വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദികളുടേതല്ല; അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്ന് ഇസ്രായേലിന്റെ കുറ്റപ്പെടുത്തല്‍; ഗുരുതര കരാര്‍ ലംഘനമെന്നും വാദം; ആരോപണത്തോട് പ്രതികരിക്കാതെ ഹമാസ്

ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദികളുടേതല്ല;

Update: 2025-02-21 06:54 GMT

ടെല്‍ അവീവ്: ഇസ്രയേലുമായുളള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് ഇന്നലെ കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേല്‍ സൈന്യം. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് കടന്നു കയറി ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ബിബാസ് കുടുംബത്തിലെ 33 കാരിയായ ഷിറി ബിബാസിന്റേത് എന്ന് അവകാശപ്പെട്ട് ഹമാസ് തിരികെയെത്തിച്ച മൃതദേഹം അവരുടേതല്ലെന്ന് പരിശോധനയിലാണ് വ്യക്തമാക്കിയത്.

മറ്റ് ബന്ദികളുടെ സാമ്പിളുകളുമായും ഈ മൃതദേഹം യോജിക്കുന്നില്ല. അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്നാണ് ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നത്. ഹമാസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഉണ്ടായത് ഗുരുതരമായ കരാര്‍ലംഘനം ആണെന്നും മറ്റ് ബന്ദികള്‍ക്കൊപ്പം ഷിറിയുടെ മൃതദേഹവും ഉടന്‍ കൈമാറണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹമാസ് ഇക്കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ഇന്നലെ കൈമാറിയ നാല് മൃതദേഹങ്ങളില്‍ രണ്ടെണ്ണം ഏരിയലിന്റെ മക്കളായ കെഫിറിന്റെയും ഏരിയലിന്റേതുമായിരുന്നു.

2023 ല്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ കെഫിറിന് പ്രായം 9 മാസവും ഏരിയലിന് നാല് വയസുമായിരുന്നു. ഹമാസ് ഭീകരര്‍ ക്രൂരമായിട്ടാണ്

ഇവരെ കൊലപ്പെടുത്തിയത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. എന്നാല്‍ ഹമാസ് പറയുന്നത് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ്. ഹമാസ് ബന്ദിയാക്കിയിരുന്ന ഷിറിയുടെ ഭര്‍ത്താവ് യാര്‍ദെനെ ഈയിടെ ഹമാസ് വിട്ടയച്ചിരുന്നു. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികളാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.

2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇതാദ്യമായിട്ടാണ് ഇത്തരമൊരു മൃതദേഹ കൈമാറ്റം നടക്കുന്നത്. മൃതദേഹങ്ങളുടെ കൈമാറ്റം നടക്കുന്നത് കാണാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഇവരെ ഒരു വേലിക്കെട്ടിനകത്താണ് നിര്‍ത്തിയത്. മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറുന്നതിന് മുന്നോടിയായി ഹമാസ് നാല് ശവപ്പെട്ടികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ഇതിലോരോന്നിലും മരിച്ചയാളുകളുടെ ചിത്രം ഉണ്ടായിരുന്നു.

'അവര്‍ യുഎസ്എ ബോംബുകളാല്‍ കൊല്ലപ്പെട്ടു' എന്ന് രേഖപ്പെടുത്തിയ വെളുത്ത മിസൈല്‍ രൂപങ്ങളും ശവപ്പെട്ടികള്‍ക്ക് സമീപം സ്ഥാപിച്ചിരുന്നു. ബന്ദികളുടെ മൃതദേഹങ്ങള്‍ സ്വീകരിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ബന്ദികളുടെ മൃതദേഹങ്ങള്‍ ഗാസയിലെ ഐഡിഎഫ്, ഐഎസ്എ പ്രതിനിധികള്‍ക്ക് കൈമാറിയെന്ന് സൈനിക വക്താവ് പ്രതികരിച്ചു. മൃതദേഹങ്ങള്‍ സ്വീകരിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചു. അബുകബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് മൃതദേഹ പരിശോധന നടത്തിയത്.

Tags:    

Similar News