കടക്കുപുറത്ത്! ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയ അജണ്ട വെച്ചുപൊറുപ്പിക്കാനാവില്ല; ആറ് കനേഡിയന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കി; ശനിയാഴ്ചയോടെ രാജ്യം വിടാന്‍ നിര്‍ദ്ദേശം; കടുത്ത നടപടി ഹൈകമ്മീഷണര്‍ അടക്കം 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയതിന് പിന്നാലെ

ആറ് കനേഡിയന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കി

Update: 2024-10-14 16:56 GMT

ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്രബന്ധത്തില്‍ സംഘര്‍ഷം നിലനില്‍ക്കെ, ആറ് കനേഡിയന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കി. ആക്ടിംഗ് ഹൈകമീഷണര്‍, ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്

ശനിയാഴ്ചയോടെ ഇവരോട് രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈകമ്മീഷണര്‍ ഉള്‍പ്പെടെ 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്. കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ആക്ടിങ് ഹൈകമ്മീഷണര്‍ സ്റ്റീവാര്‍ട്ട് റോസ് വീലര്‍, ഡപ്യൂട്ടി ഹൈകമ്മീഷണര്‍ പാട്രിക് ഹെബോര്‍ട്ട്, ഫസ്റ്റ് സെക്രട്ടറി മാരി കാതറിന്‍ ജോയ്, ഫസ്റ്റ് സെക്രട്ടറി ഇയാന്‍ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ഫസ്റ്റ് സെക്രട്ടറി ആദം ജെയിംസ് ചുയിപ്ക, ഫസ്റ്റ് സെക്രട്ടറി പൗള ഒര്‍ജ്യുവ്‌ല എന്നിവരോടാണ് ഒക്ടോബര്‍ 19 ന് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെ ഹൈക്കമ്മിഷണറടക്കമുള്ളവരെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.

കേസില്‍ പ്രതിയാക്കാനായി ഹൈക്കമീഷണര്‍ അടക്കം കാനഡ ലക്ഷ്യമിടുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. ഇവരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയുടെ നീക്കം. തീവ്രവാദികളെ സഹായിക്കുന്ന കനേഡിയന്‍ നയത്തിന് ഇന്ത്യ മറുപടി നല്‍കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്. കാനഡ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയും സമാനമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ട്രൂഡോയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. അജണ്ട വെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഇതിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

നേരത്തെ കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ക്കെതിരെ കേസെടുക്കാന്‍ കാനഡ ഇന്ത്യയുടെ അനുവാദം തേടിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുകയാണ്.

നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികള്‍ക്ക് കീഴടങ്ങിയെന്നും ഇന്ത്യ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഹൈകമ്മീഷണറെ കേസില്‍പ്പെടുത്താന്‍ നോക്കുന്നത്, ട്രൂഡോ മത തീവ്രവാദികള്‍ക്ക് കീഴടങ്ങിയതുകൊണ്ടാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

അതേസമയം കാനഡയില്‍ വച്ച് ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലചെയ്യപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. കേസില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഇവര്‍ കാനഡയിലുണ്ടെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരെ ട്രൂഡോ പലതവണ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ കനേഡിയന്‍ പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയും നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഒതുങ്ങിയെന്ന് നിനച്ചിരിക്കവെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ഹൈക്കമീഷണറെ തന്നെ പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കം ഉണ്ടായിരിക്കുന്നത്.

2023 ജൂണ്‍ 18-ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പഞ്ചാബില്‍ പുരോഹിതനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു.

ദേശവിരുദ്ധപ്രവര്‍ത്തനത്തിന് എന്‍.ഐ.എ. ഇയാള്‍ക്കെതിരെ കുറ്റപത്രവും നല്‍കിയിരുന്നു. 1985-ല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബു വെച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാന്‍ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2022-ല്‍ നിജ്ജറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപയാണ് എന്‍.ഐ.എ. പാരിതോഷികം പ്രഖ്യാപിച്ചത്.

Tags:    

Similar News