ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഇറാനില്‍ അറസ്റ്റില്‍; ഏകാന്ത തടവിലെന്ന് റിപ്പോര്‍ട്ടുകള്‍; ഇറാന്‍ നടപടി കാരണം വ്യക്തമാക്കാതെ; ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സുള്ള സാല ഇറ്റാലിയന്‍ ടോക് ഷോകളിലെ സ്ഥിരം അതിഥി; സിറിയയിലെ രാഷ്ട്രീയ അട്ടിമറിയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഇറാനില്‍ അറസ്റ്റില്‍

Update: 2024-12-28 04:48 GMT

ടെഹ്‌റാന്‍: ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോയുടെയും പോഡ്കാസ്റ്റ് കമ്പനിയായ ചോറ മീഡിയയുടെയും യുദ്ധ ലേഖികയും റിപ്പോര്‍ട്ടറുമായ സിസിലിയ സാല ആണ് അറസ്റ്റിലായത്. ഒരാഴ്ചയായി ഇവര്‍ ഏകാന്തതടവിലാണെന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക വിസയില്‍ ഇറാനിലെത്തിയ സിസിലിയ രാജ്യത്തെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തേപ്പറ്റിയും സിറിയയിലെ അട്ടിമറിയെക്കുറിച്ചും നിരവധി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.

ഈ മാസം 19നാണ് സാലയെ ഇറാന്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വിവരം ഇന്നലെ മാത്രമാണ് പുറത്തുവിട്ടത്. ഡിസംബര്‍ 20ന് നാട്ടിലേക്ക്് മടങ്ങി പോകാനിരിക്കെയായിരുന്നു തെഹ്റാന്‍ പൊലീസിന്റെ നടപടി. അറസ്റ്റിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് ഇപ്പോള്‍ സാലയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ തടവില്‍വെയ്ക്കുന്ന ജയിലാണിത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് 2018 ല്‍ അമേരിക്കന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ ജയിലാണ് ഇത്.

ഇറ്റാലയിന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത് അനുസരിച്ച്്് ജയിലില്‍ നിന്നും ബന്ധുക്കള്‍ക്ക് രണ്ട് തവണ ഫോണ്‍ ചെയ്യാന്‍ സാലയ്ക്ക് അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച സാലയെ ജയിലില്‍ സന്ദര്‍ശിച്ച ഇറ്റാലിയന്‍ അംബാസിഡര്‍ പാവോല അമാദേയി അവര്‍ പൂര്‍ണ ആരോഗ്യവതിയാണെന്നാണ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള സാല ഇറ്റാലിയന്‍ ടോക് ഷോകളിലെ സ്ഥിരം അതിഥിയാണ്.

കാബൂളിന്റെ പതനവും അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവും, വെനിസ്വേലയിലെ പ്രതിസന്ധി, യുക്രെയ്‌നിലെ യുദ്ധം, ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ റിപ്പോര്‍ട്ടിങ്ങ് നടത്തിയിട്ടുണ്ട്. സിസിലിയ സാലയെ രക്ഷിക്കാനായി എല്ലാ ശ്രമവും നടത്തുമെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈദോ ക്രോസെറ്റോ വ്യക്തമാക്കി.

സാലയുടെ അറസ്റ്റിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ഈ മാസം 12ന് ടെഹ്റാനില്‍ എത്തിയ സാല നിരവധി പ്രമുഖരുമായി അഭിമുഖങ്ങള്‍ നടത്തുകയും പല വിഷയങ്ങളിലും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ മാസം 20ന് അവര്‍ റോമിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇറാന്‍ അധികൃതര്‍ ആദ്യഘട്ടത്തില്‍ സാലയുടെ അറസ്റ്റ് സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. സാല ജോലി ചെയ്യുന്ന പോഡ്കാസ്റ്റ് സ്ഥാപനമായ ചോറയും സാലയുടെ കുടുംബാംഗങ്ങളും ആദ്യം ഈ വാര്‍ത്ത പുറത്ത് വിടാതിരുന്നത് ഇറാന്‍ അധികൃതര്‍ അവരെ വിട്ടയക്കാന്‍ അത് തടമാകുമെന്ന് കരുതിയായിരുന്നു.

ഇറാനും ഇറ്റലിയും തമ്മിലുള്ള ബന്ധം കുറേ നാളായി അത്ര നല്ല രീതിയില്‍ അല്ല തുടരുന്നത്. അമേരിക്കയുടെ ആവശ്യപ്രകാരം ഇറ്റലിയില്‍ രണ്ട് ഇറാന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇറാന്‍ സര്‍ക്കാര്‍ ഇറ്റലിയുടേയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അംബാസിഡര്‍മാരെ

വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇറ്റലിയിലെ പ്രതിപക്ഷ കക്ഷി നേതാക്കളും സാലയുടെ മോചനക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന്് ആവശ്യപ്പെട്ടിരുന്നു. ഈയിടെ ഹിജാബ് ധരിക്കാതെ പാട്ടുപാടിയ വീഡിയോ പോസ്റ്റ് ചെയ്ത ഗായികയെ ഇറാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

ഇവര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത രണ്ട് കലാകാരന്‍മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈയിടെ ഇറാന്‍ ഭരണകൂടത്തിന്റെ കര്‍ശന നിലപാടുകള്‍തക്കെതിരെ അര്‍ദ്ധ നഗ്‌നയായി സര്‍വ്വകലാശാലാ കാമ്പസില്‍ നടന്നതിന് ഒരു വിദ്യാര്‍ത്ഥിനിയെ പോലീസ് ക്രൂരമായി

മര്‍ദ്ദിച്ചതിന് ശേഷം മാനസികരോഗാശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ പേരില്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

Tags:    

Similar News