നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു; ദക്ഷിണ സുഡാന്‍ പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക; ഇനിയുള്ള വിസ അപേക്ഷകള്‍ തള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ; നടപടി ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ വക്കിലായിരിക്കെ

ദക്ഷിണ സുഡാന് എതിരെ അമേരിക്കയുടെ കടുത്ത നടപടി

Update: 2025-04-06 13:17 GMT

വാഷിങ്ടന്‍: യുഎസില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ തിരിച്ചുസ്വീകരിക്കാത്തതിന്റെ പേരില്‍ ദക്ഷിണ സുഡാന് എതിരെ കടുത്ത നടപടി. എല്ലാ ദക്ഷിണ സുഡാനികളുടയും വിസ റദ്ദാക്കിയതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

ദക്ഷിണ സുധാനില്‍ നിന്നും വരുന്ന ഓരോ ആളെയും തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2011ല്‍ സുഡാനില്‍നിന്നു വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാന്‍. സമയബന്ധിതമായി തങ്ങളുടെ പൗരന്മാരെ തിരിച്ചുസ്വീകരിക്കുന്നതില്‍ ദക്ഷിണ സുഡാനിലെ ഇടക്കാല സര്‍ക്കാര്‍ പരാജയപ്പെട്ടതായി മാര്‍ക്കോ റൂബിയോ ആരോപിച്ചു.

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ പുറത്താക്കുന്ന പൗരന്മാരെ അതതു രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് യുഎസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാന്‍ പൗരന്മാരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാല്‍ ഈ നടപടികള്‍ പുനഃപരിശോധിക്കാന്‍ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി.

ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീഴുമെന്ന ആശങ്ക നിലനില്‍ക്കെയാണ് നടപടി. എംബസിയില്‍ നിന്ന് അത്യാവശ്യക്കാരല്ലാത്ത ജീവനക്കാര്‍ എത്രയും പെട്ടെന്നു മടങ്ങണമെന്ന് മാര്‍ച്ച് എട്ടിന് യുഎസ് ആവശ്യപ്പെട്ടിരുന്നു. 2018 ല്‍ ഒപ്പുവച്ച സമാധാന ഉടമ്പടി തകിടം മറിക്കും വിധമാണ് ഇപ്പോള്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിരിക്കുന്നത്.

2011 ല്‍ സ്വാതന്ത്ര്യം കിട്ടിയ ദക്ഷിണ സുഡാന്‍ രണ്ടുവര്‍ഷത്തിന് ശേഷം പ്രസിഡന്റ് സാല്‍വ കീറും വൈസ് പ്രസിഡന്റ് റീക് മച്ചാറും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് പതിയെ ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയത്. യുദ്ധത്തില്‍ നാല് ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 2018 ല്‍ അധികാരം പങ്കിടാന്‍ ധാരണയായതോടെയാണ് യുദ്ധത്തിന് താല്‍ക്കാലിക ശമനം വന്നത്.

Tags:    

Similar News