'നമ്മള്‍ ചര്‍ച്ചാ മേശയിലില്ലെങ്കില്‍ മറ്റുള്ളവരുടെ 'മെനുവില്‍' വിഭവമാകും! ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും തുറന്നടിച്ച് മാര്‍ക്ക് കാര്‍ണി; ട്രംപിനെതിരെ പടയൊരുക്കി കാനഡ പ്രധാനമന്ത്രി; കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടെന്ന് തിരിച്ചടിച്ച് ട്രംപും; ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്‍

ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്‍

Update: 2026-01-21 16:55 GMT

ഡാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോക നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരിക്കുകയാണ്. സ്വിസ് റിസോര്‍ട്ട് നഗരമായ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ചാണ്, അമേരിക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയത്. ട്രംപിന്റെ നടപടികള്‍ നിലവിലുള്ള ലോകക്രമത്തില്‍ 'ഒരു വിള്ളലുണ്ടാക്കുന്നു' എന്ന കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ തകര്‍പ്പന്‍ പ്രസംഗം വൈറലാണ്.

ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍, ആവശ്യമെങ്കില്‍ ബലപ്രയോഗം നടത്തുമെന്ന ട്രംപിന്റെ ഭീഷണി യൂറോപ്യന്‍ സഖ്യകക്ഷികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. വിദേശനയ ലക്ഷ്യങ്ങള്‍ നേടാന്‍ ബലപ്രയോഗം ഉപയോഗിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരെ അവര്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തി. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയെ എതിര്‍ക്കുകയാണെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൈനിക ശക്തി ഉപയോഗിച്ച് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ താന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉച്ചകോടിയില്‍ വ്യക്തമാക്കിയ ട്രംപ് അമേരിക്കയുടെ കരുത്ത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന മുന്നറിയിപ്പും നല്‍കി. 'ഉടമസ്ഥാവകാശം ഇല്ലാതെ ഒരു പ്രദേശം സംരക്ഷിക്കാന്‍ കഴിയില്ല' എന്ന് അദ്ദേഹം വാദിച്ചു. ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന ഡെന്മാര്‍ക്കിനെ 'നന്ദികെട്ടവര്‍' എന്ന് വിശേഷിപ്പിക്കാനും അദ്ദേഹം തയ്യാറായി.

മാര്‍ക്ക് കാര്‍ണിയും ട്രംപും തമ്മിലുള്ള വാക്പോര്

കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം ട്രംപിനെ ചൊടിപ്പിച്ചു. ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും (Rupture), അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും കാര്‍ണി പറഞ്ഞു. ഇതിന് മറുപടിയായി, 'കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടാണ്, മാര്‍ക്ക് അത് ഓര്‍ക്കുന്നത് നല്ലതാണ്' എന്ന് ട്രംപ് തിരിച്ചടിച്ചു. കാനഡയ്ക്ക് അമേരിക്ക നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് കാര്‍ണി നന്ദിയുള്ളവനായിരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

'പഴയ ലോകക്രമം തിരിച്ചുവരില്ല; മാര്‍ക്ക് കാര്‍ണിയുടെ തകര്‍പ്പന്‍ പ്രസംഗം

ആഗോള രാഷ്ട്രീയത്തിലെ പഴയ ക്രമങ്ങള്‍ അവസാനിച്ചുവെന്നും ലോകം വലിയൊരു 'വിള്ളലിന്റെ' (Rupture) മധ്യത്തിലാണെന്നുമാണ് മാര്‍ക്ക് കാര്‍ണി പറഞ്ഞത്. വന്‍ശക്തികള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ ഇടത്തരം രാജ്യങ്ങള്‍ (Middle Powers) ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

'മെനുവിലെ വിഭവം' ആകരുത്

'ഇടത്തരം രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. കാരണം നമ്മള്‍ ചര്‍ച്ചാ മേശയിലില്ലെങ്കില്‍, മറ്റുള്ളവരുടെ മെനുവില്‍ ഒരു വിഭവമായി നാം മാറേണ്ടി വരും,' കാര്‍ണി മുന്നറിയിപ്പ് നല്‍കി. വന്‍ശക്തികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിലപാട്

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഡെന്മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനും കാനഡ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഗ്രീന്‍ലാന്‍ഡ് വിട്ടുകൊടുത്തില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് കാര്‍ണിയുടെ ഈ പ്രതികരണം. നാറ്റോ (NATO) സഖ്യത്തോടുള്ള കാനഡയുടെ പ്രതിബദ്ധത ആവര്‍ത്തിച്ച അദ്ദേഹം, സഖ്യകക്ഷികള്‍ക്കെതിരെയുള്ള ഏതൊരു നീക്കവും ഗൗരവകരമാണെന്നും വ്യക്തമാക്കി.

ട്രംപിനെതിരെ പരോക്ഷ വിമര്‍ശനം

പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും, അമേരിക്കയുടെ സമീപകാല നയങ്ങളെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വന്‍ശക്തികള്‍ സാമ്പത്തിക സഹകരണത്തെ ആയുധമാക്കുകയാണെന്നും താരിഫുകളെ സമ്മര്‍ദ്ദ തന്ത്രങ്ങളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയെ അമേരിക്കയുടെ '51-ാം സംസ്ഥാനം' എന്ന് ട്രംപ് വിശേഷിപ്പിച്ചതും കാനഡയ്ക്ക് മേല്‍ താരിഫുകള്‍ അടിച്ചേല്‍പ്പിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഗ്രീന്‍ലാന്‍ഡിലെ ഡാനിഷ്, യൂറോപ്യന്‍ സൈനികര്‍ക്കൊപ്പം ചേര്‍ന്ന് സൈനിക പരിശീലനം നടത്തുന്നതിനായി ഒരു ചെറിയ വിഭാഗം സൈന്യത്തെ അങ്ങോട്ട് അയക്കാന്‍ കാനഡ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ട്ടിക്കിലെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Tags:    

Similar News