ചൈനയ്ക്ക് ഇന്ത്യയുടെ 'ഗ്രീന്‍ സിഗ്‌നല്‍'; ഇ-ബി4 വിസയുമായി മോദി സര്‍ക്കാര്‍! ഡ്രാഗന്റെ നാട്ടുകാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് എളുപ്പം പറക്കാം, പക്ഷേ ഒരു കടമ്പ ബാക്കിയുണ്ട്! അമേരിക്ക കടുപ്പിക്കുമ്പോള്‍ ചൈനയോട് കൂടുതല്‍ അടുത്ത് ഇന്ത്യ

ചൈനയ്ക്ക് ഇന്ത്യയുടെ 'ഗ്രീന്‍ സിഗ്‌നല്‍'; ഇ-ബി4 വിസയുമായി മോദി സര്‍ക്കാര്‍!

Update: 2026-01-07 06:17 GMT

ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാര്‍ക്ക് ഒരു പുതിയ തരം ഇ-ബിസിനസ് വിസയുമായി ഇന്ത്യ. ഇ.ബി ഫോര്‍ വിസ എന്നാണ് ഇത് അറിയപ്പെടുന്നത്. ഉപകരണങ്ങളുടെ ഇന്‍സ്റ്റേലഷന്‍, കമ്മീഷന്‍ ചെയ്യല്‍ തുടങ്ങിയ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ ഈയിടെയുണ്ടായ വലിയ മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന ഘടകമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഓണ്‍ലൈന്‍ വിസ പ്രകാരം ആറ് മാസം വരെ ഇന്ത്യയില്‍ താമസിക്കാം. എന്നാല്‍ ഇത് പ്രോസസ്സ് ചെയ്യാന്‍ നാല്‍പ്പത്,മുതല്‍ 50 ദിവസം വരെ എടുക്കും.

ചൈനീസ് അധികൃതര്‍ പുതിയ വിസാ സംവിധാനത്തെ സ്വാഗതം ചെയ്തു എങ്കിലും പ്രോസസിംഗ് സമയം വളരെ കൂടുതലാണ് എന്ന കാര്യം പരാതിയായി ഉന്നയിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് അവരുടെ ആവശ്യം. ഇ-ബി-4 വിസയ്ക്ക് എംബസിയെയോ ഏജന്റുമാരെയോ കാണാതെ തന്നെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ബീജിംഗിലെ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റിലുണ്ട്.

ഇന്‍സ്റ്റലേഷന്‍, കമ്മീഷന്‍ ചെയ്യല്‍, ഗുണനിലവാര പരിശോധന, അവശ്യ അറ്റകുറ്റപ്പണികള്‍, ഉത്പാദനം, ഐടി, ഇആര്‍പി റാമ്പ്-അപ്പ്, പരിശീലനം, എംപാനലിംഗ് വെണ്ടര്‍മാര്‍ക്കുള്ള വിതരണ ശൃംഖല വികസനം, പ്ലാന്റ് ഡിസൈന്‍, സീനിയര്‍ മാനേജ്‌മെന്റ്, എക്സിക്യൂട്ടീവുകള്‍ എന്നിവയ്ക്കായി വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഉപദേശക സമിതി പറയുന്നു. 'ഇന്ത്യയും ചൈനയും സമീപ മാസങ്ങളില്‍, അവരുടെ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ഈ വിസാ സംവിധാനത്തെ സാമ്പത്തിക, വ്യാപാര ബന്ധങ്ങളില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള ഇടപെടലുകളിലെ മറ്റൊരു മികച്ച ചുവടുവയ്പ്പായി കാണാമെന്ന് സിങ്ഹുവ സര്‍വകലാശാലയിലെ നാഷണല്‍ സ്ട്രാറ്റജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം ഡയറക്ടര്‍ ക്വിയാന്‍ ഫെങ് വ്യക്തമാക്കി. സാമ്പത്തിക പ്രവര്‍ത്തനങ്ങളും വിപണി ആവശ്യങ്ങളും വേഗത്തില്‍ മാറുന്ന ഇന്നത്തെ കാലഘട്ടത്തില്‍, സമയം കാര്യക്ഷമതയ്ക്കും പണത്തിനും തുല്യമാണ്. ഈ വിസയ്ക്കുള്ള ഏകദേശം 50 ദിവസത്തെ പ്രോസസ്സിംഗ് കാലയളവ് ഇപ്പോഴും അമിതമായി ദൈര്‍ഘ്യമേറിയതാണെന്നാണ് അദ്ദേഹം പറയുന്നത്.

ചൈനയിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരം ഇ-ബി-4 വിസ ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള രേഖകളില്‍ ഇന്ത്യന്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പ് ലെറ്റര്‍, അപേക്ഷകന്റെ നിലവിലെ തൊഴിലുടമയുടെ പ്രൊഫോര്‍മ വിശദാംശങ്ങള്‍, ഹുക്കൗ രേഖ, അപേക്ഷകന്റെ ബയോഡാറ്റ എന്നിവ ഉള്‍പ്പെടുത്തണം. ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളെല്ലാം ഇംഗ്ലീഷില്‍ മാത്രമായിരിക്കണമെന്നും ഇ-ബി-4 വിസയില്‍ ഇന്ത്യയില്‍ എത്തുമ്പോള്‍, വിസയുടെ കാലാവധി പരിഗണിക്കാതെ, അപേക്ഷകര്‍ എത്തിച്ചേര്‍ന്ന 14 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ ഇലക്ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്യുകയും വേണം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, അഞ്ച് വര്‍ഷത്തെ ഇടവേളയിലായിരുന്ന ചൈന-ഇന്ത്യ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സഞ്ചാരികളില്‍ നിന്നും ബിസിനസ്സ് ഗ്രൂപ്പുകളില്‍ നിന്നും കമ്പനികളില്‍ നിന്നും ഇതിന് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പുനരാരംഭിച്ചിരുന്നു.

Tags:    

Similar News