ടെഹ്റാനില്‍ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റി; അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഡല്‍ഹിയിലേക്ക്; ഇറാനിലുള്ള 1500റോളം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുളളവര്‍; സാധിക്കുമെങ്കില്‍ സ്വന്തം നിലക്ക് ടെഹ്റാന് വിടാനും ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
ടെഹ്റാനില്‍ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റി
ന്യൂഡല്‍ഹി: ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇറാനിലെ വിവധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത് ഊര്‍ജ്ജിതമാക്കി ഇന്ത്യന്‍ സര്‍ക്കാര്‍. ടെഹ്റാനില്‍ നിന്ന് ക്വോമിലേക്ക് 600 വിദ്യാര്‍ഥികളെ മാറ്റി. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെയാണ് ക്വോം നഗരം സ്ഥിതി ചെയ്യുന്നത്. ടെഹ്റാനില്‍ ആക്രമണം കടുപ്പിക്കുമ്പോഴാണ് ഇന്ത്യന്‍ വിദ്യാര്‍ഥികലെ ക്വോം നഗരത്തിലേക്ക് മാറ്റിയത്.
ഉര്‍മിയയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ മാറ്റിയിട്ടുണ്ട്. ഇതില്‍ 110 പേരെ അര്‍മേനിയയില്‍ എത്തിച്ചു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1500റോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇറാനിലുള്ളത്. ഇതില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുളളവരാണ്. സാധിക്കുമെങ്കില്‍ സ്വന്തം നിലക്ക് ടെഹ്റാന് വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇറാനില്‍ നിന്ന് അര്‍മേനിയയില്‍ എത്തിച്ചവരുമായുള്ള ആദ്യ സംഘം ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. പ്രത്യേക വിമാനത്തില്‍ 110 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുക. കഴിഞ്ഞ ദിവസമാണ് ഇറാനില്‍ നിന്ന് അതിര്‍ത്തി കടന്ന് റോഡ് മാര്‍ഗം 200റോളം വിദ്യാര്‍ഥികളെ അര്‍മേനിയയില്‍ എത്തിച്ചത്.
വ്യോമപാത അടച്ച സാഹചര്യത്തില്‍ ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ എത്തിക്കാനും അവിടെ നിന്ന് ഡല്‍ഹിയിലേക്കും മാറ്റാനുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യന്‍ പൗരന്മാരെ അസര്ബൈജാന്, തുര്‍ക്മിസ്താന്‍, അഫ്ഗാനിസ്താന് എന്നീ അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാനും നീക്കമുണ്ട്.
ഇറാനിലുള്ള വിദ്യാര്‍ഥികളടക്കം 10000തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ശ്രമം. അതേസമയം, യു.എ.ഇ വഴിയും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതേസമയം, ഇസ്രായേലില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനും വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ നിന്ന് ജോര്ഡന്, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം. 25,000തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
നോര്‍ക്ക ഹെല്പ് ലൈന്‍ നമ്പറുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ട്രോള് റൂം:
1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
+91-9968291988 (Whatsapp)
ഇ-മെയില്‍: situationroom@mea.gov.in
ഇറാനിലെ ടെഹ്റാന് ഇന്ത്യന്‍ എംബസി:
വിളിക്കുന്നതിന് മാത്രം:
+98 9128109115, +98 9128109109 വാട്സ്ആപ്:
+98 901044557, +98 9015993320, +91 8086871709.
ബന്ദര്‍അബ്ബാസ്: +98 9177699036
സഹീദന്‍: +98 9396356649
ഇമെയില്‍: cons.tehran@mea.gov.in
ഇസ്രയേലിലെ ടെല്‍അവീവ് ഇന്ത്യന്‍ എംബസി:
+ 97254-7520711, +97254-3278392
ഇമെയില്‍: cons1.telaviv@mea.gov.in.
നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍:
18004253939 (ടോള്‍ ഫ്രീ നമ്പര്‍)
+91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍)