നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങാന്‍ സാധ്യത; റിസര്‍വ് സൈന്യത്തെ വിളിച്ച് ഇസ്രായേല്‍; അറിയേണ്ടത് ശനിയാഴ്ച്ച മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കുമോ എന്ന്; ഗാസ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടത് 5300 കോടി ഡോളറെന്ന് യുഎന്‍ റിപ്പോര്‍ട്ട്

നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങാന്‍ സാധ്യത

Update: 2025-02-13 06:07 GMT

ജറുസലേം: ഗാസയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചന നല്‍കി റിസര്‍വ് സൈന്യത്തെ വിളിച്ച് ഇസ്രായേല്‍. ശനിയാഴ്ച മൂന്ന് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നാണ് ഇസ്രായേല്‍ ഭീഷണി മുഴക്കി. ഇതിനിടെയാണ് റിസര്‍വ് സൈന്യത്തെ യുദ്ധം ചെയ്യാനായി ഇസ്രായേല്‍ വിളിച്ചിരിക്കുന്നത്. നെതന്യാഹു ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പടയൊരുക്കവും തുടങ്ങിയത്.

യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിനെതിരെ വീണ്ടും യുദ്ധം തുടങ്ങാനാണ് നെതന്യാഹു ആഹ്വാനം ചെയ്തത്. ശനിയാഴ്ചക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കില്‍ ഹമാസിനെതിരെ 'നരകത്തിന്റെ കവാടങ്ങള്‍' തുറക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

മന്ത്രിസഭ യോഗശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മുഴുവന്‍ ബന്ദികളെയും വിട്ടയക്കാത്ത പക്ഷം ഇസ്രായേല്‍ സമാധാന കരാര്‍ റദ്ദാക്കണമെന്നും നരകം തുറക്കട്ടെയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ബന്ദി മോചനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിവരുന്നവരെ ഇസ്രായേല്‍ സൈന്യം തടയുന്നുവെന്നും സഹായവസ്തുക്കള്‍ എത്താന്‍ അനുവദിക്കുന്നില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം അമേരിക്കന്‍ പിന്തുണയോടെ ഗാസയില്‍നിന്ന് പലസ്തീന്‍കാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട് ഇസ്രയേല്‍. പലസ്തീന്‍ ജനതയും അന്താരാഷ്ട്രസമൂഹവും എതിര്‍പ്പ് ശക്തമാക്കുമ്പോഴാണ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ നീക്കം. ഗാസക്കാരെ വലിയതോതില്‍ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസ പുനര്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നീക്കത്തിനെതിരേ ഈജിപ്ത് ശക്തമായ എതിര്‍പ്പ് യു.എസിനെയും ഈജിപ്തിനെയും അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ റാലി നടത്തിരുന്നു. കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതും ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധവുമായ ട്രംപിന്റെ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. ഇലോണ്‍ മസ്‌കിനെതിരേയും പ്രതിഷേധമുയര്‍ന്നു.

ഗാസയിലെ ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ച് വിപുലമായ പുനര്‍നിര്‍മാണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, പുനര്‍നിര്‍മാണത്തിനായി പലസ്തീന്‍കാരെ ഗാസയില്‍നിന്ന് താത്കാലികമായി മാറ്റുകയെന്നതുമാത്രമാണ് ട്രംപിന്റെ പദ്ധതിയെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ അവകാശപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്ത് ഗാസയെ പുനര്‍നിര്‍മിക്കാനുള്ള സഹായപദ്ധതിയാണ് ട്രംപിന്റേതെന്നും ഗ്വാട്ടിമാലയില്‍വെച്ച് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇതേ അഭിപ്രായമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റും വാഷിങ്ടണില്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. ഗാസ ഇപ്പോള്‍ ആളുകള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഇടമാണ്. അത്തരമൊരു സ്ഥലത്ത് കഴിയാന്‍ ആളുകളോട് ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമാണെന്നും അവര്‍ പറഞ്ഞു.

ട്രംപിന്റെ നിര്‍ദേശത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്വാഗതംചെയ്തിരുന്നു. എന്നാല്‍, ഗാസക്കാരെ ഒഴിപ്പിക്കുന്നത് പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ കലുഷിതമാക്കുമെന്നായിരുന്നു ഈജിപ്ത്, ജോര്‍ദാന്‍ അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസ പുനര്‍ നിര്‍മ്മിക്കാന്‍ 5314 കോടി ഡോളര്‍ വേണ്ടി വരുമെന്നാണ് യുഎന്‍ കണക്കാക്കുന്നത്. ആദ്യത്തെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 2056 കോടി ആവശ്യമാണെന്നും യുഎന്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറാസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വന്‍ തുക മുടക്കി ഗാസയെ വീണ്ടെടുക്കല്‍ വലിയ പ്രതിസന്ധിയാണ്. ഗസ്സയില്‍ നിലവില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാട് പ്രയാസമേറിയതാണെന്നാണ് അറബ് രാജ്യങ്ങള്‍ പറയുന്നത്. പ്രദേശവാസികളെ കുടിയൊഴിപ്പിക്കാതെ തന്നെ ഗസ്സയുടെ പുനര്‍നിര്‍മാണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനികളെ ഒഴിപ്പിച്ചുള്ള പരിഹാരം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയും പറഞ്ഞു.

Tags:    

Similar News