വടക്കന്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു; അയ്‌ത്തോ ഗ്രാമത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍; വ്യോമാക്രമണം നടത്തിയത് പ്രമുഖ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമാക്കി

വടക്കന്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

Update: 2024-10-15 05:55 GMT

ബെയ്‌റൂത്ത്: വടക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അയ്ത്തോ എന്ന ഗ്രാമത്തിലാണ് ഇസ്രേയല്‍ ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ഛിന്നഭിന്നമായി പോയി എന്നും ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ ഇവര്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും ലബനന്‍ വ്യക്തമാക്കി.

ഗ്രാമത്തിലെ ഒരു അപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെ പ്രമുഖനായ ഒരു നേതാവിനെ വധിക്കുന്നതിന് വേണ്ടിയായിരുന്നു ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തേ ഷിയാ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത് എങ്കില്‍ ഇക്കുറി ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലാണ് ആഞ്ഞടിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

അതിനിടെ ലബനനിലെ അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്‍മാരോട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേകവിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഇസ്രയേല്‍ ലബനനിലെ വടക്കന്‍ തീരദേശ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലബനനിലേക്ക് കടന്ന് കയറി ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതു വരെ 1300 ഓളം പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ അന്വേഷണം തുടരുകയാണ്. ഹിസ്ബുള്ളയുടെ ഡ്രോണുകള്‍ ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന്‍ അയണ്‍ഡോം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്ത് കൊണ്ട് കഴിഞ്ഞില്ല എന്നതിനെ കുറിച്ചാണ് ഇസ്രയേല്‍ അന്വേഷിക്കുന്നത്. അതേ സമയം ഹിസ്ബുള്ളയുടെ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളെ ആക്രമിക്കുന്ന കാര്യത്തില്‍ ഇസ്രയേല്‍ തീരുമാനം എടുത്തതായി പറയപ്പെടുന്നു.

അതേസമയം ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ അംഗങ്ങളെ ഇസ്രായേല്‍ സൈന്യം മനഃപൂര്‍വം ലക്ഷ്യം വെച്ചെന്ന ആരോപണം തെറ്റാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വിശദീകരിച്ചു. ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ ആക്രമിക്കുമ്പോള്‍ യു.എന്‍ സേനാംഗങ്ങളെ ആക്രമിക്കാതിരിക്കാന്‍ ഇസ്രായേലി പ്രതിരോധ സേന പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞദിവസം ലബനാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് യു.എന്‍ സേന അംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

ലബനാന്‍-ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള യുദ്ധമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം സേനാംഗങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇസ്രായേലി നഗരങ്ങളെയും ജനങ്ങളെയും ആക്രമിക്കുമ്പോള്‍ ഹിസ്ബുല്ല 'യുനിഫില്‍' അംഗങ്ങളെ കവചം ആയി ഉപയോഗിക്കുകയാണ്. യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച അതിക്രമത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച സന്ദേശത്തില്‍, യുണിഫില്‍ അംഗങ്ങളെ പിന്‍വലിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. യു.എന്‍ താല്‍ക്കാലിക സൈനികരെ നീക്കം ചെയ്യാനുള്ള നെതന്യാഹുവിന്റെ ആവശ്യത്തെ ലബനാന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അപലപിച്ചു. അതേസമയം യു.എന്‍ സുരക്ഷ സേനാംഗങ്ങള്‍ക്കു നേരെയുണ്ടായ അതിക്രമത്തെ വിവിധ ലോകരാജ്യങ്ങള്‍ അപലപിച്ചു.

Tags:    

Similar News