ഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടപടി വേണം; ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം; ബന്ദികളുടെ ഫോട്ടോയും പതാകയും ഉയര്‍ത്തിയ പ്രതിഷേധം ടെല്‍ അവീവിലും ജെറുസലേമിലും ആളിക്കത്തി

ഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം

Update: 2025-08-17 14:17 GMT

ടെല്‍അവീവ്: ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം. ഗാസ പിടിച്ചെടുക്കല്‍ പദ്ധതിയിലേക്ക് കടക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരക്കേയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. ഗാസയില്‍ ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായാണ് പ്രതിഷേധം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇസ്രയേലിന്റെ പതാകയും ബന്ദികളുടെ ഫോട്ടോയും ഉയര്‍ത്തിയാണ് പ്രതിഷേധം. തെരുവുകളിലുടനീളം വിസിലുകളും ഹോണുകളും ഡ്രമ്മുകളും ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങളും നടന്നു. ജെറുസലേമിനും തെല്‍ അവീവിനും ഇടയിലുള്ള തെരുവുകളും ഹൈവേകളും തടഞ്ഞും പ്രതിഷേധം സംഘടിപ്പിച്ചു. ബന്ദികളുടെ കുടുംബം ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ അനുവദിക്കുമെന്ന് നേരത്തെ തന്നെ വിവിധ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഇന്ന് ഉച്ച വരെ 38 പ്രതിഷേധക്കാരെ ഇസ്രയേല്‍ പൊലീസ് തടവിലാക്കി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് വലിച്ച് കൊണ്ടുപോയി. ഹമാസിനെ തോല്‍പ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ പറയുന്നവര്‍ ബന്ദിമോചനം വൈകിപ്പിക്കുകയാണെന്നും ഹമാസിന് നിലപാട് കടുപ്പിക്കാന്‍ അവസരം ഒരുക്കുകയാണെന്നും നെതന്യാഹു മന്ത്രിസഭയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് സംഭവിച്ച ഭീകരത ആവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസ സിറ്റി പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായി നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനം ബന്ദികളായിരിക്കുന്നവരുടെ ജീവന് ആപത്താണെന്ന ഭയം ഇസ്രയേലികള്‍ക്കുണ്ട്. ഗാസയില്‍ നിലവില്‍ 50 ബന്ദികളാണുള്ളത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ സര്‍ക്കാരിന്റെ വിശ്വാസം.

അതേസമയം ഗാസയില്‍ വ്യാപകമായി പട്ടിണി വര്‍ധിപ്പിക്കുന്ന നയങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 10 നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പടെ ഇരുപത്തിമൂന്ന് പ്രമുഖ യു.എസ്-യൂറോപ്യന്‍ സാമ്പത്തിക വിദഗ്ധര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് തുറന്ന കത്തയച്ചു. ഗാസസൈനികമായി കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ പിന്‍വലിക്കണമെന്നും നിയന്ത്രണങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഭക്ഷ്യസഹായം അനുവദിക്കണമെന്നും കത്തില്‍ അവര്‍ ഉന്നയിച്ചു.

നൊബേല്‍ സമ്മാന ജേതാവും എം.ഐ.ടി സാമ്പത്തിക ശാസ്ത്രജ്ഞനും വൈ നേഷന്‍സ് ഫെയില്‍ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമായ ഡാരണ്‍ അസെമോഗ്ലു വെള്ളിയാഴ്ച 'എക്‌സില്‍' കത്ത് പങ്കുവെച്ചു. ഗസ്സയില്‍ പടരുന്ന പട്ടിണിയെക്കുറിച്ചും സാധാരണക്കാരെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതികളെ കുറിച്ചും തങ്ങള്‍ ആശങ്കയിലാണെന്ന് കത്തില്‍ പറയുന്നു.

മനുഷ്യരെന്ന നിലയിലും സാമ്പത്തിക വിദഗ്ധര്‍ എന്ന നിലയിലും, വ്യാപകമായ പട്ടിണിയെ അധികരിപ്പിക്കുന്ന ഏതൊരു നയവും ഉടനടി നിര്‍ത്തലാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഗസയിലെ 21ലക്ഷം നിവാസികളില്‍ മൂന്നിലൊന പേരും ഭക്ഷണമില്ലാതെ നിരവധി ദിവസങ്ങള്‍ കഴിഞ്ഞുവെന്ന് കാണിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഡാറ്റ ഇവര്‍ ചൂണ്ടികാണിക്കുന്നു. മൂന്നു മാസം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ആ പ്രദേശത്തെ വിപണി വിലകള്‍ പത്തിരട്ടി കൂടുതലാണ്.

മനുഷ്യാവകാശങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടും ഇസ്രായേലിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്ന ഒരു ഔപചാരിക പ്രഖ്യാപനം ഉടന്‍ പുറപ്പെടുവിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ പിന്തുടരാനും ഇസ്രായേലിനോട് കത്തില്‍ ആവശ്യപ്പെടുന്നു.

അസെമോഗ്ലുവിനൊപ്പം, കത്തില്‍ ഒപ്പിട്ട 23 പേരില്‍ ആംഗസ് ഡീറ്റണ്‍, പീറ്റര്‍ എ. ഡയമണ്ട്, എസ്തര്‍ ഡഫ്ലോ, ക്ലോഡിയ ഗോള്‍ഡിന്‍, എറിക് എസ് മാസ്‌കിന്‍, റോജര്‍ ബി. മയേഴ്സണ്‍, എഡ്മണ്ട് എസ്.ഫെല്‍പ്സ്, ക്രിസ്റ്റഫര്‍ എ.പിസാറൈഡ്സ്, ജോസഫ് ഇസ്റ്റിഗ്ലിറ്റ്സ് എന്നിവരും ഉള്‍പ്പെടുന്നു.

Tags:    

Similar News