2022ല്‍ ട്രംപായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ യുക്രെയ്ന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു; മോശം സാഹചര്യത്തിലൂടെ കടന്നു പോയ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും നല്ല നിലയിലെത്തിയിരിക്കയാണ്; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന് ആത്മര്‍ഥ ശ്രമം; ട്രംപിന് പുടിന്റെ പുകഴ്ത്തല്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ലെന്ന് സെലന്‍സ്‌കിയും

2022ല്‍ ട്രംപായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ യുക്രെയ്ന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു

Update: 2025-08-16 04:20 GMT

വാഷിങ്ടണ്‍: അലാസ്‌ക്കയിലെ കൂടിക്കാഴ്ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് പുടിന്‍. 2022ലേ ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായിരുന്നെങ്കില്‍ യുക്രെയ്‌നുമായി യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായി പുടിന്‍ - ട്രംപ് കൂടിക്കാഴ്ച അലാസ്‌കയില്‍ നടന്നപ്പോഴായിരുന്നു പുടിന്റെ പരാമര്‍ശം. മോശം സാഹചര്യത്തിലൂടെ കടന്നു പോയ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും നല്ല നിലയിലെത്തിയിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ യാതൊരു തീരുമാനവുമാകാതെയാണ് ഇരുരാഷ്ട്രങ്ങളുടെയും തലവന്‍മാര്‍ പിരിഞ്ഞത്. 1945നു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധം ഇന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അലാസ്‌ക കൂടിക്കാഴ്ചചയില്‍ യുക്രെയ്ന്‍ ആയിരുന്നു പ്രാധാന ചര്‍ച്ചാ വിഷയമെന്ന് പറഞ്ഞ പുടിന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന്റെ ആത്മാര്‍ഥമായ താല്‍പ്പര്യത്തെ പ്രശംസിക്കുകയും ചെയ്തു. യുദ്ധത്തിന്റെ എല്ലാ മൂല കാരണങ്ങളും ഇല്ലാതാക്കണമെന്നും റഷ്യയുടെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നും പുടിന്‍ പറഞ്ഞു.

യുക്രെയ്‌നിന്റെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ട്രംപിന്റെ ആവശ്യത്തെ തങ്ങള്‍ അനുകൂലിക്കുന്നു. പരസ്പര ധാരണയിലെത്തുന്നത് യുക്രെയ്‌നില്‍ സമാധാനം കൊണ്ടു വരാന്‍ സഹായിക്കുമെന്ന് പുടിന്‍ പറഞ്ഞു. അടുത്ത തവണ റഷ്യയില്‍ കാണാമെന്നു പറഞ്ഞാണ് ഇരുവരും അലാസ്‌കയിലെ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

അതേസമയം റഷ്യയ്ക്ക് യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ താല്പര്യമില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്ന ദിവസത്തില്‍ പോലും റഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയ്ക്ക് ഉദ്ദേശമില്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും സെലെന്‍സ്‌കി പറഞ്ഞു. ഉന്നതതല ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യ കൊന്നുകൊണ്ടിരിക്കുകയാണ് ഇത് വളരെയേറെ കാര്യങ്ങളാണ് നമ്മോട് പറയുന്നതെന്നാണ് സെലന്‍സ്‌കി എക്സില്‍ പങ്കുവെച്ച വീഡിയോവില്‍ പറഞ്ഞത്.

യുദ്ധത്തിന്റെ ന്യായമായ ഒരു അന്ത്യത്തിനായി യുക്രൈന്‍ വാഷിംഗ്ടണുമായും യൂറോപ്യന്‍ സ്യകക്ഷികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കഴിയുന്നത്ര പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, അമേരിക്കയില്‍ നിന്ന് ശക്തമായ ഒരു നിലപാട് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News