മൂന്ന് മാസമായി തുടരുന്ന ഉപരോധം നീക്കുന്നു; ഗാസയിലേക്ക് പരിമിതമായ അളവില്‍ അവശ്യ വസ്തുക്കള്‍ വിതരണത്തിനായി കൊണ്ടു വരാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍; ഹമാസ് ഭീകരര്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
മൂന്ന് മാസമായി തുടരുന്ന ഉപരോധം നീക്കുന്നു
ഗാസ: കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഉപരോധത്തിന് ശേഷം ഗാസയിലേക്ക്് പരിമിതമായ അളവില്‍ അവശ്യ വസ്തുക്കള്‍ വിതരണത്തിനായി കൊണ്ടു വരാന്‍ അനുവദിക്കുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗാസാ മുനമ്പില്‍ ഇസ്രയേല്‍ കരസേന സൈനിക നടപടികള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് പട്ടിണി ദുരന്തം ഉണ്ടാകാതിരിക്കാനാണ് ഇസ്രയേല്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് രണ്ട് മുതലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് ഇസ്രയേല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്ച മുതല്‍ ഗാസയില്‍ സൈനിക സന്നാഹം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഇളവ് അനുവദിക്കുന്നതെന്നാണ് നെതന്യാഹുവും വ്യക്തമാക്കിയത്. എന്നാല്‍ ഈ സഹായം എത്തിക്കുന്നത് എങ്ങനെയാണ് എന്നോ എപ്പോഴാണ് എന്നോ ഇസ്രയേല്‍ അറിയിച്ചിട്ടില്ല. പുതിയ സംവിധാനം നടപ്പിലാകുന്നത് വരെ നിലവിലുള്ള മാര്‍ഗങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കാനാണ് നീക്കമെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹമാസ് ഭീകരര്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നാണ് നെതന്യാഹുവും വ്യക്തമാക്കുന്നത്. നേരത്തേ ഗാസയിലേക്ക് എത്തിക്കുന്ന ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഹമാസ് ഭീകരര്‍ തട്ടിയെടുത്തതിന് ശേഷം കരിഞ്ചന്തയില്‍ കൊള്ളവിലക്ക് വില്‍ക്കുന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് ഇവയുടെ വിതരണം ഇസ്രയേല്‍ സൈന്യം വിലക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഗാസയില്‍ ഏറ്റുമുട്ടലില്‍ അമ്പത്തി മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഇരുപത് ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറി എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ല എന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഗാസയില്‍ പട്ടിണിയും ദുരിതങ്ങളും തുടരുന്നു എന്നാണ് ചില സംഘടനകള്‍ അവകാശപ്പെടുന്നത്. ഇന്നലെ രാവിലെ മുതല്‍ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ക്ക് എതിരെ ഇസ്രയേല്‍ ശക്തമായ കരയുദ്ധമാണ് നടത്തുന്നത്. നൂറിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് സൂചന.
ഗാസാ മുനമ്പ് പിടിച്ചെടുക്കാനും ലക്ഷക്കണക്കിന് ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഹമാസ് തീവ്രവാദികള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാതെ ഇപ്പോഴും ഫലസ്തീന്‍ ജനതയെ മറയായി നിര്‍ത്തി ഇസ്രയേലിന് എതിരായ ആക്രമണം തുടരുകയാണ്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ഗാസയിലെ നസര്‍ ആശുപത്രിക്ക് നേരേയും ഇസ്രേയല്‍ ആക്രമണം നടത്തിയിരുന്നു. പല ഹമാസ് നേതാക്കളും രോഗികള്‍ എന്ന വ്യാജേന ഇവിടെ കഴിയുകയായിരുന്നു എന്ന വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ആക്രമണം നടത്തിയത്.