ട്രംപിനോട് ജാവോ.. എന്നു പറയും, റഷ്യയോട് ആവോ എന്നും! ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം; പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി; 'രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്ന്' എന്ന് പ്രഖ്യാപനം; ഉഭയകക്ഷി വ്യാപാരം ശക്തമാക്കും; ഇന്ത്യയുടെ സുദര്‍ശന്‍ ചക്രയിലും പങ്കാളിയാകാന്‍ റഷ്യ

ട്രംപിനോട് ജാവോ.. എന്നു പറയും, റഷ്യയോട് ആവോ എന്നും!

Update: 2025-08-22 02:28 GMT

മോസ്‌കോ: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ മേല്‍ 50 ശതമാനം തീരുവ അടിച്ചേല്‍പ്പിച്ച ട്രംപിന് പിന്നാലെ പോകാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. ചൈനയും റഷ്യയുമായി വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. ഈ നീക്കത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ജയ്ശങ്കര്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വികസിപ്പിക്കുന്നതിലാണ് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

'രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,' ലാവ്റോവുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ജയ്ശങ്കര്‍ പറഞ്ഞു. ഭൗമ-രാഷ്ട്രീയ ഒത്തുചേരല്‍, നേതൃത്വ ബന്ധങ്ങള്‍, ജനകീയ വികാരം എന്നിവയാണ് അതിന്റെ പ്രധാന ചാലകശക്തികളെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസത്തെ റഷ്യ സന്ദര്‍ശനത്തിനെത്തിയതാണ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. സന്ദര്‍ശനത്തില്‍ ഇന്ത്യ-റഷ്യ ഇന്റര്‍-ഗവണ്‍മെന്റല്‍ കമ്മീഷന്‍ ഓണ്‍ ട്രേഡ്, ഇക്കണോമിക്, സയന്റിഫിക്, ടെക്‌നോളജിക്കല്‍ ആന്‍ഡ് കള്‍ച്ചറല്‍ കോ-ഓപ്പറേഷന്റെ (ഐആര്‍ഐജിസി-ടിഇസി) 26-ാമത് സെഷന്റെ സഹ അധ്യക്ഷത വഹിക്കുകയും മോസ്‌കോയില്‍ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറം യോഗത്തെ ജയ്ശങ്കര്‍ അഭിസംബോധന ചെയ്യുകയും ചെയ്തു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് സമ്മര്‍ദം നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. ഇന്ത്യ ഉള്‍പ്പടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക താരിഫ് പ്രഖ്യാപിച്ചിരുന്നു. ഇരട്ട തീരുവയ്ക്ക് പിന്നിലെ യുഎസ് വാദത്തില്‍ അമ്പരപ്പെന്നാണ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ജയശങ്കര്‍ പറഞ്ഞത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയാണ് തീരുവ വര്‍ധനവിന് കാരണമെന്നത് യുക്തി സഹമല്ല. ഇറക്കുമതിയില്‍ മുന്നില്‍ ചൈനയാണെന്നും വിദേശകാര്യ മന്ത്രി ഓര്‍മപ്പെടുത്തി.

ഇന്ത്യറഷ്യ ഉഭയകക്ഷിവ്യാപാരം തീരുവ, നിയന്ത്രണ തടസ്സങ്ങള്‍ മറികടന്ന് സന്തുലിതവും സുസ്ഥിരവുമായ രീതിയില്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകരാജ്യങ്ങളില്‍ ഏറ്റവും സുദൃഢമായ ഉഭയകക്ഷിബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ സെര്‍ഗെയ് ലാവ്‌റോവുമൊത്ത് നടത്തിയ സംയുക്ത മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷാവസാനം പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കായാണ് ജയ്ശങ്കര്‍ റഷ്യയിലെത്തിയത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും സഹകരണം തുടരുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. അതേസമയം റഷ്യയുമായി ആയുധ ഇടപാടും ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. മിസൈല്‍ വ്യോമാക്രമണങ്ങളില്‍നിന്ന് രാജ്യത്തെസംരക്ഷിക്കാന്‍ നൂതനമായ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ അഭിമാന പദ്ധതിയില്‍ പങ്കുചേരാന്‍ റഷ്യയും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് ഇന്ത്യ നല്‍കിയിരിക്കുന്നത് സുദര്‍ശന്‍ ചക്ര എന്നപേരാണ്. ഇതേ പേരിലാണ് പുതിയ സംയോജിത വ്യോമപ്രതിരോധ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ലായാണ് എസ്-400 പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുദര്‍ശന്‍ ചക്ര പദ്ധതിയില്‍ സഹകരിക്കാനുള്ള താത്പര്യം റഷ്യന്‍ ഉപസ്ഥാനപതി

റൊമന്‍ ബബുഷ്‌കിയുടെ വാക്കുകളീലൂടെ പുറത്തുവന്നത്.

ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 30 ശതമാനത്തോളം റഷ്യന്‍ നിര്‍മിതമാണ്. ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിനുള്ള സാധ്യത റഷ്യ തേടുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബബുഷ്‌കിന്റെ പ്രസ്താവന. അതേസമയം, ട്രംപ് അടിച്ചേല്‍പ്പിച്ച തീരുവയെ തുടര്‍ന്ന് ഇന്ത്യയ്ക്കുള്ള റഷ്യയുടെ പിന്തുണയും അദ്ദേഹം ആവര്‍ത്തിച്ചു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന് ഇന്ത്യയ്‌ക്കെതിരെ അമിതമായി നികുതി ചുമത്തുന്നത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് വിപണിയില്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കില്‍, റഷ്യന്‍ വിപണിയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങളെ സ്വാഗതം ചെയ്യുന്നു- ബബുഷ്‌കിന്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ യുഎസ് നികുതികള്‍ നീതികരിക്കാനാകാത്തതാണ്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇന്ത്യ- റഷ്യ ഊര്‍ജ്ജ സഹകരണം തുടര്‍ന്നും മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും റൊമന്‍ പറഞ്ഞു.

Tags:    

Similar News