ഹമാസിന്റെ പുതിയ തലവനെ തീര്‍ക്കാന്‍ ഇസ്രയേലിന്റെ ഓപ്പറേഷന്‍ ഖാന്‍ യൂനിസ്; ആക്രമണത്തില്‍ അനേകര്‍ കൊല്ലപ്പെട്ടു; മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിക്കാത്ത ഇസ്രായേല്‍: വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചുള്ള ആക്രമണം തുടരുന്നു

ഹമാസിന്റെ പുതിയ തലവനെ തീര്‍ക്കാന്‍ ഇസ്രയേലിന്റെ ഓപ്പറേഷന്‍ ഖാന്‍ യൂനിസ്

Update: 2025-05-14 03:33 GMT

ഗാസ സിറ്റി: ഹമാസിന്റെ പുതിയ തലവനെ തീര്‍ക്കാനായി ഇസ്രയേലിന്റെ ഓപ്പറേഷന്‍ ഖാന്‍ യുനീസ്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പുതിയ തലവനായ മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടോ എന്ന കാര്യം ഇസ്രയേല്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ ലക്ഷ്യമിട്ട് ഗാസയിലെ ഒരാശുപത്രിക്ക് നേരേയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ഹമാസ് തലന്‍ ആയിരുന്ന യാഹ്യാ സിന്‍വറിനെ ഗാസയിലെ കശാപ്പുകാരന്‍ എന്ന് വിളിച്ചിരുന്നത് പോലെ മുഹമ്മദ് സിന്‍വര്‍ ഖാന്‍ യുനീസിലെ കശാപ്പുകാരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇയാളെ പിടികൂടിയിട്ടുണ്ടോ അതോ കൊല്ലപ്പെട്ടോ എന്നീ കാര്യങ്ങള്‍ ഉടന്‍ തന്നെ അറിയിക്കും

എന്നാണ് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. തെക്കന്‍ ഗാസയിലെ യൂറോപ്യന്‍ ആശുപത്രിക്ക് നേരേയാണ് ആക്രമണം നടന്നത്. ഇസ്രയേല്‍ വ്യോമസേനയാണ് ഇവിടെ ആക്രമണം നടത്തിയത്.

ആശുപത്രിയിലെ കമാന്റ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നിരവധി ഹമാസ് തീവ്രവാദികളെ കണ്ടെത്തിയതായി ഇസ്രേയല്‍ അവകാശപ്പെട്ടു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് വന്‍ തോതില്‍ പുകപടലങ്ങള്‍ ഉയരുന്നത് കാണാന്‍ കഴിയും. എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കാര്യം

ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ സഹോദരനായ യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് മുഹമ്മദ് സിന്‍വര്‍ ഹമാസിന്റെ തലവനായി മാറുന്നത്.

യാഹ്യാ സിന്ഡവറിന് പിന്നാലെ മുഹമ്മദ് സിന്‍വര്‍ കൂടി കൊല്ലപ്പെട്ടാല്‍ അത് ഹമാസ് ഭീകരര്‍ക്ക് വലിയ തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. ഹമാസുമായി അമേരിക്ക നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പൗരത്വമുള്ള ഇസ്രയേല്‍ സൈനികനായ എദാന്‍ അല്കാസണ്ടറിനെ മോചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ ഇത്രയും ശക്തമായ തോതിലുള്ള ആക്രമണം നടത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഹമാസുമായി വെടിനിര്‍ത്തലിനായുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം അതൃപ്തിയിലായിരുന്നു.

അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രത്യേക ദൂതനായ സ്ററീവ് വിറ്റ്കോഫ് തന്നെ ബന്ദികളുടെ കുടുംബാംഗങ്ങളോട് ഇസ്രയേല്‍ യുദ്ധം നീട്ടിക്കൊണ്ട് പോകുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. മുഹമ്മദ് സിന്‍വറും സഹോദരനായ യാഹ്യാ സിന്‍വറിനെ പോലെ കടുംപിടുത്തക്കാരനായത് കൊണ്ട് തന്നെയാണ് സമാധാന ചര്‍ച്ചകള്‍ ഒത്തുതീര്‍പ്പാകാതെ നീണ്ട് പോയത്. മുഹമ്മദ് സിന്‍വര്‍ കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എങ്കില്‍ സമാദാന ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ട് പോകും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മുഹമ്മദ് സിന്‍വര്‍ ലൈംഗികവൈകൃതക്കാരന്‍ കൂടിയാണ് എന്നാണ് പറയപ്പെടുന്നത്. ആളുകളോട് ഏറ്റവും ക്രൂരമായ രീതിയില്‍ പെരുമാറുന്നതാണ് ഇയാളുടെ സ്വഭാവം. മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടാല്‍ പിന്‍ഗാമിയാകാ്ന്‍ സാധ്യതയുള്ളത് വടക്കന്‍ ഗാസയിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ കമാന്‍ഡറായ അസ് അല്‍-ദിന്‍ ഹദ്ദാദായിരിക്കും എന്നാണ് സൂചന.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാര്‍ സിന്‍വര്‍ സഹോദരന്‍മാരായിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഖത്തറില്‍ പുരോഗമിക്കുകയാണ്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനവും തുടരുന്ന വേളയിലാണ് ഇസ്രയേല്‍ ഇത്രയും ശക്തമായ ആക്രമണം നടത്തുന്നത്.

Tags:    

Similar News