ട്രംപിന് സഹായങ്ങളുമായി മസ്‌ക്ക് നിലയുറപ്പിച്ചപ്പോള്‍ മറുവശത്തും നീക്കം; ട്രംപിന്റെ വരവില്‍ ആശങ്കയെന്ന് ബില്‍ഗേറ്റ്‌സ്; കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു; ലോക ജനതക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്ന് ബില്‍ ഗേറ്റ്‌സ്
ലോക ജനതക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്ന് ബില്‍ ഗേറ്റ്‌സ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരം മുറുകുകയാണ്. വോട്ടെടുപ്പിന് കുറച്ചു ദിവസങ്ങള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇക്കുറി ഇരുചേരികളിലുമായി കോടീശ്വരന്‍മാര്‍ അണിനിരക്കുന്ന അവസ്ഥയുമുണ്ട്. ട്രംപിന് പിന്തുണയുമായി മസ്‌ക്ക് രംഗത്തുവന്നപ്പോള്‍ മറുവശത്ത് ബില്‍ ഗേറ്റ്‌സ് കമല ഹാരീസിനായി രംഗത്തുവന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട് ബില്‍ ഗേറ്റ്‌സ്.
കമലയെ പിന്തുണക്കുന്ന സംഘടനക്കാണ് സംഭാവനയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യമായി കമല ഹാരിസിനെ പിന്തുണച്ച് ബില്‍ഗേറ്റ്‌സ് രംഗത്തെത്തിയിട്ടില്ലെങ്കിലും ഡോണാള്‍ഡ് ട്രംപിനോട് അദ്ദേഹത്തിന് കടുത്ത എതിര്‍പ്പിട്ടുണ്ട്. സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ ഡോണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റാവുന്നതിലെ ആശങ്ക ബില്‍ഗേറ്റ്‌സ് പ്രകടിപ്പിച്ചുവെന്നാണ് സൂചന. ബില്‍ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബില്‍&മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ട്രംപ് അധികാരത്തിലെത്തുന്നതില്‍ ആശങ്കയുണ്ട്. കുടുംബാസൂത്രണം, ആരോഗ്യപദ്ധതികള്‍ എന്നിവയിലെല്ലാം ട്രംപിന്റെ നയങ്ങളില്‍ ഫൗണ്ടേഷന് ആശങ്കയുണ്ട്.
ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നവര്‍ക്കും ദാരിദ്ര്യം, കാലാവസ്ഥ മാറ്റം എന്നിവക്കെതിരെ പോരാടുന്നവര്‍ക്കുമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ടെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് തനിക്ക് പരിചയമുണ്ട്. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. അമേരിക്കക്കും ലോകത്തെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കുമെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു.
ഇതുവരെ ശതകോടീശ്വരരായ 81 പേരാണ് കമല ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍, ശതകോടീശ്വരില്‍ ഒരാളായ ഇലോണ്‍ മസ്‌ക് ഡോണാള്‍ഡ് ട്രംപിനെയാണ് പിന്തുണക്കുന്നത്. ട്രംപിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനതുകയൊക്കെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ട്രംപിനുമാത്രമേ കഴിയൂ എന്നാണ് മസ്‌കിന്റെ വാദം. ഡെമോക്രാറ്റുകള്‍ ജയിച്ചാല്‍ അഭിപ്രായസ്വാതന്ത്ര്യംമുതല്‍ ആയുധസ്വാതന്ത്ര്യംവരെ നിഷേധിക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പ്രചാരണം. ജൂലായില്‍ ട്രംപിനു വെടിയേറ്റ പെന്‍സില്‍വേനിയയിലെ ബട്ലറില്‍ ഒക്ടോബര്‍ അഞ്ചിന് ഇരുവരും ഒന്നിച്ചെത്തി.
ഇരുപാര്‍ട്ടിക്കും തുല്യബലാബലമുള്ള, വോട്ടര്‍മാര്‍ ഏതുപക്ഷത്തേക്കു ചായുമെന്നു നിശ്ചയമില്ലാത്ത സംസ്ഥാനങ്ങളിലൊന്നായ (സ്വിങ് സ്റ്റേറ്റ്) പെന്‍സില്‍വേനിയ കേന്ദ്രീകരിച്ചാണ് ട്രംപിനായുള്ള മസ്‌കിന്റെ പ്രവര്‍ത്തനം. ആധുനിക അമേരിക്കയുടെ തിരഞ്ഞെടുപ്പുചരിത്രത്തില്‍ ഒരു കോടീശ്വരനും ഏതെങ്കിലും സ്ഥാനാര്‍ഥിക്കുവേണ്ടി ഇത്ര പരസ്യമായി രംഗത്തിറങ്ങി പ്രവര്‍ത്തിച്ചിട്ടില്ല.
ലോകത്തെ ഒന്നാംനമ്പര്‍ കോടീശ്വരനാണ് ടെസ്ല, സ്പെയ്സ് എക്‌സ്, എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയായ മസ്‌ക്. 26,900 കോടി ഡോളറിന്റെ (22.58 ലക്ഷം കോടി രൂപ) ആസ്തി. എക്‌സില്‍ 20.1 കോടി ഫോളോവേഴ്സ്. ട്രംപ് ആദ്യവധശ്രമത്തെ അതിജീവിച്ച ജൂലായ് 13-നാണ് മസ്‌ക് അദ്ദേഹത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. അതില്‍പ്പിന്നെ ഒക്ടോബര്‍ 11 വരെ 109 തവണ ട്രംപിനായി അദ്ദേഹം പോസ്റ്റിട്ടു. ട്രംപിനെ ജയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വമ്പന്‍ രാഷ്ട്രീയകര്‍മസമിതിയുമുണ്ടാക്കി. അമേരിക്ക പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (അമേരിക്ക പി.എ.സി.) എന്നാണ് അതിനുപേര്. ഈ കര്‍മസമിതി എട്ടുകോടി ഡോളര്‍ (673.09 കോടി രൂപ) ചെലവിട്ടുകഴിഞ്ഞു.
ട്രംപിനു വോട്ടുപിടിക്കാന്‍ പുതിയൊരു തന്ത്രവും ഇറക്കിയിട്ടുണ്ട് മസ്‌ക്. സ്വിങ് സ്റ്റേറ്റില്‍ രജിസ്റ്റര്‍ചെയ്ത ഒരു വോട്ടറെക്കൊണ്ട് രണ്ടു പെറ്റീഷനുകളില്‍ ഒപ്പിടീക്കുന്നയാള്‍ക്ക് 47 ഡോളര്‍ പാരിതോഷികം. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ഒന്നാം ഭേദഗതി, തോക്ക് കൈവശംവെക്കാന്‍ അവകാശംനല്‍കുന്ന രണ്ടാംഭേദഗതി എന്നിവയ്ക്കുള്ള പെറ്റീഷനാണിത്. നേരിട്ടു പണംനല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് നിയമവിരുദ്ധമായതിനാലാണ് ഈ വളഞ്ഞവഴിയെന്നാണ് വിലയിരുത്തല്‍.