അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ; ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു തുടങ്ങാം; നികുതി ഭീഷണിയുമായി ട്രംപ് ഉടക്കുമ്പോള്‍ ചൈനയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ
അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ചൈനയുമായി നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം അമേരിക്കയുടെ നിലപാടുകളും മാറുന്നുണ്ട്. ഈഘട്ടത്തിലാണ് ഇന്ത്യ ചൈനയുമായി കൂടുതല്‍ നയതന്ത്ര വഴികളിലേക്ക് കടക്കുന്നത്. ബന്ധം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗായി ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് ഇന്ത്യ പുനസ്ഥാപിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നീണ്ട 5 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടൂറിസ്റ്റ് വിസ പുന:സ്ഥാപിക്കുന്നത്. ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഓണ്‍ലൈന്‍ വഴി വിസ ഫോം പൂരിപ്പിച്ചവര്‍ക്ക് വെബ് ലിങ്ക് വഴി അപ്പോയിന്‍മെന്റ് എടുക്കാം. അതിനു ശേഷം പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളുമായി ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററില്‍ ഹാജരാകണം.
2020ല്‍ കോവിഡ് കാലത്താണ് ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. 22000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞ ചൈനീസ് നടപടിക്ക് പകരമായാണ് ഇന്ത്യ ടൂറിസ്റ്റ് വിസ നല്‍കുന്നത് നിര്‍ത്തി വച്ചത്. ഈ വര്‍ഷമാദ്യം ഇരു രാജ്യങ്ങളും ഡെപാസാങ്, ഡെംചോക്ക് അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി നില നിന്നിരുന്ന പിരിമുറക്കത്തില്‍ അയവ് വരുത്താന്‍ സഹായിച്ചു.
കൂടാതെ ഡല്‍ഹിയില്‍ നിന്ന് ചൈനയിലേക്കും തിരികെയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖാപിച്ചിരുന്നു. ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി ചൈന സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ഈ നടപടി. അന്നത്തെ സന്ദര്‍ശനത്തില്‍ കൈലാസ പര്‍വതം, മാനസ സരോവര്‍ തീര്‍ഥാടനം പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു.
ഷാങ്ഹായ് കോര്‍പ്പറേഷന്റെ വിദേശ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന് ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആറ് വര്‍ഷത്തിന് ശേഷമാണ് ചൈന സന്ദര്‍ശീക്കുന്നതും.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും സമാധാനവും ശാന്തതയും നിലനിര്‍ത്തുകയും ചെയ്തതിലൂടെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതില്‍ ഇന്ത്യയും ചൈനയും നല്ല പുരോഗതി നേടിയിട്ടുണ്ടെന്ന് ജയശങ്കര്‍ കൂടിക്കാഴ്ച്ചക്ക് ശേഷം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ നിന്നുള്ള സേസനാ പിന്‍മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിരതയുള്ളതും ക്രിയാത്മകവുമായ ബന്ധങ്ങള്‍ നമുക്ക് മാത്രമല്ല, ലോകത്തിനും ഗുണകരമാണ്. പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യം, പരസ്പര സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ ഇത് മികച്ച രീതിയില്‍ ചെയ്യാനാകുമെന്ന് ജയശങ്കര്‍ ഊന്നിപ്പറഞ്ഞിരുന്നു.