'ഉസ്മാന്‍ ഹാദിയുടെ പാത പിന്തുടരും; നിങ്ങളെ ആരും ഒരിക്കലും മറക്കില്ല, നിങ്ങളുടെ മന്ത്രം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങള്‍ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും'; കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുള്ള നേതാവിനെ അനുസ്മരിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്'; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്കു കടന്നെന്ന പ്രചരണത്തെ ചൊല്ലി നയതന്ത്ര തലത്തിലും ഉരസലുകള്‍
'ഉസ്മാന്‍ ഹാദിയുടെ പാത പിന്തുടരും; നിങ്ങളെ ആരും ഒരിക്കലും മറക്കില്ല, നിങ്ങളുടെ മന്ത്രം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങള്‍ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും'
ധാക്ക: കഴിഞ്ഞയാഴ്ച അക്രമികളുടെ വെടിയേറ്റ് മരിച്ച തീവ്രനിലപാടുകാരനായ ഷരീഫ് ഉസ്മാന്‍ ഹാദിയുടെ ആദര്‍ശങ്ങള്‍ പിന്തുടരുമെന്ന് പ്രഖ്യാപിച്ചു ബംഗ്ലാദേശ് ഭരണാധികാരി മുഹമ്മദ് യൂനുസ്. ശനിയാഴ്ച ഹാദിയുടെ സംസ്‌കാര ചടങ്ങിലെത്തിയ ആയിരക്കണക്കിന് പേരുടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത യൂനുസ്, ഹാദിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും അത് തലമുറകളിലേക്ക് എത്തിക്കുമെന്നും ഉറപ്പുനല്‍കി. കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുള്ള ഉസ്മാന്‍ ഹാദിയോടുള്ള യൂനുസ് സര്‍ക്കാറിന്റെ സമീപനം കരുതലോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.
ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊമ്ട് മുഹമ്മദ് യൂനുസ് ഹാദിയെ പുകഴ്ത്തി കൊണ്ടാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:
''പ്രിയപ്പെട്ട ഉസ്മാന്‍ ഹാദി, ഞങ്ങള്‍ ഇവിടെ വന്നത് നിങ്ങളോടു വിട പറയാനല്ല. നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളിലാണ്. ബംഗ്ലദേശ് നിലനില്‍ക്കുന്നിടത്തോളം കാലം, നിങ്ങള്‍ എല്ലാ ബംഗ്ലദേശികളുടെയും ഹൃദയങ്ങളില്‍ ഉണ്ടാകും. അവിടെനിന്നു നിങ്ങളെ നീക്കം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നു, തിരമാലകള്‍ പോലെ അവര്‍ വന്നുകൊണ്ടിരിക്കുന്നു.
അതേസമയം, ബംഗ്ലദേശിലുടനീളമുള്ള കോടിക്കണക്കിനു ജനങ്ങളും വിദേശത്ത് താമസിക്കുന്ന ബംഗ്ലദേശികളും ഹാദിയെക്കുറിച്ചു കേള്‍ക്കാന്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്'' - യൂനുസിനെ ഉദ്ധരിച്ച് ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
''ഈ ഒത്തുചേരല്‍ ഒരു വിടവാങ്ങലല്ല, മറിച്ച് ഒരു പ്രതിജ്ഞയാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു വാഗ്ദാനം നല്‍കാനാണ് വന്നിരിക്കുന്നത് - നിങ്ങള്‍ ഞങ്ങളോട് പറഞ്ഞത് ഞങ്ങള്‍ നിറവേറ്റും. ഞങ്ങള്‍ മാത്രമല്ല, ബംഗ്ലദേശിലെ തലമുറകള്‍ ഈ വാഗ്ദാനം നിറവേറ്റും. മനുഷ്യരാശിയോടുള്ള നിങ്ങളുടെ സ്‌നേഹം, നിങ്ങളുടെ ജീവിതരീതിയും ആളുകളുമായി ഇടപഴകുന്ന രീതിയും, നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടും എല്ലാവരാലും പ്രശംസിക്കപ്പെടുന്നു. ഞങ്ങള്‍ അവയെല്ലാം സ്വീകരിക്കുന്നു. ഈ രാജ്യം ഒരിക്കലും മറക്കാത്ത ഒരു മന്ത്രം നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അത് എന്നും ഞങ്ങളുടെ കാതുകളില്‍ അലയടിക്കും. ഈ മന്ത്രം ഉപയോഗിച്ച് ഞാനും എല്ലാ ബംഗ്ലദേശികളും പ്രവൃത്തിയിലൂടെ സ്വയം തെളിയിക്കും. ഞങ്ങള്‍ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും. ഞങ്ങള്‍ ആരുടെ മുന്നിലും തല കുനിക്കില്ല.
നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചു, അതിലൂടെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് നിങ്ങള്‍ ഞങ്ങളെ കാണിച്ചുതന്നു. നിങ്ങള്‍ ഞങ്ങളെ എല്ലാം പഠിപ്പിച്ചു, ആ പാഠങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ നഷ്ടപ്പെടില്ല. നിങ്ങളെ ആരും ഒരിക്കലും മറക്കില്ല. നിങ്ങളുടെ മന്ത്രം വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങള്‍ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ 2024 ലെ ബംഗ്ലദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണു ഉസ്മാന്‍ ഹാദി പ്രശസ്തനായത്. കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനിടെയാണു ഹാദിക്ക് വെടിയേറ്റത്. തുടര്‍ന്ന് സിംഗപ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു.
അതേസമയം ഹാദിയുടെ മരണത്തെ തുടര്‍ന്ന് ഇന്ത്യാ വിരുദ്ധ പ്രചരണങ്ങള്‍ ശക്തമാകുന്നുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ ഹസീന പ്രവാസത്തില്‍ കഴിയുന്ന ഇന്ത്യയിലേക്കു കടന്നിരിക്കാമെന്നു പൊലീസ് അറിയിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ബംഗ്ലദേശ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ബംഗ്ലദേശും ഇന്ത്യന്‍ സ്ഥാനപതിയെയും വിളിച്ചുവരുത്തിയിരുന്നു.
ഹാദിയുടെ മരണത്തിന് തൊട്ടുപിന്നാലെ, കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനുപേര്‍ ധാക്കയിലെയും മറ്റ് നഗരങ്ങളിലെയും തെരുവുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രതിഷേധങ്ങള്‍ താമസിയാതെ അക്രമാസക്തമാകുയായിരുന്നു.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗ്രേറ്റര്‍ ബംഗ്ലദേശിന്റെ ഭൂപടങ്ങള്‍ ഹാദി പലപ്പോഴും പ്രചരിപ്പിച്ചിരുന്നു. ഹാദിയെ വെടിവച്ച അക്രമിയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ടാക്ക ( 42,000 ഡോളര്‍) പാരിതോഷികം ഇടക്കാല സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
വിദ്യാര്‍ഥി സംഘടനയായ ഇന്‍ക്വിലാബ് മഞ്ചിന്റെ നേതൃത്വം വഹിച്ചയാളാണ് കൊല്ലപ്പെട്ട ഹാദി. ബംഗ്ലദേശില്‍ വര്‍ഷങ്ങളായി ഭരണം തുടര്‍ന്ന കരുത്തുറ്റ അവാമി ലീഗ് സര്‍ക്കാരിനെ കടപുഴക്കിയ 2024ലെ ജൂലൈ പ്രക്ഷോഭത്തിന്റെ അമരക്കാരന്‍ ഡിസംബര്‍ 12 ന് ധാക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തവേയാണ് ആക്രമിക്കപ്പെട്ടത്.
ഇലക്ട്രിക് ഓട്ടോയില്‍ സഞ്ചരിച്ച ഹാദിയെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അക്രമിയാണ് വെടിയുതിര്‍ത്തത്. ഹാദിയുടെ തലയ്ക്കാണ് വെടിയേറ്റത്. തുടര്‍ന്ന് ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹാദിയ്ക്ക് സര്‍ജറി നടത്തിയിരുന്നു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി. എന്നാല്‍ മികച്ച ചികിത്സ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി ഹാദിയുടെ മരണം സ്ഥിരീകരിച്ചു.
