കലി പൂണ്ട് സര്‍വനാശം വിതച്ച് ഇസ്രായേല്‍; കല്ലെറിഞ്ഞ കുഞ്ഞിനെ പോലും കൊന്നതോടെ മുട്ടുമടക്കി ഹമാസ്; രണ്ട് ദിവസം വെടിനിര്‍ത്തിയാല്‍ തടവുകാരെ വിട്ടയക്കാമെന്ന് ഈജിപ്ത് പറഞ്ഞത് ഹമാസിന്റെ തളര്‍ച്ചയുടെ സൂചന
കലി പൂണ്ട് സര്‍വനാശം വിതച്ച് ഇസ്രായേല്‍
ടെല്‍ അവീവ്: ഹിസ്ബുള്ള നേതാക്കളെ വധിച്ചതിനും ഇറാനില്‍ നേരിട്ട് കയറി ആക്രമണം നടത്തിയതിനും തൊട്ടു പിന്നാലെ ഹമാസിനെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഹമാസ് നേതാക്കള്‍ ഇപ്പോള്‍ രക്ഷയില്ലാതെ പരക്കം പായുന്ന കാഴ്ചയാണ് കാണുന്നത്. ഗാസയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെയാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് ദിവസം ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഹമാസ് തടവില്‍ കഴിയുന്ന നാല് ഇസ്രേയല്‍ ബന്ദികളെ വിട്ടയക്കാമെന്നും പകരം ഇസ്രയേലിന്റെ കൈവശമുള്ള ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണം എന്നുമാണ് ഈജിപ്തിന്റെ നിര്‍ദ്ദേശം. തലസ്ഥാനമായ കെയ്റോയില്‍ അള്‍ജിരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് ടെബൗണും ഒന്നിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈജിപ്ത് ഈ ഒരാവശ്യം മുന്നോട്ട്
വെച്ചിരിക്കുന്നത്.
സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍, ഈജിപ്ത്, അമേരിക്ക, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധര്‍ ഉടനേ ദോഹയില്‍
സമ്മേളിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈജിപ്ത് പ്രസിഡന്റ് ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധം ഒത്തുതീര്‍പ്പാക്കാനുള്ള വ്യാപക ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടേയും ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെയും തലവന്‍മാര്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതും ഈജിപ്തിന്റെ സമാധാന ശ്രമങ്ങളേയും ഒരുമിച്ച് കാണേണ്ടതാണ്.
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രയേലുകാരേയും ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരേയും മോചിപ്പിക്കാന്‍ ഇത്തരത്തില്‍ ഒരിടക്കാല വെടിനിര്‍ത്തല്‍ ആവശ്യമാണെന്നാണ് ഈജിപ്ത് വിലയിരുത്തുന്നത്. പിന്നീട് സ്ഥിരമായ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് ഇത് ഏറെ സഹായിക്കുമെന്നാണ് നിരീക്ഷകരും കണക്ക് കൂട്ടുന്നത്. ഈജിപ്തിന്റെ പുതിയ നിര്‍ദ്ദേശത്തോട് ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് കടന്ന് കയറി ആക്രമണം നടത്തിയത് മുതല്‍ ഇതു വരെ
ഗാസയില്‍ നാല്‍പ്പത്തിമൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഇത്തരത്തില്‍ ഉയരുന്നതില്‍ ഐക്യരാഷ്ട്രസഭയും ഉത്ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ചില മാധ്യമപ്രവര്‍ത്തകരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കില്‍ ഒരു 11 കാരന്‍ ഇസ്രയേല്‍ സൈനികന്റെ വെടിയേറ്റ് മരിച്ച സംഭവം വ്യാപകമായി ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്.
സൈന്യത്തിന് നേരേ കല്ലേറ് ഉണ്ടാകുന്നതിനിടെ ഈ കുട്ടിയും കല്ലുമായി എത്തിയെന്നും തുടര്‍ന്ന ഇസ്രയേല്‍ സൈനികന്‍ കുട്ടിക്ക് നേരേ വെടി വെയ്ക്കുക ആയിരുന്നു എന്നുമാണ് പറയപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സഹോദരന്‍ ഒളിച്ചത് കൊണ്ട് വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.