ഡൊണാള്‍ഡ് ട്രംപ് ഒരു ഫാസിസ്റ്റിനെ പോലെ പെരുമാറുന്നു; അമേരിക്കയിലെ ബിസിനസുകാര്‍ ഏകാധിപതിയുടെ കാല്‍ക്കല്‍ വീഴുന്നു; തന്റെ കരിയര്‍ അവസാനിച്ചിട്ടില്ല; അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചിപ്പിച്ചു കമലാ ഹാരിസ്; സര്‍വേകളില്‍ കമലയ്ക്ക് മുന്‍തൂക്കം

ഡൊണാള്‍ഡ് ട്രംപിനെ ഏകാധിപതി,

Update: 2025-10-25 17:21 GMT

ലണ്ടന്‍: 2028-ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അടുത്തിടെ പുറത്തുവന്ന സര്‍വേകളില്‍ കമലയ്ക്ക് അനുകൂലമായി ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കമല ഹാരിസ് താന്‍ വീണ്ടും മത്സരിക്കുമെന്ന സൂചന മുന്നോട്ടു വെച്ചത്. തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹാരിസ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭാവിയില്‍ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് തനിക്ക് ഉറപ്പുണ്ട്. അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കും. തന്റെ മുഴുവന്‍ കരിയറും സേവനത്തിന്റേതായിരുന്നു, അത് തന്റെ അസ്ഥികളില്‍ അലിഞ്ഞുചേര്‍ന്നതാണ്. താന്‍ സര്‍വേകള്‍ക്ക് ചെവി കൊടുത്തിരുന്നുവെങ്കില്‍ മത്സരിക്കില്ലായിരുന്നുവെന്നും ഇവിടെ ഇരിക്കുകയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച കമലാ ഹാരിസ് ട്രംപ് ഒരു ഫാസിസ്റ്റിനെപ്പോലെ പെരുമാറുമെന്നും ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരായിരിക്കും ഉണ്ടാകുകയെന്നും താന്‍ പ്രചാരണ വേളയില്‍ നടത്തിയ പ്രവചനങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. നീതിന്യായ വകുപ്പിനെ ആയുധമാക്കുമെന്ന് ട്രംപ് പറയുകയും അത് കൃത്യമായി ചെയ്യുകയും ചെയ്തു.

രാഷ്ട്രീയ ആക്ഷേപഹാസ്യം നടത്തുന്നവര്‍ക്കെതിരെ ഫെഡറല്‍ ഏജന്‍സികളെ അദ്ദേഹം ആയുധമാക്കി. അദ്ദേഹത്തിന്റെ ക്ഷമ അത്ര ചെറുതാണ്. ഒരു തമാശയില്‍ നിന്നുള്ള വിമര്‍ശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല, അതിലൂടെ ഒരു മാധ്യമ സ്ഥാപനം മുഴുവന്‍ അടച്ചുപൂട്ടാന്‍ അദ്ദേഹം ശ്രമിച്ചു. കമല കുറ്റപ്പെടുത്തി.

ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങിപ്പോയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് വിമര്‍ശിച്ചു. അവര്‍ ഒരു ഏകാധിപതിയുടെ കാല്‍ക്കല്‍ മുട്ടുമടക്കുകയാണെന്നും, അധികാരത്തോട് അടുത്തിരിക്കാനും ലയനങ്ങള്‍ക്ക് അംഗീകാരം നേടാനും അല്ലെങ്കില്‍ അന്വേഷണങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഹാരിസ് ആരോപിച്ചു.

നേരത്തെ നോബിള്‍ പ്രെഡിക്റ്റീവ് ഇന്‍സൈറ്റ്‌സ് നടത്തിയ 'ദി സെന്റര്‍ സ്‌ക്വയര്‍ വോട്ടേഴ്‌സ് വോയിസ് പോള്‍' അനുസരിച്ച്, ഡെമോക്രാറ്റുകള്‍ക്കിടയില്‍ 33%-വും സ്വതന്ത്ര വോട്ടര്‍മാര്‍ക്കിടയില്‍ 27%-വും പിന്തുണ കമല ഹാരിസിനാണെന്ന് വ്യക്തമാക്കിയിരുന്നു.

13% ഡെമോക്രാറ്റുകളുടെയും 3% സ്വതന്ത്രരുടെയും പിന്തുണയോടെ കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആണ് രണ്ടാം സ്ഥാനത്ത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം അലക്‌സാണ്ട്രിയ ഒക്കാസിയോ-കോര്‍ടെസ് 8% പിന്തുണയോടെ മൂന്നാം സ്ഥാനത്താണ്. മുന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റ് ബൂട്ടിജജ് 7% പിന്തുണയോടെ നാലാമത്. മറ്റ് സ്ഥാനാര്‍ഥികളായ ജോഷ് ഷപിറോ, ജെ.ബി. പ്രിറ്റ്‌സ്‌കര്‍, ഗ്രെചന്‍ വിറ്റ്മര്‍, വെസ് മൂര്‍ എന്നിവര്‍ക്കെല്ലാം 1% മുതല്‍ 4% വരെ മാത്രമാണ് പിന്തുണ ലഭിച്ചത്.

കറുത്ത വര്‍ഗ്ഗക്കാര്‍, ദക്ഷിണ സംസ്ഥാനങ്ങളിലുള്ളവര്‍, യുവജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ ഹാരിസിന് ശക്തമായ പിന്തുണ ലഭിച്ചു. 18-29 വയസ്സുള്ളവരില്‍ 44%-വും 30-44 വയസ്സുള്ളവരില്‍ 42%-വും പിന്തുണ ഹാരിസിനുണ്ട്. കുറഞ്ഞ വരുമാനക്കാരിലും സ്ത്രീകളിലും ന്യൂസമിനെക്കാള്‍ ഇരട്ടി ജനപ്രിയയാണ് ഹാരിസ്. അമേരിക്കയുടെ സെനറ്റില്‍ അംഗമാവുന്ന സ്ത്രീകളില്‍ ആദ്യത്തെ ഇന്ത്യന്‍ വംശജയും രണ്ടാമത്തെ കറുത്ത വര്‍ഗക്കാരിയുമായിരുന്നു കമല.

അതിനിടെ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഗായിക ബിയോണ്‍സി, ഓപ്ര വിന്‍ഫ്രി അടക്കമുള്ള സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു. 2024ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് 'വലിയ തുക' നല്‍കിയെന്ന് ആരോപിച്ചാണ് കമല ഹാരിസിനെതിരെ ട്രംപ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഓപ്ര വിന്‍ഫ്രി, ബിയോണ്‍സി, പൗരാവകാശ പ്രവര്‍ത്തകന്‍ ആല്‍ഫ്രഡ് ചാള്‍സ് ഷാര്‍പ്ടണ്‍ എന്നിവര്‍ കമല ഹാരിസിനായി പരസ്യങ്ങളുമായി പ്രചരണത്തിനെത്തിയിരുന്നു. ഈ നീക്കത്തെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച ട്രംപ്, ഡെമോക്രാറ്റുകള്‍ പ്രചാരണ- ധനകാര്യ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചു.

പണം നല്‍കിയാണ് കമല ഹാരിസ് അംഗീകാരങ്ങള്‍ നേടിയതെന്നും രാഷ്ട്രീയക്കാര്‍ അവരെ പിന്തുണയ്ക്കാന്‍ ആളുകള്‍ക്ക് പണം നല്‍കരുതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. കമലയും പണം ലഭിച്ച എല്ലാവരും നിയമം ലംഘിച്ചുവെന്നും അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യണമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. എന്നാല്‍ കമല ഹാരിസിനൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്‍സിയും പറഞ്ഞിരുന്നു.

Tags:    

Similar News