുറത്തുവന്ന 'ഗ്രേറ്റര്‍ ബംഗ്ലദേശ്' ഭൂപടം. ധാക്കയിലുടനീളമുള്ള യൂണിവേഴ്‌സിറ്റികളിലും ഈ ഭൂപടം പ്രത്യക്ഷപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഹമദ് യൂനുസ് ഭരണത്തിലെത്തിയതിനു പിന്നാലെ ബംഗ്ലദേശ് സായുധ സേനയ്ക്കിടയില്‍ തുര്‍ക്കി തങ്ങളുടെ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിലെ പ്രമുഖ നടി നസ്രാത് ഫരിയ വധശ്രമക്കേസില്‍ അറസ്റ്റിലായി. ബംഗ്ലാദേശ് വിമോചന നായകന്‍ ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെ പറ്റിയുള്ള ജീവചരിത്ര സിനിമയില്‍ ഷെയ്ഖ് ഹസീനയായി വേഷമിട്ട നടിയാണ് നുസ്രാത് ഫരിയ. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ കേസാണ് നടിക്കെതിരേ ചുമത്തിയത്.
തായ്ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. 31 കാരിയായ നടി നിലവില്‍ ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. 2023ലാണ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി 2023ല്‍ നിര്‍മിച്ച ' മുജിബ്; ദി മേക്കിങ് ഓഫ് എ നേഷന്‍' എന്ന സിനിമയിലാണ് നുസ്രാത് ഫരിയ അഭിനയിച്ചത്. ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത സംരംഭമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്യാം ബെനെഗല്‍ ആയിരുന്നു.
റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ നുസ്രാത് ഫരിയ പിന്നീട് ബംഗാളി സിനിമകളിലും മോഡലിങ്ങിലും ശ്രദ്ധേയയായിരുന്നു. ടെലിവിഷന്‍ അവതാരകയായും തിളങ്ങിയ നടിയായിരുന്നു. ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ ഉ്ത്തരവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്‌ക്കെതിരായി എടുത്ത കേസുകളില്‍ വിധി വരാനിരിക്കെയാണ് അവാമി ലീഗിനെ സര്‍ക്കാര്‍ നിരോധിച്ചത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2024 ജൂലൈയില്‍ നടന്ന പ്രക്ഷോഭത്തിനിടെ 1,400 പേര്‍ മരിച്ചിരുന്നു. പ്രക്ഷോഭത്തെ പട്ടാളത്തെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വിചാരണ നടന്നത്. ഹസീനയ്‌ക്കെതിരെ ധാക്ക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ രാഷ്ട്രീയ അഭയത്തില്‍ തുടരുകയാണ്.
''തിവ്രവാദ വിരുദ്ധ നിയമപ്രകാരം എടുത്ത കേസില്‍ വിധി വരുന്നത് വരെ അവാമി ലീഗിനും നേതാക്കള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയാണ്. സൈബര്‍ ഇടങ്ങളില്‍ അടക്കം നിരോധനം ഉണ്ടായിരിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനോടൊപ്പം കേസിലെ വാദികളെയും സാക്ഷികളെയും സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്'' സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അധികാരികളെ അനുവദിക്കുന്ന രാജ്യത്തെ കുറ്റകൃത്യ ട്രൈബ്യൂണല്‍ നിയമത്തില്‍ ഭേദഗതി വരുത്താനും ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.