ഖമേനിയുടെ മക്കള്‍ ശതകോടീശ്വരന്മാര്‍! അമേരിക്കന്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ലണ്ടനിലും ദുബായിലും കൊട്ടാരങ്ങള്‍ സ്വന്തം; സ്വിസ് ബാങ്കില്‍ കുന്നുകൂട്ടി അവിഹിത സമ്പാദ്യം; അമേരിക്കന്‍ കപ്പല്‍വ്യൂഹം അടുക്കുമ്പോള്‍ വിദേശ കറന്‍സിയും ക്രിപ്‌റ്റോയുമായി മുങ്ങാന്‍ പ്ലാനോ? ഖമേനി പുത്രന്റെ രഹസ്യ സാമ്രാജ്യം ഇങ്ങനെ!
ഖമേനിയുടെ മക്കള്‍ ശതകോടീശ്വരന്മാര്‍!
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇറാന്‍ തീരത്തേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ എന്താണ് എന്ന ചര്‍ച്ചകള്‍ പുരോമഗിക്കുമ്പോള്‍ ഉയരുന്ന ചോദ്യം ഇറാനിലെ പരമോന്നത നേതാവ് ഖമേനിയുടെ മക്കളുടെ ശതകോടികളുടെ സമ്പാദ്യങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നാണ്. ഖമേനിയുടെ മക്കള്‍ ആഗോളതലത്തിലാണ് സ്വത്തുക്കള്‍ വാരിക്കൂട്ടിയിരിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധത്തിന് വിധേയമായിട്ടും ഇറാനിലെ ഉന്നതര്‍ക്ക് എങ്ങനെ മൂലധനം വിദേശത്തേക്ക് മാറ്റാന്‍ കഴിഞ്ഞുവെന്നതാണ് എല്ലാവരേയും ചിന്തിപ്പിക്കുന്നത്. വടക്കന്‍ ലണ്ടനിലെ 'ബില്യണയേഴ്‌സ് റോ' എന്നറിയപ്പെടുന്ന ഒരു മരങ്ങള്‍ നിറഞ്ഞ തെരുവില്‍, ഉയരമുള്ള വേലികള്‍ക്കും കറുത്ത ഗേറ്റുകള്‍ക്കും പിന്നില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു കൂട്ടം മാളികകള്‍ ഉണ്ട്. ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളത്.
ഇവയെല്ലാം തന്നെ ഇറാനിലെ പരമോന്നത നേതാവായ ഖമേനിയുടെ മൂത്ത മകന്‍ മൊജ്തബ ഖമേനിയുടേതാണ്. ടെഹ്‌റാന്‍ മുതല്‍ ദുബായ്, ഫ്രാങ്ക്ഫര്‍ട്ട് വരെ വ്യാപിച്ചുകിടക്കുന്ന വന്‍ വ്യാപാര ശൃംഖലയുടെ ഉടമയാണ് ഇയാള്‍. നിരവധി ഷെല്‍ക്കമ്പനികളും മൊജ്തബക്ക് ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. പിതാവിന്റെ പിന്‍ഗാമിയായി ഇയാള്‍ പ്രഖ്യാപിക്കപ്പെടും എന്നാണ് സൂചന. പ്രായം 56 വയസ്. പൊതുവേ ഇയാളുടെ സ്വത്തുക്കള്‍ ബിനാമികളുടെ പേരിലാണ് അറിയപ്പെടുന്നത് എന്നാണ് ഒരു പ്രമുഖ പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്.
2011 മുതല്‍ മൊജ്തബക്ക് ഇത്തരം സാമ്പത്തിക ഏര്‍പ്പാടുകള്‍ ഉണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇയാള്‍ക്ക് വന്‍കിട ഷിപ്പിംഗ് കമ്പനികളുണ്ട്. കൂടാതെ സ്വിസ്ബാങ്കുകളില്‍ വന്‍ നിക്ഷേപവും ബ്രിട്ടനിലും മറ്റും ആഡംബര വസതികളും ഉണ്ട്. 2019-ല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടും, ഖമേനിയുടെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ ഫണ്ട് എത്തിക്കാന്‍ കമ്പനികളുടെ വെബ് സംവിധാനം സഹായിച്ചിട്ടുണ്ട്. ദുബായില്‍ അത്യാഡംബര വില്ലയും പല യൂറോപ്യന്‍ രാജ്യങ്ങളിലും നക്ഷത്രഹോട്ടലുകളും മൊജ്തബക്ക് സ്വന്തമാണ്.
ഇറാന്റെ എണ്ണവില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഖമേനി കുടുംബം പണം വാരിക്കൂട്ടുന്നത് എന്നാണ് പല ഏജന്‍സികളും കണ്ടെത്തിയത്. ഇറാനിയന്‍ വ്യവസായിയായ അലി അന്‍സാരിയുടെ പേരിലാണ് മൊജ്തബ ബിസിനസുകള്‍ നടത്തുന്നത്. ദാരിദ്യത്തിന്റെ പേരില്‍ ഇറാനിലെ ഷാഭരണകൂടത്തെ അട്ടിമറിച്ച ഖമേനി കുടുംബം കഠിനമായ ഭക്തിമാര്‍ഗ്ഗത്തിലൂടെ ലളിതജീവിതം നയിക്കുന്നു എന്നാണ് ഔദ്യോഗിക മാധ്യമങ്ങള്‍ ഇറാനില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ബ്ലൂംബര്‍ഗ് ന്യൂസ് നടത്തിയ അന്വേഷണമാണ് ഖമേനി കുടുംബത്തിന്റെ അവിഹിത സമ്പാദ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്.
ഇറാനിലെ ഷാ നാട് വിട്ടതിന് പിന്നാലെ രാജകുടുംബത്തിന്റെ ആസ്തികള്‍ പലതും ഖമേനിയുടെ ബിനാമികള്‍ക്ക് ലഭിച്ചു എന്നും പറയപ്പെടുന്നു. ഇറാനില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചതിന് തൊട്ടു പിന്നാലെ മൊജ്തബയുടെ വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് ആയിരിക്കണക്കിന് കോടികള്‍ എത്തി എന്നും ഇതെല്ലാം ക്രിപ്റ്റോ കറന്‍സി വഴിയാണ് കൈമാറ്റം ചെയ്തതെന്നും പറയപ്പെടുന്നു. കൂടാതെ ജനകീയ പ്രക്ഷോഭം വിജയിക്കുമെന്ന ഘട്ടം ഉണ്ടായാല്‍ ഖമേനിയും കുടുംബവും അവരുടെ സമ്പാദ്യങ്ങളുമായി റഷ്യയിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
