പലസ്തീന്‍ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട സംഭവം; ഇസ്രയേല്‍ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍; ഇസ്രയേല്‍ സ്ഥാപിതമായതിനുശേഷം നേരിടുന്ന ഏറ്റവും കടുത്ത ആഭ്യന്തര ആക്രമണമാണിതെന്ന് വീഡിയോ ചോര്‍ച്ചയെ കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു
ഇസ്രയേല്‍ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍
ടെല്‍അവീവ്: തടവിലാക്കിയ പലസ്തീന്‍ യുവതിയെ ഇസ്രയേല്‍ സൈനികര്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇസ്രയേല്‍ മുന്‍ സൈനിക പ്രോസിക്യൂട്ടറെ അറസ്റ്റ് ചെയ്തു. മേജര്‍ ജനറല്‍ യിഫത് ടോമര്‍-യെരുഷാല്‍മിയെ ആണ് തിങ്കളാഴ്ച രാത്രി ഇസ്രയേല്‍ പൊലീസ് അറസ്റ്റ്ചെയ്തത്.
വീഡിയോ പുറത്തുവിട്ടയുടന്‍ രാജിവച്ച ഇവര്‍ ഒളിവില്‍ പോയിരുന്നുവെന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം തന്റെ ഓഫീസ് വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന് ടോമര്‍-യെരുഷാല്‍മി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തടവറയില്‍ പലസ്തീന്‍ യുവതിയെ നാലു സൈനികര്‍ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍കാര്‍ കൊടിയപീഡനങ്ങളാണ് നേരിടുന്നതെന്ന യുഎന്‍വാദവും പലസ്തീന്‍ ആരോപണവും ശരിവയ്ക്കുന്നതാണ് പുറത്തുവന്ന വീഡിയോ എന്ന വാദം ഇതോടെ ശക്തമായിട്ടുണ്ട്. ഇസ്രയേല്‍ സ്ഥാപിതമായതിനുശേഷം നേരിടുന്ന ഏറ്റവും കടുത്ത ആഭ്യന്തര ആക്രമമാണിതെന്ന് വീഡിയോ ചോര്‍ന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രതികരിച്ചു.
വീഡിയോ പുറത്തെത്തിയത് നെതന്യാഹു സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് ടോമര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അഞ്ച് റിസര്‍വ് സൈനികര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഹമാസ് വിട്ടുനല്‍കിയ മൂന്ന് മൃതദേഹങ്ങള്‍ 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടേതാണെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
തെക്കന്‍ ഗസ്സയില്‍ നടന്ന ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പിന്നീട്, ഇവരുടെ മൃതദേഹങ്ങള്‍ ഗസ്സയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമേരിക്കന്‍ -ഇസ്രായേലി സൈനികന്‍ ക്യാപ്റ്റന്‍ ഒമര്‍ ന്യൂട്ര, സ്റ്റാഫ് സെര്‍ജന്റ് ഒസ് ഡാനിയല്‍, കേണല്‍ അസഫ് ഹമാമി എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവി?െന്റ ഓഫീസ് സ്ഥിരീകരിച്ചു.
തെക്കന്‍ ഗസ്സയിലെ തുരങ്കത്തില്‍ ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞമാസം 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം 20 ബന്ദികളുടെ മൃതദേഹങ്ങളാണ് വിട്ടുനല്‍കിയത്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.
അതേസമയം, 45 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് സാഹിര്‍ അല്‍ വാഹിദി പറഞ്ഞു.
