പ്രതിരോധ രംഗത്തെ റഷ്യന്‍ കരുത്തിനെ ഇന്ത്യ അവഗണിക്കില്ല; എണ്ണ വാങ്ങുന്ന് കുറച്ചെങ്കിലും റഷ്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; 10,000 കോടി രൂപയുടെ ഇടപാടിന് അനുമതി; ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ പാക്കിസ്ഥാനെ വിറപ്പിച്ച എസ്-400 മിസൈലുകള്‍ വീണ്ടും ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധപ്പുരയില്‍ എത്തും
പ്രതിരോധ രംഗത്തെ റഷ്യന്‍ കരുത്തിനെ ഇന്ത്യ അവഗണിക്കില്ല
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ റഷ്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്നും 288 എസ് 400 മിസൈലുകള്‍ ഇന്ത്യ വാങ്ങും. ഇടപാടിന് ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. 10000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി. 10000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് നിര്‍ണായക പങ്ക് വഹിച്ചത് എസ് 400 മിസൈലായിരുന്നു. ഈ ആയുധം കൂടുതല്‍ ഇന്ത്യയുടെ ആയുധപ്പുരയില്‍ എത്തിക്കാനാണ് നീക്കം.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതില്‍ 120 ഹ്രസ്വദൂര മിസൈലുകളും 168 ദീര്‍ഘദൂര മിസൈലുകളും ഉള്‍പ്പെടുന്നു. ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയര്‍ വഴിയാണ് ഇവ വാങ്ങുന്നത്. വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ച വിവരം ഇന്നലെ പുറത്തുവന്നിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ സമയത്ത് തീര്‍ന്നുപോയ സ്റ്റോക്ക് നികത്താനാണ് പുതിയ നീക്കം. നിലവില്‍ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകള്‍ കൂടി ഈ വര്‍ഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.
ഏകദേശം 3.60 ലക്ഷം കോടി രൂപയുടെ വിവിധ പ്രതിരോധ പദ്ധതികള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്, ആന്റി ടാങ്ക് മൈനുകള്‍, പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വാങ്ങുന്ന ഭൂരിഭാഗം യുദ്ധവിമാനങ്ങളും ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുക.
ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തലാക്കി എന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഒഴികെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജെയ് ലവ്റോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നോ മന്ത്രിമാരുടെ ഭാഗത്തുനിന്നോ അത്തരത്തില്‍ ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ബുധനാഴ്ച പറഞ്ഞു.
ഇന്ത്യയും മറ്റ് രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തടയാന്‍ യുഎസ് ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചതിന് രണ്ട് ദിവസത്തിന് പിന്നാലെയാണ് ലവ്റോവിന്റെ പുതിയ പ്രസ്താവന. താരിഫുകളും ഉപരോധങ്ങളും നേരിട്ടുള്ള നിരോധനങ്ങളും ഉള്‍പ്പെടെ വിപുലമായ സമ്മര്‍ദ്ദനടപടികള്‍ യുഎസ് ഈ രാജ്യങ്ങള്‍ക്കുനേരെ പ്രയോഗിക്കുന്നതായി റഷ്യ ആരോപിച്ചു.
'റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ ധാരണയില്‍ എത്തിയതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി നിങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ ഭാഗത്തുനിന്നോ മറ്റ് ഇന്ത്യന്‍ നേതാക്കളില്‍നിന്നോ അങ്ങനെയൊരു വിവരം എനിക്ക് ലഭിച്ചിട്ടില്ല.' സ്റ്റേറ്റ് ഡുമയിലെ (ലോവര്‍ ഹൗസ്) ഒരു എംപിയോട് പ്രതികരിക്കവെ ലവ്റോവ് പറഞ്ഞു.
2025 ഡിസംബറില്‍ പ്രസിഡന്റ് പുതിന്‍ ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനം മോസ്‌കോയും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തിയതായി ലവ്റോവ് അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്റ് പുതിന്‍ ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ നിരവധി സംയുക്ത രേഖകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഈ സന്ദര്‍ശനം റഷ്യ-ഇന്ത്യന്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തി, പ്രത്യേകതയുള്ള തന്ത്രപരമായ പുതിയ പങ്കാളിത്തം സൃഷ്ടിച്ചു.' ലവ്റോവ് പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യന്‍ അധ്യക്ഷതയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലവ്റോവ് പറഞ്ഞു. ഇന്ത്യ എത്രത്തോളം ആഗ്രഹിക്കുന്നുവോ അത്രത്തോളം ഇന്ത്യയുമായുള്ള ബന്ധത്തില്‍ മുന്നോട്ട് പോകാന്‍ റഷ്യ തയ്യാറാണെന്നും, അതിന് അതിരുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടെ അഞ്ച് പുതിയ അംഗങ്ങളുള്ള 10 അംഗ ബ്ലോക്കായ ബ്രിക്സ് അധ്യക്ഷസ്ഥാനം ഇന്ത്യ ഔദ്യോഗികമായി 2026 ജനുവരി ഒന്നിന് ഏറ്റെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ്, റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടത്.
