'ഞങ്ങളെ ആക്രമിച്ചാല്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല; ശക്തമായ തിരിച്ചടി നേരിടേണ്ടി വരും'; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍; 'അവര്‍ ദുഷ്ടത കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു' എന്ന് ആയത്തുള്ള ഖമേനിയും

'ഞങ്ങളെ ആക്രമിച്ചാല്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല

Update: 2025-04-01 07:07 GMT

ടെഹ്റാന്‍: അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാല്‍ പ്രതിരോധത്തിനായി ആണവായുധങ്ങള്‍ സ്വന്തമാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് പ്രതികരിച്ച് ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവാണ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി രംഗത്തുവന്നത്. ടെഹ്റാന്‍ വാഷിങ്ടണുമായി ആണവ പദ്ധതി സംബന്ധിച്ച് ഒരു കരാറിലെത്തിയില്ലെങ്കില്‍ ബോംബാക്രമണവും കൂടുതല്‍ തീരുവകളും ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനാണ് മറുപടിയുമായി ഇറാന്‍ രംഗത്തുവന്നത്.

ട്രംപിന്റെ 'അശ്രദ്ധയും യുദ്ധസ്വഭാവവുമുള്ള' പരാമര്‍ശങ്ങള്‍ക്കെതിരെ തിങ്കളാഴ്ച ഇറാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ പരാതിപ്പെട്ടു. ഞങ്ങള്‍ ആണവായുധങ്ങളിലേക്ക് നീങ്ങുന്നില്ല, പക്ഷേ ഇറാനിയന്‍ ആണവ വിഷയത്തില്‍ യു.എസ് എന്തെങ്കിലും തെറ്റ് ചെയ്താല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന് അതിലേക്ക് നീങ്ങുകയല്ലാതെ മറ്റ് വഴികളില്ല.' ഖാംനഇയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു.

ഇറാന്‍ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ മറ്റ് മാര്‍ഗമില്ലെന്നും ഏതെങ്കിലും ഘട്ടത്തില്‍ യു.എസ് സ്വയമേവയോ അല്ലെങ്കില്‍ ഇസ്രായേല്‍ വഴിയോ ബോംബാക്രമണത്തിലേക്ക് നീങ്ങുകയാണെങ്കില്‍ നിങ്ങള്‍ ഇറാനെ വ്യത്യസ്തമായ ഒരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി യു.എന്‍ സുരക്ഷാ കൗണ്‍സിലിന് കത്തയച്ചു. അമേരിക്കയുടെയോ ഇസ്രായേല്‍ ഭരണകൂടത്തിന്റെയോ ഏതൊരു ആക്രമണത്തിനെതിരെയും ഇറാന്‍ പ്രതികരിക്കുമെന്ന് അദ്ദേഹം എഴുതി. 'അവര്‍ ദുഷ്ടത കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു'വെന്ന് റമദാന്‍ ആഘോഷ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ ട്രംപിന്റെ ഭീഷണിയോട് ആയത്തുള്ള ഖമേനിയും പ്രതികരിച്ചു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ മുതിര്‍ന്ന കമാന്‍ഡറായ ജനറല്‍ അമിറാലി ഹാജിസാദെ, മേഖലയിലെ അമേരിക്കന്‍ താവളങ്ങളുടെയും സൈനികരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി. 'ഇറാന് ചുറ്റുമുള്ള മേഖലയില്‍ അമേരിക്കക്ക് കുറഞ്ഞത് 10 താവളങ്ങളെങ്കിലും ഉണ്ട്. 50,000 സൈനികരുമുണ്ട്' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഒരു ഗ്ലാസ് മുറിയിലായിരിക്കുന്ന ഒരാള്‍ ആരെയും കല്ലെറിയരുത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ചര്‍ച്ചകള്‍ ഒഴിവാക്കുന്നില്ല; വാഗ്ദാന ലംഘനമാണ് ഇതുവരെ ഞങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് -ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അഭിപ്രായപ്പെട്ടു. വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിക്കണമെന്നും പറഞ്ഞു. അതേസമയം, ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് യു.എസ് ആവര്‍ത്തിച്ചു.

അതേസമയം ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2015 ലുണ്ടായിരുന്ന കരാറില്‍ നിന്ന് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ പരിധികള്‍ ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ തീരുമാന പ്രകാരമായിരുന്നു അമേരിക്ക അന്ന് പരിധികള്‍ ഏര്‍പ്പെടുത്തിയത്. കൂടാതെ ഇറാനുമേല്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനുശേഷം, ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കയുമായി നേരിട്ട് ചര്‍ച്ചക്കള്‍ക്ക് ഇറാന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് അയച്ച കത്തിന് ഒമാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയിരുന്നത്. സൈനിക പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാന്‍ തള്ളിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകള്‍ നടത്താന്‍ ടെഹ്റാന്‍ തയ്യാറാണെന്നുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

Tags:    

Similar News