ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' സംരംഭത്തില്‍ പങ്ക് ചേരുന്നതില്‍ തീരുമാനം എടുക്കാതെ ഇന്ത്യ; അംഗീകരിച്ചു മുന്നോട്ടുപോയാല്‍ ചിലപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കരുതലെടുക്കല്‍; ട്രംപിന്റെ പദ്ധതിയില്‍ ഉടക്കിട്ട് ഫ്രാന്‍സും
ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' സംരംഭത്തില്‍ പങ്ക് ചേരുന്നതില്‍ തീരുമാനം എടുക്കാതെ ഇന്ത്യ
ന്യൂഡല്‍ഹി: ഗാസയുടെ പുനര്‍നിര്‍മ്മാണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' സംരംഭത്തില്‍ പങ്ക് ചേരുന്ന കാര്യത്തില്‍ ഇന്ത്യ ഇനിയും തീരുമാനമെടുത്തിട്ടില്ല. നിര്‍ദേശം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സംരംഭത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കപ്പെട്ടതായി അധികൃതര്‍ സമ്മതിച്ചു. ഒട്ടേറെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കാശ്മീര്‍ വിഷയം അടക്കമുള്ള വിഷയങ്ങളാണ് ട്രംപിന്റെ താല്‍പ്പര്യത്തെ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യയെ പിന്നോട്ടു വലിക്കുന്ന കാര്യം.
ദ്വിരാഷ്ട്ര പരിഹാരത്തേയും മേഖലയിലെ സമാധാനം ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വാരാന്ത്യത്തില്‍ ട്രംപ് 60 രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിരുന്നു. 'ബോര്‍ഡ് ഓഫ് പീസ്' ഗാസയില്‍ സ്ഥിരം സമാധാനം കൊണ്ടുവരുന്നതിലും ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും പുതിയതും ധീരവുമായ സമീപനം സ്വീകരിക്കുമെന്നാണു വാഗ്ദാനം. യുഎസ് പ്രസിഡന്റിനെ ലോകനേതാവായി പ്രതിഷ്ഠിക്കുന്നതിലേക്കും ഇതു നയിക്കും.
പദ്ധതികളെക്കുറിച്ച് ഇന്ത്യയ്ക്ക് ഒട്ടേറെ ആശങ്കകളുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇത് അംഗീകരിച്ചു മുന്നോട്ടുപോയാല്‍ ചിലപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 2025 മെയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന നാല് ദിവസത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ ഇന്ത്യയെ ഏറെ അലോസരപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, 'ബോര്‍ഡ് ഓഫ് പീസി'ല്‍ ചേരാനുള്ള ക്ഷണത്തിന് അനുകൂലമായി പ്രതികരിക്കാന്‍ ഫ്രാന്‍സ് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. 'ഇത് ഗാസയുടെ മാത്രം ചട്ടക്കൂടിന് ചേര്‍ന്നതല്ല. അതിനപ്പുറത്തേക്ക് പോകുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളെയും ഘടനയെയും സംബന്ധിച്ച് പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തുന്നു.' ഫ്രാന്‍സിന്റെ അനൗദ്യോഗിക പ്രതികരണം ഇങ്ങനെയായിരുന്നു.
യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ബെലാറസ്, തായ്‌ലന്‍ഡ് എന്നിവ ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ക്ഷണം ലഭിച്ചതായി സമ്മതിച്ചവരില്‍ ഉള്‍പ്പെടുന്നു. കാനഡ തത്വത്തില്‍ ട്രംപിന്റെ നിര്‍ദ്ദേശത്തിന് അനുകൂലമാണ്. ബോര്‍ഡ് ഓഫ് പീസിന്റെ കാഴ്ചപ്പാട് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒരു എക്സിക്യൂട്ടീവ് ബോര്‍ഡ് രൂപീകരിച്ചതായി വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ എന്നിവരും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്.
അതേസമയം ട്രംപിന്റെ ക്ഷണത്തോട് കരുതലോടെ പ്രതികരിച്ച് രാജ്യങ്ങള്‍. ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് 'ബോര്‍ഡ് ഓഫ് പീസ്' വിഭാവനം ചെയ്തിരിക്കുന്നത്. 'സംഘര്‍ഷമുള്ളതോ സംഘര്‍ഷഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളില്‍ സ്ഥിരതകൈവരുത്തുന്നതിനും ആശ്രയിക്കാന്‍കഴിയുന്നതും നിയമാനുസൃതവുമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീര്‍ഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന' എന്നാണ് അറുപതോളം രാജ്യങ്ങള്‍ക്ക് യുഎസ് അയച്ച കരടുപ്രമാണരേഖയില്‍ 'ബോര്‍ഡ് ഓഫ് പീസി'നെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമാണരേഖയ്‌ക്കൊപ്പം ഇതില്‍ ചേരാനുള്ള ക്ഷണപത്രവുമുണ്ട്.
ഗാസായുദ്ധം അവസാനിപ്പിക്കുന്നതിനും പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി സമാധാനസമിതിയുണ്ടാക്കാനാണ് യുഎന്‍ രക്ഷാസമിതി അനുമതി നല്‍കിയത്. അതിന് 2027 വരെയേ കാലാവധിയുള്ളൂ. എന്നാല്‍, 'ബോര്‍ഡ് ഓഫ് പീസ്' അതുകഴിഞ്ഞും തുടരുമെന്ന സൂചനയാണ് യുഎസ് നല്‍കുന്നത്. ട്രംപ് നിരന്തരം വിമര്‍ശിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്ക് ബദലായാണോ ഇത് ഉണ്ടാക്കുന്നതെന്ന ആശങ്ക വിമര്‍ശകര്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് 'ട്രംപിന്റെ ഐക്യരാഷ്ട്രസഭ'യാണെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞതായി 'റോയിറ്റേഴ്‌സ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഗാസയിലെ ഭാവിനടപടികള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് രൂപവത്കരിച്ച സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്. 'ബോര്‍ഡ് ഓഫ് പീസി'നുകീഴിലുണ്ടാക്കിയ 11 അംഗ 'ഗാസാ എക്‌സിക്യുട്ടീവ് ബോര്‍ഡി'നോടാണ് എതിര്‍പ്പ്. ഗാസാകാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനുള്ള ഈ സമിതിയുണ്ടാക്കിയത് ഇസ്രയേലുമായി ആലോചിച്ചിട്ടല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ഇതേക്കുറിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറിയോടു സംസാരിക്കാന്‍ ഇസ്രയേലി വിദേശകാര്യമന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.
