നാല് വര്‍ഷത്തിനിടെ ഇറാനില്‍ മരിച്ചത് രണ്ട് സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥരും ഒരു വിനോദസഞ്ചാരിയും; എംബസി ജീവനക്കാരന് നേരെ വധശ്രമവും; ഡെപ്യൂട്ടി അംബാസഡര്‍ സില്‍വി ബ്രണ്ണന്‍ മരിച്ചത് 17ാം നിലയില്‍ നിന്ന് വീണ്; ദുരൂഹ മരണങ്ങള്‍ ഇറാന്‍ ഭരണകൂടം അറിഞ്ഞുള്ള കൊലപാതകങ്ങളോ?

നാല് വര്‍ഷത്തിനിടെ ഇറാനില്‍ മരിച്ചത് രണ്ട് സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥരും ഒരു വിനോദസഞ്ചാരിയും

Update: 2025-07-04 03:54 GMT

ടെഹ്‌റാന്‍: ഇറാനില്‍ സ്വിസ് നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി സൂചന. സ്വിറ്റ്സര്‍ലന്‍ഡിന്റെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാനില്‍ രണ്ട് സ്വിസ് ഉദ്യോഗസ്ഥരുടെയും ഒരു വിനോദസഞ്ചാരിയുടെയും ദുരൂഹ മരണങ്ങള്‍ക്കും ഒരു എംബസി ജീവനക്കാരന് നേരെയുണ്ടായ ആക്രമണത്തിനും പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്. സ്വിസ് എംബസിയെ അമേരിക്കക്കാര്‍ ഒത്തു കൂടുന്ന കേന്ദ്രമായിട്ടാണ് ഇറാന്‍ കാണുന്നതെന്നാണ് ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, 2021-ല്‍ ടെഹ്‌റാനിലെ സ്വിസ് ഡെപ്യൂട്ടി അംബാസഡര്‍ സില്‍വി ബ്രണ്ണറുടെ അസ്വാഭാവികമായ മരണത്തില്‍ സംശയമുണ്ട്. അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ പതിനേഴാം നിലയില്‍ നിന്നാണ് വീണ് മരിച്ചത്. ബ്രണ്ണറിനെ തള്ളിയിട്ട് കൊന്നതാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ഇറാനില്‍, ചില സ്വിസ് എംബസി ജീവനക്കാര്‍ അമേരിക്കയുടെ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മതഭരണകൂടം വിശ്വസിക്കുന്നതെന്നാണ് ഈ മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഉദ്യോഗസ്ഥന്‍മാര്‍ ബ്രണ്ണറുടെ മരണം ആത്മഹത്യയാണെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം, തലയ്ക്കും വയറിനും ഗുരുതരമായ പരിക്കുകളോടെ ടെഹ്‌റാനിലെ ഒരു ഹോട്ടലില്‍ ഒരു സ്വിസ് പ്രതിരോധ അറ്റാഷെ കുഴഞ്ഞുവീണിരുന്നു.

ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടു പോയി ചികിത്സിച്ചു എങ്കിലും മാസങ്ങള്‍ക്കകം മരിക്കുകയായിരുന്നു. ഒരു സുപ്രധാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം എന്നാണ് സ്വിസ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അറ്റാഷേയുടേത് സ്വാഭാവിക മരണമെന്നാണ് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയത്. മൂന്ന് മാസത്തിനു ശേഷം 2023 സെപ്റ്റംബറില്‍ ജോലിസ്ഥലത്തേക്ക് നടക്കുമ്പോള്‍ മറ്റൊരു എംബസി ജീവനക്കാരനും ആക്രമിക്കപ്പെട്ടിരുന്നു. കൈയ്യില്‍ വെടിയേറ്റിട്ടും കുത്ത് കൊണ്ടിട്ടും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ ഇറാന്‍ അധികൃതര്‍ ഇതൊരു കവര്‍ച്ചാശ്രമമായിട്ടാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്രയും കനത്ത സുരക്ഷയുള്ള രാജ്യ തലസ്ഥാനത്ത് ഇത് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വിസ് അധികൃതര്‍ ഈ വാദം തള്ളിക്കളയുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ചാരവൃത്തി ആരോപിച്ച് ജയിലിലടക്കപ്പെട്ട 60 വയസ്സുള്ള ഒരു സ്വിസ് വിനോദസഞ്ചാരിയെ സെംനാന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇദ്ദേഹത്തിന്റെ മൃതദേഹം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുവന്നു എങ്കിലും പോസ്റ്റ്‌മോര്‍ട്ടം ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ദുരൂഹ മരണങ്ങളില്‍ വ്യക്തത കൈവരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇറാനില്‍ അത് സാധ്യമാണെന്ന് കരുതില്ലെന്നുമാണ് സ്വിസ് അധികൃതര്‍ പറയുന്നത്. സില്‍വി ബ്രണ്ണര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് അവര്‍ മരിച്ചതിന് തൊട്ടു പിന്നാലെ ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

അതേസമയം ഇറാന്‍ അധികൃതര്‍ സില്‍വിയുടെ മരണത്തിന്റെ അന്വേഷണ ഫയല്‍ സ്വിസ് സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചിരുന്നു. കൂടാതെ അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് അവരുടെ പല ആന്തരികാവയവങ്ങളും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ബ്രണ്ണറുടെ സഹോദരനായ വിന്‍സന്റ് ആരോപിക്കുന്നത്

ഇതൊരു കൊലപാതകം ആണെന്നാണ്.

മരണത്തെ കുറിച്ചുള്ള അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ ഇറാന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു.

റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ അവരുടെ ഇന്റലിജന്‍സ് പ്രവര്‍ത്തനം ശക്തമാക്കിയതായും സൂചനയുണ്ട്. സ്വിസ് സര്‍ക്കാരുകള്‍ എപ്പോഴും അമേരിക്കയുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നാണ് ഇവരുടെ പരാതി.

Tags:    

Similar News