ബംഗ്ലാദേശില്‍ ഇസ്‌കോണിനെതിരെ ആക്രമണം തുടരുന്നു; രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു; അന്തരീക്ഷം കലുഷിതമാകവേ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്; ഷേഖ് ഹസീനയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനും വിലക്കിട്ട് ബംഗ്ലാദേശ് കോടതി
ഷേഖ് ഹസീനയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനും വിലക്കിട്ട് ബംഗ്ലാദേശ് കോടതി
ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉടലെടുക്കുന്നത്. ഇന്ത്യയില്‍ അടക്കം പ്രതിഷേധം ഇരമ്പുമ്പോഴും അക്രമണങ്ങള്‍ക്ക് ബംഗ്ലാദേശില്‍ കുറവില്ല. ബംഗ്ലാദേശില്‍ ഇസ്‌കോണിനെതിരെ ആക്രമണം തുടര്‍ക്കഥ ആകുകയാണ്. ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ഈ വിഷയത്തില്‍ വേണ്ടത്ര അന്വേഷണം പോലും നടക്കാത്ത അവസ്ഥയാണുള്ളത്.
ഇതിനിടെ അയല്‍രാജ്യങ്ങള്‍ക്കിടയില്‍ അന്തരീക്ഷം കലുഷിതമാകവേ മറ്റന്നാള്‍ ബംഗ്ലാദേശിലെത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. ബംഗ്ലാദേശില്‍ ഇസ്‌കോണിനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണ്. കഴിഞ്ഞയാഴ്ച ധാക്കയിലെ കേന്ദ്രം തല്ലിതകര്‍ത്തിരുന്നു. ഇന്നലെ രാധാകൃഷ്ണ ക്ഷേത്രത്തിന് തീയിട്ടു. പരാതി നല്‍കിയെങ്കിലും ഒരന്വേഷണവുമില്ലെന്ന് ഇസ്‌കോണ്‍ വ്യക്തമാക്കി. നേരത്തെ നല്‍കിയ പരാതികളിലും ഇടപെടലുണ്ടായിട്ടില്ല.
സന്യാസിമാര്‍ക്ക് നേരെയും ആക്രമണം നടക്കുന്നതിനാല്‍ സ്വയരക്ഷക്കായി മത ചിഹ്നങ്ങളുപേക്ഷിക്കണമെന്ന് ഇസ്‌കോണ്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ ഇസ്‌കോണിനെ നിരോധിക്കാന്‍ നീക്കം നടക്കുന്നുവെന്ന പ്രചാരണം ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതിനിടെ തള്ളി. പ്രശ്‌നം പരിഹാരം എത്രയും വേഗം ഉണ്ടാകണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ചിരുന്നു.
അയല്‍ രാജ്യത്തെ പിണക്കേണ്ടെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. മറ്റന്നാല്‍ ബംഗ്ലാദേശിലെത്തുന്ന വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പ്രശ്‌നപരിഹാരത്തില്‍ ചര്‍ച്ച നടത്തും. ബംഗ്ലാദേശ് വിദേശകാര്യസെക്രട്ടറിയുമായി മിസ്രി കൂടിക്കാഴ്ച നടത്തും. ഷെയ്ക്ക് ഹസീനക്ക് ഇന്ത്യ അഭയം നല്‍കിയതില്‍ ബംഗ്ലാദേശ് കടുത്ത അതൃപ്തിയിലാണ്.
അതേസമയം ഹസീനയുടെ പ്രസംഗങ്ങള്‍ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്നത് ബംഗ്ലാദേശ് പ്രത്യേക ട്രൈബ്യൂണല്‍ നിരോധിച്ചിട്ടുണ്ട്. മുഹമ്മദ് യൂനസിനെതിരെയും ഇടക്കാല സര്‍ക്കാരിനെതിരെയും ശക്തമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീന ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ട്രൈബ്യൂണല്‍ ഉത്തരവ്.
ഷെയ്ഖ് ഹസീന നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് ബംഗ്ലാദേശ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തെ വെര്‍ച്വലായി ഹസീന അഭിസംബോധന ചെയ്തിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന വംശഹത്യയുടെ ഉത്തരവാദിത്വം ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസിനാണെന്ന് ഹസീന പറഞ്ഞിരുന്നു.
ഷെയ്ഖ് ഹസീനയുടെ പ്രസംഗം ഇവര്‍ക്കെക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകനായ ഗോലം മുനവര്‍ ഹുസൈന്‍ തമീമിന്റെ വാദം. പ്രസംഗത്തിന് നിയമനടപടികളെ സ്വാധീനിക്കാന്‍ കഴിയുമെന്നും ഗോലം മുനവര്‍ പറയുന്നു. പ്രസംഗം സംപ്രേഷണം ചെയ്യുന്നത് സാക്ഷികളെ ഭീഷണിപ്പെടുന്നതിന് തുല്യമാണെന്നും, അവരെ ട്രൈബ്യൂണലിലെത്തിച്ച് വിചാരണ നടത്തുന്നതിന് തടസമാകുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഷെയ്ഖ് ഹസീന അടുത്തിടെ നടത്തിയതും, മുന്‍പ് നടത്തിയതുമായ എല്ലാ പ്രസംഗങ്ങളും നിരോധിച്ച് ബംഗ്ലാദേശ് കോടതി ഉത്തരവിറക്കിയത്.