ഇന്ത്യയെ ചൊറിഞ്ഞ് ജസ്റ്റിന്‍ ട്രൂഡോക്ക് കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു; സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നം പൊതുജനങ്ങളില്‍ നിന്നും രാജിക്കായി സമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ഉടന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഗത്യന്തരമില്ലാതെ ട്രൂഡോ പുറത്തേക്ക്

Update: 2025-01-06 06:27 GMT

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉടന്‍ രാജി വെയ്ക്കും. ഈയാഴ്ച തന്നെ ട്രൂഡോയുടെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയും ജനങ്ങളും നിരന്തരമായി ട്രൂഡോയുടെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ട്രൂഡോ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനായത്. ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടാകാനും സാധ്യതയുണ്ട്. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടിയുടെ ഉന്നതതല യോഗം ചേരുകയാണ്. ചിലപ്പോള്‍ അതിന് മുമ്പ് തന്നെ രാജി വെയ്ക്കാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വന്തം പാര്‍ട്ടി പോലും തന്നോട് ഒപ്പമില്ലന്ന് മനസിലാക്കിയ ട്രൂഡോ വേറേ പോംവഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജി വെയ്ക്കുന്നത്. ലിബറല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചാല്‍ പകരം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ തുടരാന്‍ അനുവദിക്കുമോ എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. നേരത്തേ ഉപപ്രധാനമന്ത്രിയായിരുന്ന ക്രിസ്റ്റിയാ ഫ്രീലാന്‍ഡ് ട്രൂഡോയുായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് രാജി വെച്ചിരുന്നു.

രാജ്യത്ത് പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ട്രൂഡോക്ക് വീഴ്ച സംഭവിച്ചതായി രാജിെേ വച്ചതിന് ശേഷം ക്രിസ്റ്റിയാ ഫ്രീലാന്‍ഡ് ആരോപിച്ചിരുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജസ്റ്റിന്‍ ട്രൂഡോ പടിഞ്ഞാറന്‍ കാനഡയിലെ ഒരു സ്‌കീ റിസോര്‍ട്ടില്‍ അവധി ദിവസങ്ങളില്‍ അധികവും ചെലവഴിച്ചിരിക്കുകയാണെന്നും ഇക്കാലയളവില്‍ ഒന്നും ഔദ്യോഗിക പരിപടികള്‍ ഒന്നും തന്നെ ആസൂത്രണം ചെയ്യുന്നില്ലെന്നും ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോ പൊതുജീവിതം എപ്പോള്‍ അവസാനിക്കുമെന്നതിനെ കുറിച്ച് കൃത്യമായ ഒരു വിവരം പുറത്തുവന്നിട്ടില്ല.

അതേസമയം, വോട്ടിങ് ശതമാനം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രാജിവയ്ക്കാന്‍ ട്രൂഡോയ്ക്ക് മേല്‍ സമ്മര്‍ദ്ദം നല്‍കുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ നടത്തിയ സമീപകാല നാനോസ് റിസര്‍ച്ച് സര്‍വേയില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന നേട്ടത്തെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ പ്രധാനമന്ത്രിയുടെ ഹോം പ്രവിശ്യയായ ക്യൂബെക്കില്‍ നിന്നുള്ള ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രാജിവെക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റ നയത്തില്‍ തന്റെ സര്‍ക്കാരിന് തെറ്റുപറ്റിയെന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആ നയങ്ങളുടെ മറപറ്റി, വ്യാജകോളേജുകളും വന്‍കിട കമ്പനികളും അവരവരുടെ നിക്ഷിപ്തതാത്പര്യങ്ങള്‍ക്കുവേണ്ടി കുടിയേറ്റസംവിധാനത്തെ ചൂഷണം ചെയ്യുന്നസ്ഥിതിയുണ്ടായെന്ന് ട്രൂഡോ വ്യക്തമാക്കി. 2025 ആദ്യം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കും വന്‍തിരിച്ചടി നേരിടുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.

കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ, രാജ്യത്തെ ജനസംഖ്യ അതിവേഗം വളര്‍ന്നെന്നു പറഞ്ഞ, ട്രൂഡോ വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്നും വ്യക്തമാക്കി. കുടിയേറ്റക്കാര്‍ കൂടിയത് ഭവനപ്രതിസന്ധിയും പണപ്പെരുപ്പവുമുണ്ടാക്കിയെന്നും രാജ്യത്തെ ആരോഗ്യ, ഗതാഗത സംവിധാനങ്ങള്‍ മോശമാക്കിയെന്നുമാണ് ആരോപണം. അടുത്തകൊല്ലമാകുമ്പോഴേക്കും കുടിയേറ്റം 20 ശതമാനം കുറയ്ക്കുമെന്ന് കാനഡയുടെ കുടിയേറ്റകാര്യമന്ത്രി മാര്‍ക് മില്ലര്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഇക്കൊല്ലം 4.85 ലക്ഷം വിദേശികള്‍ക്ക് കാനഡ സ്ഥിരതാമസത്തിന് അനുമതി നല്‍കുമെന്നാണ് കരുതുന്നത്. അടുത്തകൊല്ലം അത് 3.95 ലക്ഷമാക്കി കുറയ്ക്കും.

Tags:    

Similar News