പുറത്തുനിന്ന് പൂട്ടി വീടിന് തീയിട്ടു; തകരപ്പാളി വെട്ടിപ്പൊളിച്ച് സാഹ കുടുംബത്തിലെ കുഞ്ഞുങ്ങളടക്കം 8 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു വേട്ട; 30 ജില്ലകളില്‍ അക്രമം; കൊന്നൊടുക്കി മൃതദേഹം കത്തിക്കുന്നു; യൂനുസ് സര്‍ക്കാരിന്റെ മൂക്കിന് താഴെ തീവ്രവാദികളുടെ വിളയാട്ടം; ഇന്ത്യാ വിരുദ്ധത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു വേട്ട

Update: 2025-12-29 16:50 GMT

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ തുടങ്ങിയ ന്യൂനപക്ഷ വേട്ട കൂടുതല്‍ ഭീകരമായ തലത്തിലേക്ക് നീങ്ങുന്നു. പിരോജ്പൂര്‍ ജില്ലയിലെ ദുമ്രിതാല ഗ്രാമത്തില്‍ ഒരു ഹിന്ദു കുടുംബത്തിന്റെ അഞ്ച് വീടുകളാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്. വെറുമൊരു തീപിടുത്തമല്ല, മറിച്ച് കുടുംബാംഗങ്ങളെ വീടിനുള്ളിലിട്ട് ജീവനോടെ കത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള അതിക്രൂരമായ ആസൂത്രണമാണ് നടന്നതെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ദൈവനിന്ദ ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ച കിരാത സംഭവത്തിന് പിന്നാലെയാണ് വീണ്ടും അക്രമം അരങ്ങേറിയിരിക്കുന്നത്.

പാതിരാത്രിയില്‍ തീയിട്ടു; രേഖകളും സമ്പാദ്യവും ചാരമായി

ഡിസംബര്‍ 28-ന് പുലര്‍ച്ചെയായിരുന്നു ദുമ്രിതാലയിലെ സാഹ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അക്രമികള്‍ പുറത്തുനിന്ന് വാതിലുകള്‍ പൂട്ടി. ശേഷം മുറികളിലേക്ക് തുണി തിരുകി തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് ഉണര്‍ന്ന എട്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ വീടിന്റെ തകരപ്പാളികളും മുളവേലികളും വെട്ടിപ്പൊളിച്ചാണ് പുറത്തുചാടിയത്.

ജീവന്‍ രക്ഷപ്പെട്ടെങ്കിലും വീടും സമ്പാദ്യവും വളര്‍ത്തുമൃഗങ്ങളും അഗ്‌നിക്കിരയായി. ഒന്നും ബാക്കിവെക്കാതെയാണ് അക്രമികള്‍ മടങ്ങിയത്.

ദൈവനിന്ദയുടെ മറവില്‍ ആള്‍ക്കൂട്ടക്കൊല

ദിവസങ്ങള്‍ക്ക് മുന്‍പ് മൈമെന്‍സിംഗില്‍ 29-കാരനായ ദീപു ചന്ദ്ര ദാസ് എന്ന വസ്ത്രശാലാ തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചിരുന്നു. ദൈവനിന്ദ ആരോപിച്ചായിരുന്നു ഈ കിരാത നടപടി. തൊട്ടുപിന്നാലെ ഡിസംബര്‍ 24-ന് അമൃത് മൊണ്ടല്‍ എന്ന മറ്റൊരു യുവാവിനെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തി. എന്നാല്‍ ഇതൊരു വര്‍ഗീയ ആക്രമണമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഹ്യൂമന്‍ റൈറ്റ്സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് മൈനോറിറ്റീസ് (HRCBM) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം അതിരൂക്ഷമാണ്. ചാന്ദ്പൂര്‍, ചട്ടോഗ്രാം, ഖുല്‍ന തുടങ്ങി 30-ലധികം ജില്ലകളില്‍ സമാനമായ ആക്രമണങ്ങള്‍ നടന്നു. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി രാജ്യം വിടീക്കാനുള്ള ആസൂത്രിത നീക്കമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതോടെ രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കാനും പാകിസ്ഥാനോട് അടുക്കാനുമുള്ള നീക്കങ്ങള്‍ സജീവമാണ്. 1971-ലെ വിമോചന യുദ്ധത്തിന്റെ സ്മരണകള്‍ പോലും മായ്ച്ചു കളയാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും നിശബ്ദരാക്കാനാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്.

Tags:    

Similar News