ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 30 പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ത്തു; കൊല്ലപ്പെട്ടത് 53പേര്‍; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 64,871 പേര്‍

ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

Update: 2025-09-15 10:54 GMT

ജറുസലം: ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയെ പൂര്‍ണമായും തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആക്രമണത്തിലല്‍ ഇന്നലെ 53 പേര്‍ കൊല്ലപ്പെട്ടു. 30 പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ത്തു.

ഈ മാസം മാത്രം 13000 അഭയാര്‍ത്ഥികൂടാരങ്ങള്‍ക്ക് പുറമേ ഗാസ സിറ്റിയില്‍ 1600 പാര്‍പ്പിട കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഗാസ അധികൃതര്‍ പറഞ്ഞു. ഇന്നലെ രണ്ട് പേര്‍ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി.

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 64,871 പേര്‍ കൊല്ലപ്പെട്ടു. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു.

ഇതിനിടെ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ വിതറുന്നുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും ഗാസ സിറ്റിയില്‍ തുടരുകയാണ്. അഭയാര്‍ഥികളാല്‍ നിറഞ്ഞുകവിഞ്ഞ തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലേക്കു പോയിട്ടു കാര്യമില്ലെന്നതിനാലാണു മറ്റുവഴിയില്ലാതെ ഗാസ സിറ്റിയില്‍ തുടരുന്നത്.

ഗാസ പിടിക്കാനുള്ള ആക്രമണം ഇസ്രയേല്‍ പ്രഖ്യാപിച്ചതിനുശേഷം ഒരു മാസത്തിനിടെ 10% പേര്‍ മാത്രമാണ് ഒഴിഞ്ഞുപോയതെന്ന് യുഎന്‍ ഏജന്‍സികള്‍ പറയുന്നു.

Tags:    

Similar News