'മരിച്ച സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ; ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു; അവരുടെ താരിഫ് വളരെ കൂടുതലാണ്; ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ട്രംപ്; രാജ്യതാത്പര്യമാണ് വലുത്, അവ സംരക്ഷിക്കുമെന്ന് ഇന്ത്യയും
'മരിച്ച സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ
വാഷിംഗ്ടണ്‍: താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്പദ്വ്യവസ്ഥകളെന്നും ഇരുവര്‍ക്കും ഒരുമിച്ച് അതിനെ താഴേക്ക് കൊണ്ടുപോകാമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ -റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ രൂക്ഷവിമര്‍ശനം.
'ഇന്ത്യ -റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. അവര്‍ അവരുടെ മരിച്ച സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകട്ടെ. ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു. അവരുടെ താരിഫ് വളരെ കൂടുതലാണ്. റഷ്യയും യുഎസും തമ്മില്‍ ഒരു വ്യാപാരവുമില്ല. ഇപ്പോഴും പ്രസിഡന്റാണെന്ന് വിചാരിക്കുന്ന, തോറ്റ പ്രസിഡന്റ് മെദ്വെദേവിനോട് വാക്കുകള്‍ സൂക്ഷിച്ച് സംസാരിക്കാന്‍ പറയണം. അപകടകരമായ മേഖലയിലാണ് അയാള്‍ കൈവെക്കുന്നത്'; ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇവയാണ് ട്രംപിനെ പ്രകോപിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്.
റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളുടക്കം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യക്കുമേല്‍ 25 ശതമാനം തീരുവുയും പിഴച്ചുങ്കവും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്നിന് തീരുവ നിലവില്‍ വരും. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ രാജ്യതാത്പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവരുടെ വളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു. അതേസമയം ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അനുകൂല നിലപാടും ട്രംപ് സ്വീകരിച്ചിരുന്നു.
പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാര്‍ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നല്‍കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. ''പാക്കിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും.'' ട്രംപ് കുറിച്ചു.
യുഎസിനെ അങ്ങേയറ്റം സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളിലെ നേതാക്കളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ഇതേ പോസ്റ്റില്‍ ട്രംപ് പറയുന്നുണ്ട്. താരിഫ് കുറയ്ക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ യുഎസിന് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വന്‍തോതില്‍ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.