ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ

ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ

Update: 2025-12-26 13:54 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

''വിഷയം ഇന്ത്യ ഗൗരവത്തോടെ തന്നെ പരിഗണിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിരന്തര ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം നടക്കുന്ന ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അപലപിക്കുന്നു. കുറ്റകൃത്യം ചെയ്തവരെ നീതിക്ക് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മൈമെന്‍സിങ്ങില്‍ ദൈവനിന്ദ ആരോപിച്ച് ദീപ് ദാസ് എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി മൃതദേഹം കത്തിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാജ്ബോരി ടൗണിലെ പങ്ഷാ ഉപസില്ലയില്‍ അമിത് മൊണ്ഡല്‍ എന്ന യുവാവിനെ അടിച്ചുകൊലപ്പെടുത്തിയിരുന്നു.

ദീപ് ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികളും വിദ്യാര്‍ഥികളും മനുഷ്യാവകാശ സംഘടനകളും ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ പുറത്തും നിരവധി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ദീപ് ദാസിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ബംഗ്ലാദേശ്-ഇന്ത്യാ നയതന്ത്രബന്ധം വഷളാകുന്ന പശ്ചാത്തലത്തില്‍, ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു ഇന്ത്യ. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണര്‍ റിയാസ് ഹമീദുള്ളയെ ഇന്ത്യ വിളിച്ചുവരുത്തിയത്. നേരത്തെ 17ന് റിയാസിനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെക്കാനായിരുന്നു ഇത്.

അതിനിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ടതില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും നടത്തിയിരുന്നു. ഡല്‍ഹിയില്‍ ബംഗ്ലാദേശ് ഹൈകമീഷന് മുന്നിലേക്ക് ചൊവ്വാഴ്ച നൂറുകണക്കിനാളുകള്‍ മുദ്രാവാക്യം വിളിച്ചെത്തി സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഹൈക്കമീഷന് ഉള്ളിലേക്ക് കടക്കാനുള്ള ശ്രമം സുരക്ഷാസേന തടഞ്ഞു.

തീവ്രഹിന്ദുത്വ സംഘടനകള്‍ കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷനിലേക്കും പ്രകടനം നടത്തി. മധ്യപ്രദേശിലെ ഭോപ്പാലിലും ജമ്മുകശ്മീരിലെ രജൗരിയിലും ബംഗ്ലാദേശ് വിരുദ്ധ പ്രകടനം നടന്നിരുന്നു. ബംഗ്ലാദേശിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നിലേക്കും സമീപദിവസങ്ങളില്‍ പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈകമീഷണറെ വിദേശമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.നയതന്ത്രബന്ധം വഷളായതോടെ ഇരുരാജ്യങ്ങളും വിസാസേവനം നിര്‍ത്തിവച്ചിരിക്കുകയാണ്.

Tags:    

Similar News