ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍; കൊല്ലപ്പെട്ടത് ഹിസ്ബുള്ള ജിഹാദ് കൗണ്‍സില്‍ അംഗം; ഇറാന്‍-ഹിസ്ബുള്ള ആയുധ ഇടപാടിലെ മുഖ്യകണ്ണി

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍

Update: 2024-10-08 12:48 GMT

ബെയ്‌റൂട്ട്: ഹിസ്ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റിന്റെ കമാന്‍ഡര്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുഹൈല്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം വ്യോമസേന യുദ്ധവിമാനങ്ങള്‍ ബെയ്‌റൂട്ട് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ സുഹൈല്‍ ഹുസൈനിയെ വധിച്ചു എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചത്.

ലോജിസ്റ്റിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച ഹുസൈനി ഹിസ്ബുള്ളയുടെ ഉന്നത സൈനിക സംഘടനയായ ജിഹാദ് കൗണ്‍സില്‍ അംഗം ആയിരുന്നുവെന്നും ഐഡിഎഫ് എക്‌സില്‍ കുറിച്ചു. ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തില്‍ ഹുസൈനി നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും ഹിസ്ബുള്ളയുടെ യൂണിറ്റുകള്‍ക്കിടയില്‍ അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഹുസൈനിക്കായിരുന്നുവെന്നും ഐഡിഎഫിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങള്‍, മറ്റ് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏറ്റവും സെന്‍സിറ്റീവായ പ്രോജക്റ്റുകളുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഹുസൈനിയായിരുന്നു. തങ്ങള്‍ക്കെതിരെ ലെബനനില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇക്കാര്യം ലബനന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ മാസം അവസാനം ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്റള്ളയെ ഇസ്രയേല്‍ വധിച്ചിരുന്നു.

അതേസമയം, 2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ ഹമാസ് ഇസ്രായേലിലേക്ക് നാല് റോക്കറ്റുകള്‍ തൊടുത്തുവിട്ടു. എന്നാല്‍, ഇസ്രായേലിന്റെ ഭാഗത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം ലെബനാനിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് 'ടാര്‍ഗറ്ററഡ് ഓപ്പറേഷനുകള്‍' നടത്തുന്നുവെന്ന് ആരോപിച്ച് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ മേല്‍ ഇസ്രായേല്‍ സൈന്യം കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യു.എസും ഇറാനും തമ്മില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന പശ്ചിമേഷ്യയില്‍ ഒരു സമ്പൂര്‍ണ സംഘട്ടനത്തിലേക്ക് കടക്കുമെന്ന ഭയം ഈ ആക്രമണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ബദ്ധവൈരികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വര്‍ഷങ്ങളോളം നീണ്ട നിഴല്‍ യുദ്ധത്തിനും കൊലപാതകങ്ങള്‍ക്കുശേഷം നേരിട്ടുള്ള ഏറ്റുമുട്ടലുകളായി ഉയര്‍ന്നുവരികയാണ്. ലെബനാനിലെ ഇസ്രയേലിന്റെ സൈനിക നടപടിക്ക് മറുപടിയായി ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കാനുള്ള സാധ്യതകള്‍ ഇസ്രായേല്‍ വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ ശാലകള്‍ക്ക് തിരിച്ചടിയുയാല്‍ ഇത് ആഗോള എണ്ണവില ഉയരാന്‍ കാരണമായേക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് വാര്‍ത്താ വെബ്‌സൈറ്റ് ആക്‌സിയോസ് പറഞ്ഞു.

മൂന്ന് റോക്കറ്റുകള്‍ തടഞ്ഞുനിര്‍ത്തുകയും നാലാമത്തേത് തുറസ്സായ സ്ഥലത്ത് പതിക്കുകയും ചെയ്‌തെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. ഇതിന് മറുപടിയായി ഇസ്രായേല്‍ സൈന്യം ഒറ്റ രാത്രി കൊണ്ട് ഹമാസ് വിക്ഷേപണ കേന്ദ്രങ്ങളും ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് പീരങ്കികളും വ്യോമാക്രമണങ്ങളും നടത്തിയിരുന്നു.

Tags:    

Similar News