ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; വെടിവെച്ചിട്ടു ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനം; ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി; 'മിഡില്‍ ഈസ്റ്റിനെ കുറിച്ച് വന്‍ പ്രഖ്യാപനമുണ്ടാവും'മെന്ന ട്രംപിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം
ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
ടെല്‍ അവീവ്: ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ മിസൈലുകള്‍ ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. വ്യോമപ്രതിരോധ സംവിധാനം ആക്രമണത്തെ തടഞ്ഞുവെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേല്‍ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. കഴിഞ്ഞ ഞായറാഴ്ചയും ഹൂതികള്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. തെല്‍ അവീവിനെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങള്‍. ഇസ്രായേലിന് നേരെ ഹൂതികള്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമ രൂപമായിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഹമാസില്‍ നിന്നും ബന്ദികളെ മോചിപ്പിക്കണം. അവരുടെ ഭരണം അവസാനിപ്പിച്ച് ഗസ്സയെ നിരായുധീകരിക്കുകയും ഗസ്സയിലുള്ളവര്‍ക്കും ഇസ്രായേലികള്‍ക്കും പുതിയൊരു ജീവിതം ഉണ്ടാവുകയും വേണമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം സവിശേഷമായൊന്ന് മിഡില്‍ ഈസ്റ്റില്‍ സംഭവിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കിയിരുന്നു ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ട്രംപ് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ല.
മിഡില്‍ ഈസ്റ്റിനെ മഹത്വവല്‍ക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊന്ന്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പൂര്‍ത്തിയാക്കാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം, എന്ത് പ്രഖ്യാപനമാണ് മിഡില്‍ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല. ഗസ്സയിലെ വെടിനിര്‍ത്തലിനെ സംബന്ധിച്ചാവും പ്രഖ്യാപനമെന്നാണ് അഭ്യൂഹം. വൈറ്റ്ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.