ഇറാന്റെ മിസൈലാക്രമണത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചില്ല; തങ്ങളുടെ മണ്ണില്‍ കാല്‍ കുത്തരുത്; യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്
അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്
ടെല്‍ അവീവ്: ഇറാന്റെ മിസൈലാക്രമണത്തെ പേരെടുത്ത് പറഞ്ഞ് അപലപിക്കാതിരുന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ അപലപിക്കുന്നതായും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടെറെസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ഇറാനെ അദ്ദേഹം പരാമര്‍ശിച്ചില്ല. ഇതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.
ഗുട്ടെറെസിനെ 'ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഇസ്രയേല്‍ വിരുദ്ധ സെക്രട്ടറി ജനറല്‍ എന്നാണ് കാറ്റ്‌സ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനെ ഇസ്രയേല്‍ 'പേഴ്‌സണ നോണ്‍ ഗ്രാറ്റ' (അസ്വീകാര്യനായ വിദേശ പ്രതിനിധി / നയതന്ത്രജ്ഞന്‍) ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്. 'ഇറാന്റെ ക്രൂരമായ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രയേല്‍ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല' എന്നും കാറ്റ്‌സ് വ്യക്തമാക്കി. 'യുദ്ധം ആരംഭിച്ചതുമുതല്‍ ഗുട്ടെറെസിന്റേത് ഇസ്രയേല്‍ വിരുദ്ധ നയമാണെന്നും കാറ്റ്‌സ് കുറ്റപ്പെടുത്തി.