കാനഡയ്ക്ക് താരിഫ് പണി തന്നെ ട്രംപിന് മറുപണി! അമേരിക്കന്‍ കമ്പ്യൂട്ടറുകളുടെയും സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെയും ഇറക്കുമതി ലക്ഷ്യമിട്ട് 21 ബില്യണ്‍ ഡോളറിന്റെ പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചു കാനഡ; പരസ്പ്പര താരിഫുകള്‍ ബാധിക്കുക സാധാരണക്കാരായ ജനങ്ങളെ

കാനഡയ്ക്ക് താരിഫ് പണി തന്നെ ട്രംപിന് മറുപണി!

Update: 2025-03-13 05:48 GMT

ഒട്ടാവ: അമേരിക്കന്‍ കമ്പ്യൂട്ടറുകളുടെയും സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെയും ഇറക്കുമതി ലക്ഷ്യമിട്ട് കാനഡ 21 ബില്യണ്‍ ഡോളറിന്റെ പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചു. അമേരിക്കയും കാനഡയുമായി ഈയിടെയായി വര്‍ദ്ധിച്ചു വരുന്ന വ്യാപാര യുദ്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ വര്‍ദ്ധനയാണ് ഇത്. കാനഡയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം തീരുവ യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത് പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കാനഡയുടെ പുതിയ നീക്കം.

അമേരിക്ക കാനഡയില്‍ നിന്നാണ് ഏറ്റവുമധികം സ്റ്റീലും അലുമിനിയവും ഇറക്കുമതി ചെയ്യുന്നത്. പുതിയ താരിഫുകള്‍ ബാധിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ കമ്പ്യൂട്ടറുകള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കാസ്റ്റ് ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് കനേഡിയന്‍ ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഡോളറിന് ഡോളര്‍ എന്ന സമീപനം പിന്തുടരുന്ന കാനഡ സര്‍ക്കാര്‍, 2025 മാര്‍ച്ച് 13 പുലര്‍ച്ചെ 12:01 മുതല്‍ അമേരിക്കയില്‍ നിന്നുള്ള 29.8 ബില്യണ്‍ ഡോളര്‍ അധിക ഇറക്കുമതിക്ക് 25 ശതമാനം പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്നതായി ലെബ്ലാങ്ക് പ്രഖ്യാപിച്ചു.

ഇതില്‍ 12.6 ബില്യണ്‍ മൂല്യമുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും 3ബില്യണ്‍ ഡോളര്‍മൂല്യമുള്ള അലുമിനിയം ഉല്‍പ്പന്നങ്ങളും 14.2 ബില്യണ്‍ മൂല്യമുള്ള അധിക ഇറക്കുമതി ചെയ്ത യുഎസ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. അമേരിക്ക് നല്‍കുന്ന വൈദ്യുതിക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്തിയ കാനഡയുടെ നടപടി ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കാനഡയുടെ ഈ നടപടിക്ക് വലിയ വില നല്‍കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

തുടര്‍ന്ന് വടക്കന്‍ സംസ്ഥാനങ്ങളായ മിഷിഗണ്‍, ന്യൂയോര്‍ക്ക്, മിനസോട്ട എന്നിവയ്ക്ക് വിതരണം ചെയ്യുന്ന കനേഡിയന്‍ വൈദ്യുതിയുടെ 25 ശതമാനം താരിഫ് റദ്ദാക്കുന്നതായി കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ ഗവര്‍ണര്‍ ഡഗ് ഫോര്‍ഡ് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കാനഡ നിലപാട് മാറ്റിയ സാഹചര്യത്തില്‍ അവിടെ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയുടെ താരിഫ് 50 ശതമാനമായി ഇരട്ടിയാക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

അതായത് അവ 25 ശതമാനത്തില്‍ തന്നെ തുടരും. നേരത്തേ കാനഡക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ക്ക് തിരിച്ചടിയായിട്ടാണ് വൈദ്യുതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയത്. അതിനിടയിലും വീണ്ടും കാനഡ അമേരിക്കയുടെ അമ്പത്തി ഒന്നാമത്തെ സംസ്ഥാനമാകണം എന്ന ആവശ്യം ട്രംപ് മുന്നോട്ട് വെച്ചു. അങ്ങനെ ചെയ്താല്‍ പിന്നെ അതിര്‍ത്തി പ്രശ്നമൊന്നും ഉണ്ടാകില്ലെന്നും ട്രംപ് കളിയാക്കി.

Tags:    

Similar News