ബിഎംഡബ്ല്യുവും മെഴ്‌സിഡസും ഇനി പകുതി വിലയ്ക്ക്! വിദേശ മദ്യത്തിനും മരുന്നുകള്‍ക്കും വന്‍ ഇളവ്; വിമാനങ്ങള്‍ മുതല്‍ ഒലിവ് ഓയില്‍ വരെ തീരുവയില്ലാതെ ഇന്ത്യയിലേക്ക്; യൂറോപ്യന്‍ വിരുന്നൊരുക്കി ഇന്ത്യ-ഇയു വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു; സാധാരണക്കാര്‍ക്ക് വമ്പന്‍ നേട്ടം; വെല്ലുവിളിയാകുന്നത് ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്കും

ബിഎംഡബ്ല്യുവും മെഴ്‌സിഡസും ഇനി പകുതി വിലയ്ക്ക്

Update: 2026-01-27 13:09 GMT

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. 90 ശതമാനത്തിലധികം യൂറോപ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഈ കരാറിലൂടെ ഇല്ലാതാവുകയോ ഗണ്യമായി കുറയുകയോ ചെയ്യും. ആഡംബര കാറുകള്‍ക്കും വിദേശ മദ്യത്തിനും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഇനി വില കുറയും. ദശകങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങിയത്.

ബാഗ് നിറയെ യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍; എന്തൊക്കെ മാറും?

യൂറോപ്യന്‍ വൈനുകളുടെ നികുതി 20-30 ശതമാനമായി കുറയും. സ്പിരിറ്റിന് (മദ്യം) 40 ശതമാനവും ബിയറിന് 50 ശതമാനവുമാകും നികുതി. ഒലിവ് ഓയില്‍, മാര്‍ഗരൈന്‍, മറ്റ് സസ്യ എണ്ണകള്‍ എന്നിവയുടെ വിലയും കുറയും.

ചികില്‍സാ ചെലവ് കുറയും

മെഡിക്കല്‍ മേഖലയ്ക്കാണ് കരാര്‍ വലിയ ആശ്വാസമാകുന്നത്. ഒപ്റ്റിക്കല്‍, മെഡിക്കല്‍, സര്‍ജിക്കല്‍ ഉപകരണങ്ങളുടെ 90% ഉല്‍പ്പന്നങ്ങളുടെയും നികുതി ഒഴിവാക്കും. മിക്ക മെഡിക്കല്‍ ഉപകരണങ്ങളുടെയും നികുതി പൂജ്യം ശതമാനമാകുന്നതോടെ രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയകള്‍ക്കും ചിലവ് കുറയും.

യന്ത്ര സാമഗ്രികളുടെ തീരുവ കുറയും

വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഏതാണ്ട് പൂര്‍ണ്ണമായും നീക്കും. നിലവില്‍ 44% വരെ നികുതിയുള്ള യന്ത്രസാമഗ്രികള്‍, 22% നികുതിയുള്ള രാസവസ്തുക്കള്‍ എന്നിവയ്ക്കും വന്‍ ഇളവ് ലഭിക്കും.

ആഡംബര കാറുകള്‍ക്ക് വില കുറയും

യൂറോപ്യന്‍ ആഡംബര കാറുകളായ ബിഎംഡബ്ല്യുവും മെഴ്‌സിഡസും, ഔഡിയും വിലക്കുറവില്‍ കിട്ടും. മെഴ്സിഡസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ യൂറോപ്യന്‍ കാറുകള്‍ക്ക് നിലവില്‍ 100 ശതമാനത്തിലധികം ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. പുതിയ കരാര്‍ പ്രകാരം, 15,000 യൂറോയ്ക്ക് (ഏകദേശം 16 ലക്ഷം രൂപ) മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ഇനി മുതല്‍ 40 ശതമാനം നികുതി മാത്രമേ ഈടാക്കുകയുള്ളൂ. ഈ തീരുവ പിന്നീട് 10 ശതമാനമായി കുറയ്ക്കും, ഇതോടെ ഇത്തരം ആഡംബര കാറുകളുടെ വിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടാകും.

വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വാഹന വ്യവസായത്തെ സംരക്ഷിക്കുന്നതിനായി 'ക്വാട്ട' അടിസ്ഥാനത്തിലുള്ള നികുതി ഇളവുകള്‍ നല്‍കാനാണ് ഇരുപക്ഷവും തീരുമാനിച്ചിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയിലെ വാഹന വിപണിയില്‍ ഭൂരിഭാഗവും ചെറിയ കാറുകളാണ് (10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വിലയുള്ളവ). ഈ വിഭാഗത്തില്‍ യൂറോപ്യന്‍ യൂണിയന് വലിയ താല്‍പ്പര്യമില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അതുകൊണ്ട് തന്നെ, 25 ലക്ഷം രൂപയില്‍ താഴെ വില വരാന്‍ സാധ്യതയുള്ള കാറുകള്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവര്‍ക്ക് ആ കാറുകള്‍ ഇവിടെ നിര്‍മ്മിക്കാം, പക്ഷേ കയറ്റുമതി ചെയ്യാന്‍ അനുവാദമുണ്ടാകില്ല,' ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


ബാങ്കിംഗും കപ്പല്‍ ഗതാഗതവും

സാമ്പത്തിക സേവനങ്ങള്‍, സമുദ്ര ഗതാഗത മേഖലകള്‍ എന്നിവ യൂറോപ്യന്‍ കമ്പനികള്‍ക്കായി ഇന്ത്യ കൂടുതല്‍ തുറന്നുകൊടുക്കും. പരമ്പരാഗതമായി ഇന്ത്യ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഈ മേഖലകളില്‍ യൂറോപ്യന്‍ യൂണിയന് പ്രത്യേക മുന്‍ഗണന ലഭിക്കും. 2032 ഓടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാകും. നികുതിയിനത്തില്‍ വര്‍ഷം തോറും 4 ബില്യണ്‍ യൂറോയുടെ ലാഭം.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും യൂറോപ്പില്‍ 'ഫ്രീ എന്‍ട്രി'

മറുഭാഗത്ത് ഇന്ത്യയ്ക്കും നേട്ടങ്ങള്‍ ഏറെയാണ്. 99.5% ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ 7 വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയന്‍ പൂജ്യമാക്കി മാറ്റും.സമുദ്ര വിഭവങ്ങള്‍ (സീഫുഡ്), തുകല്‍ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ (ടെക്‌സ്‌റ്റൈല്‍സ്), റബ്ബര്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍.

പരിസ്ഥിതി സൗഹൃദ നിക്ഷേപങ്ങള്‍ക്കായി അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 500 ദശലക്ഷം യൂറോ (ഏകദേശം 4500 കോടി രൂപ) ഇന്ത്യയ്ക്ക് നല്‍കാനും യൂറോപ്യന്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്.

വെല്ലുവിളിയായി മത്സരം

ഈ വ്യാപാര കരാറിന്റെ വ്യാപ്തി വളരെ വലുതാണ്. ഇന്ത്യയിലേക്ക് എത്തുന്ന 90 ശതമാനത്തിലധികം യൂറോപ്യന്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ (Tariff) പൂര്‍ണ്ണമായും ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ഈ കരാറിലൂടെ 2032-ഓടെ ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ കയറ്റുമതി ഇരട്ടിയാകുമെന്നും നികുതിയിനത്തില്‍ വര്‍ഷം തോറും 4 ബില്യണ്‍ യൂറോ ലാഭിക്കാനാകുമെന്നും ബ്രസ്സല്‍സ് (EU ആസ്ഥാനം) പ്രതീക്ഷിക്കുന്നു. നിലവില്‍ 44% വരെ നികുതിയുള്ള യന്ത്രസാമഗ്രികള്‍, 22% വരെയുള്ള രാസവസ്തുക്കള്‍, ഏകദേശം 11% നികുതിയുള്ള ഔഷധങ്ങള്‍ എന്നിവയുടെ തീരുവ മിക്കവാറും ഇല്ലാതാകും.

സേവന മേഖലയില്‍, സാമ്പത്തിക-സമുദ്ര സേവനങ്ങളില്‍ യൂറോപ്യന്‍ യൂണിയന് പ്രത്യേക മുന്‍ഗണന ലഭിക്കും. ഇന്ത്യ സാധാരണയായി വളരെ സാവധാനം മാത്രം നിയന്ത്രണങ്ങള്‍ നീക്കുന്ന ഈ മേഖലയില്‍ വലിയൊരു മുന്നേറ്റമായാണ് യൂറോപ്യന്‍ യൂണിയന്‍ ഇതിനെ കാണുന്നത്. ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500 ദശലക്ഷം യൂറോ ഇന്ത്യയ്ക്ക് നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്.

മറുഭാഗത്ത്, ഇന്ത്യയുമായുള്ള 99.5% വ്യാപാര ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഏഴ് വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയന്‍ കുറയ്ക്കും. ഇന്ത്യന്‍ നിര്‍മ്മിത സമുദ്ര വിഭവങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, രാസവസ്തുക്കള്‍, റബ്ബര്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ നികുതി പൂജ്യമായി മാറുമെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

മൊത്തത്തില്‍, യൂറോപ്യന്‍ കയറ്റുമതിക്കാര്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണി തുറന്നുകൊടുക്കുന്നതിനൊപ്പം അതിവേഗം വളരുന്ന ഒരു ഉപഭോക്തൃ വിപണിയില്‍ യൂറോപ്പിന്റെ സ്വാധീനം ഉറപ്പിക്കാനും ഈ കരാര്‍ സഹായിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഓട്ടോമൊബൈല്‍, യന്ത്രസാമഗ്രികള്‍, കെമിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളിലെ ആഭ്യന്തര നിര്‍മ്മാതാക്കള്‍ യൂറോപ്യന്‍ കമ്പനികളുമായുള്ള കടുത്ത മത്സരത്തെ എങ്ങനെ നേരിടും എന്നതാണ് ഇനി ശ്രദ്ധേയമാകുക.

Tags:    

Similar News