ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വയറ്റത്തടിച്ച് കാനഡ; എളുപ്പത്തില്‍ വിദ്യാര്‍ഥി വിസ കിട്ടുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസ പദ്ധതി നിര്‍ത്തലാക്കി ട്രൂഡോ സര്‍ക്കാരിന്റെ ഇരുട്ടടി; നാടകീയ നയംമാറ്റം കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍; തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി തിരിച്ചുപിടിക്കാന്‍ നെട്ടോട്ടം

കാനഡ സര്‍ക്കാര്‍ വിദ്യാര്‍ഥി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

Update: 2024-11-09 12:06 GMT

ന്യൂഡല്‍ഹി: കാനഡ സര്‍ക്കാര്‍ വിദ്യാര്‍ഥി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം( എസ് ഡി എസ്) വിസ പദ്ധതി നിര്‍ത്തലാക്കി. വിഭവക്ഷാമവും പാര്‍പ്പിട പ്രശ്‌നവുമാണ് പ്രധാന കാരണങ്ങള്‍

2018 ലാണ് കാനഡയിലെ കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വിഷയങ്ങള്‍ക്കായുള്ള ഐ ആര്‍ സി സിയെ 14 രാജ്യങ്ങളിലെ അന്താരാഷ്ട്ര പഠിതാക്കളുടെ പെര്‍മിറ്റ് അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ചുമതലപ്പെടുത്തിയത്. ഇക്കൂട്ടത്തില്‍, ബ്രസീല്‍, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ന്ത്യ, മൊറോക്കോ, പാകിസ്ഥാന്‍, പെറു, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നിവ ഉള്‍പ്പെടുന്നു.

എല്ലാ പഠിതാക്കള്‍ക്കും, തുല്യവും ന്യായവുമായ രീതിയില്‍ അപേക്ഷ നല്‍കാനാണ് എസ് ഡി എസ് വിസ നിര്‍ത്തലാക്കിയതെന്ന് കാനഡ സര്‍്ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നു. നവംബര്‍ 8 ന് രണ്ടുണി വരെ പദ്ധതിക്ക് കീഴില്‍ കിട്ടിയ അപേക്ഷകള്‍ എസ്ഡിഎസ് വഴി തീര്‍പ്പാക്കും. സമയപരിധിക്ക് ശേഷം കിട്ടിയ എല്ലാ അപേക്ഷകളും റെഗുലര്‍ സ്റ്റഡി പെര്‍മിറ്റ് സ്ട്രീം പ്രകാരം പരിശോധിച്ച് തീരുമാനമെടുക്കും.

വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. എസ്ഡിഎസ് അപേക്ഷകരില്‍ വിസ ലഭിക്കാനുള്ള സാധ്യത 63% ആണ്. അല്ലാത്തവര്‍ക്ക് 19% ഉം. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പില്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തി. ഇനി മുതല്‍ വിസ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം എടുക്കും.

ജനപ്രീതിയില്‍ പിന്നോക്കം നില്‍ക്കുന്ന ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നാടകീയമായ നയം മാറ്റമാണ് വരുത്തിയത്. കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. പാര്‍പ്പിട പ്രതിസന്ധി, ജീവിത ചെലവിലെ വര്‍ദ്ധന, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ കാരണം കുടിയേറ്റക്കാര്‍ക്കെതിരായ വികാരം കാനഡയില്‍ സജീവമാണ്. 2025 ഒക്‌ടോബറില്‍, ഫെഡറല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കുടിയേറ്റ വിഷയം സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. കാനഡയില്‍ ആവശ്യത്തിലധികം കുടിയേറ്റക്കാര്‍ ഉണ്ടെന്ന പൊതുവികാരമാണ് അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.

Tags:    

Similar News