യുറേനിയം സമ്പുഷ്ടീകരണം അഭിമാനത്തിന്റെ ഭാഗം; ആണവ സമ്പുഷ്ടീകരണ പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; ആണവ വൈദ്യുതനിലയങ്ങള്‍ക്ക് വേണ്ടിയുള്ള യുറേനിയം മാത്രമാണ് ഞങ്ങള്‍ ശേഖരിക്കുന്നുള്ളൂവെന്നും അബ്ബാസി അരാഗച്ചി

യുറേനിയം സമ്പുഷ്ടീകരണം അഭിമാനത്തിന്റെ ഭാഗം

Update: 2025-07-22 11:35 GMT

ടെഹ്‌റാന്‍: യുറേനിയം സമ്പുഷ്ടീകരണത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസി അരാഗച്ചി. യു.എസ്-ഇസ്രായേല്‍ ആക്രമണം തങ്ങളുടെ ആണവസമ്പുഷ്ടീകരണ പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് അരാഗത്തി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആണവസമ്പുഷ്ടീകരണം ഇറാന്റെ അഭിമാന പദ്ധതിയായി മാറിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവകേന്ദ്രങ്ങള്‍ക്ക് നാശമുണ്ടായി എന്നത് ശരിയാണ്. ഇപ്പോള്‍ ഞങ്ങളുടെ ശാസ്തജ്ഞര്‍ ആണവകേന്ദ്രങ്ങള്‍ക്ക് എത്രത്തോളം നാശമുണ്ടായെന്ന പരിശോധന നടത്തുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആണവ വൈദ്യുതനിലയങ്ങള്‍ക്ക് വേണ്ടിയുള്ള യുറേനിയം മാത്രമാണ് ഞങ്ങള്‍ ശേഖരിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആണവ പദ്ധതി പരിശോധിക്കുന്നതിനോ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുന്നതിനോ ഇറാന്‍ സമ്മതിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ആണവ പരിപാടി പുനരാരംഭിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഇറാനില്‍ നിന്ന് പരിശോധകരെ പിന്‍വലിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചിരുന്നു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനായി ഇറാന്‍ യുറേനിയം സമ്പുഷ്ടമാക്കുകയാണെന്ന് യു.എസും ഇസ്രായേലും ആവര്‍ത്തിക്കുന്നതിനിടെയാണ് അറിയിപ്പ്. ആണവ ബോംബ് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതും ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. ആണവ പദ്ധതി സിവിലിയന്‍ ഉപയോഗത്തിന് മാത്രമാണെന്നും ഇറാന്‍ ആവര്‍ത്തിച്ചു.

അതേസമയം, തുര്‍ക്കിയില്‍ വെച്ച് ഇറാന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ പ്രതിനിധികളുമായി 25-ന് ചര്‍ച്ച നടത്താന്‍ ഇറാന്‍ തയ്യാറെടുക്കുന്നുണ്ട്. ചര്‍ച്ച ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു. ആണവപദ്ധതി സംബന്ധിച്ചു ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി അടുത്തയാഴ്ച ഇറാന്‍ ചര്‍ച്ച നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.

തുര്‍ക്കിയിലെ ഇസ്തംബൂളിലാണ് ചര്‍ച്ച. യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കായ കാലസ്, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ ചര്‍ച്ചയ്ക്കുപിന്നാലെയാണു തീരുമാനം. കരാര്‍ പുനഃസ്ഥാപിക്കാന്‍ ചര്‍ച്ച നടത്തുന്നില്ലെങ്കില്‍ അടുത്ത മാസാവസാനത്തോടെ ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും വന്‍ശക്തികള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. 2015 ല്‍ ഇറാനും വന്‍ശക്തികളുമായുണ്ടാക്കിയ ആണവക്കരാറില്‍നിന്ന് യുഎസ് 2018ല്‍ ഏകപക്ഷീയമായി പിന്മാറിയിരുന്നു.

Tags:    

Similar News