ഇന്ത്യക്കെതിരെ തുടര്‍നീക്കങ്ങളുമായി ട്രംപ്; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചു; ഇന്ത്യയുടെ ചരക്കുനീക്കത്തിന് വലിയ തിരിച്ചടി; അഫ്ഗാനിലേക്കുള്ള 'വാതില്‍' അടയും; അമേരിക്ക പ്രഖ്യാപിച്ച ഇരട്ട തീരുവ നവംബര്‍ അവസാനം പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ മറ്റൊരു പ്രഹരം

ഇന്ത്യക്കെതിരെ തുടര്‍നീക്കങ്ങളുമായി ട്രംപ്;

Update: 2025-09-20 01:22 GMT

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വീണ്ടും തുടര്‍ നീക്കങ്ങളുമായി അമേരിക്ക. ഇരട്ട തീരുവയ്ക്ക് പിന്നാലെ ഇന്ത്യയുടെ വാണിജ്യ സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. ഇറാനിലെ ഛാബഹാര്‍ തുറമുഖത്തിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായി. ഇതുവരെ നല്‍കിയിരുന്ന ഇളവ് യു എസ് പിന്‍വലിച്ചത് ഇന്ത്യയുടെ ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചേക്കും.

ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്ന തുറമുഖം അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള പ്രധാന കവാടമായാണ് ഇന്ത്യ കാണുന്നത്. തുറമുഖത്തിലെ ഇന്ത്യന്‍ നീക്കത്തിന് തടസ്സം വരാതിരിക്കാനുള്ള വഴികള്‍ ഇന്ത്യ ആലോചിക്കും. അമേരിക്ക പ്രഖ്യാപിച്ച ഇരട്ട തീരുവ നവംബര്‍ അവസാനം പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഈ ഉപരോധം വരുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളുമായി വാണിജ്യ ഇടപാട് നടത്താന്‍ സഹായിക്കുന്ന തുറമുഖമാണ് ചബഹാര്‍. തുറമുഖത്തിന് നല്‍കിയ ഇളവുകള്‍ സെപ്റ്റംബര്‍ 29 മുതല്‍ പിന്‍വലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. തുറമുഖത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുള്ള ഇന്ത്യയ്ക്കത് കനത്ത അടിയാകും.

ഇറാനുമേല്‍ ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചബഹാര്‍ തുറമുഖത്തിനും ട്രംപ് ഉപരോധപ്പൂട്ടിടുന്നത്. അമേരിക്ക ഇറാനുമേല്‍ 2018ല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അതില്‍നിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു; തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്കത് വന്‍ ആശ്വാസവുമായിരുന്നു. ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍.

രാജ്യാന്തര ഗതാഗത ഇടനാഴി സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പുവച്ചിരുന്നു. 2016 മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശന വേളയിലായിരുന്നു അത്. ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെര്‍മിനലിന്റെ ആദ്യഘട്ട വികസനത്തില്‍ ഇന്ത്യ നിര്‍ണായക പങ്കാളിയുമായി. 2018 മുതല്‍ ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിനാണ് (ഐജിപിഎല്‍) തുറമുഖത്തിന്റെ നിയന്ത്രണം.

പാക്കിസ്ഥാനിലൂടെ കടക്കാതെ, അഫ്ഗാനിലേക്കും ഇറാനിലേക്കും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും തുടര്‍ന്ന് അവ വഴി റഷ്യയിലേക്കും യൂറോപ്പിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാര്‍ തുറമുഖം. 2014ല്‍ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വര്‍ഷ കരാറില്‍ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യന്‍ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഒരുക്കാന്‍ 250 മില്യന്‍ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്. തുറമുഖത്തിന് ഉപരോധം വരുന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളും തുലാസിലാകും. 2024-25ല്‍ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു.

5 ലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയര്‍ത്തുകയാണ് ചബഹാറില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ. നിലവില്‍ ശേഷി ഒരുലക്ഷം ടിഇയു ആണ്. പുറമേ, ചബഹാറില്‍ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയും നിര്‍മിക്കുന്നുണ്ട്. ഇരു പദ്ധതികളും 2026 മധ്യത്തോടെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ.

ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെര്‍മിനല്‍ മുഖേന മുംബൈയെയും യൂറോഷ്യയെയും രാജ്യാന്തര നോര്‍ത്ത്-സൗത്ത് ഗതാഗത ഇടനാഴിവഴി ബന്ധിപ്പിച്ചതായും ഗതഗാതച്ചെലവിലും സമയത്തിലും വലിയ നേട്ടമുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് നേരത്തേ വ്യക്തമാക്കിയരുന്നു. കഴിഞ്ഞവര്‍ഷത്തെ കപ്പല്‍ ഗതാഗതത്തില്‍ 43%, കണ്ടെയ്‌നര്‍ നീക്കത്തില്‍ 34% എന്നിങ്ങനെ വര്‍ധനയ്ക്കും ഇതു സഹായിച്ചിരുന്നു.

പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖത്തിന്റെ നിയന്ത്രണം സ്വന്തമാക്കി, അറബിക്കടലില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഗ്വാദറില്‍ നിന്ന് 140 കിലോമീറ്റര്‍ മാത്രം അകലെ, ഗള്‍ഫ് ഓഫ് ഒമാന്റെ തീരത്തുള്ള ചബഹാറിന്റെ നിയന്ത്രണം ഇന്ത്യ സ്വന്തമാക്കിയത്, ചൈനയ്ക്കും പാക്കിസ്ഥാനും വലിയ ക്ഷീണവുമായിരുന്നു. അമേരിക്ക ചബഹാറിന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നത് ഈ മേഖലയില്‍ ഇന്ത്യയ്ക്കുള്ള മുന്‍തൂക്കവും നഷ്ടപ്പെടുത്തും; ചരക്കുനീക്കത്തില്‍ പാക്കിസ്ഥാനത് നേട്ടവുമായേക്കും.

നവംബര്‍ അവസാനത്തോടെ ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിന് അന്തിമ രൂപം നല്‍കാനാകും എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. നരേന്ദ്ര മോദി അടുത്ത സുഹൃത്താണെങ്കിലും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് ഇന്ത്യക്കെതിരെ തീരുവ ചുമത്തേണ്ടി വന്നു എന്നാണ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്.

അതിനിടെ സൗദി-പാക് പ്രതിരോധ കരാറില്‍ പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തിയത് ആഗോള തലത്തില്‍ ശ്രദ്ധേയമായി. സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്. സൗദി- പാകിസ്ഥാന്‍ സൈനിക സഹകരണ കരാറിലെ അതൃപ്തി വ്യക്തമാക്കിയാായിരുന്നു പ്രതികരണം. സൗദിയും ഇന്ത്യയും കമ്മിലെ തന്ത്രപ്രധാന ബന്ധത്തില്‍ രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഛാബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവ് അമേരിക്ക പിന്‍വലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രണ്‍ധീര്‍ ജയ്സ്വാള്‍ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നല്ല അന്തരീക്ഷത്തില്‍ നടന്നുവെന്നും വ്യക്തമാക്കി.

Tags:    

Similar News