കാഹളം മുഴക്കി പാരീസില്‍ ഒത്തുകൂടിയ യൂറോപ്യന്‍ രാജ്യ തലവന്മാര്‍ അടിച്ചു പിരിഞ്ഞു; ജര്‍മ്മന്‍ ചാന്‍സലര്‍ വേഗം സ്ഥലം വിട്ടതോടെ അമേരിക്ക ഇല്ലാതെ സുരക്ഷയില്ലെന്ന് പ്രമേയം; യൂറോപ്പിലെ അമേരിക്കന്‍ സേനയെ പിന്‍വലിച്ച് തിരിച്ചടിക്കാന്‍ ട്രംപും
കാഹളം മുഴക്കി പാരീസില്‍ ഒത്തുകൂടിയ യൂറോപ്യന്‍ രാജ്യ തലവന്മാര്‍ അടിച്ചു പിരിഞ്ഞു
പാരീസ്: റഷ്യ, യുക്രെയിനെ വീണ്ടും ആക്രമിക്കുന്നതില്‍ നിന്നും തടയണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ അതുമാത്രമാണ് വഴി എന്ന് പറഞ്ഞ സ്റ്റാര്‍മര്‍ പക്ഷെ അമേരിക്ക അതിനായി സൈന്യവിന്യാസം നടത്തണമോ എന്ന് വ്യക്തമാക്കിയീല്ല. എന്നാല്‍, അടുത്തയാഴ്ച വാഷിംഗ്ടണില്‍ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇത് പ്രധാന ചര്‍ച്ചാവിഷയമാകുമെന്നത് ഉറപ്പാണ്.
യൂറോപ്പിലെ സഖ്യകക്ഷികള്‍, തങ്ങളുടെ സൈനിക ശക്തിയും പ്രതിരോധ ബജറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നും സ്റ്റാര്‍മര്‍ പറഞ്ഞു. പാരിസില്‍ മറ്റ് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുമായി നടത്തിയ അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിനില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ യൂറോപ്പ് അതിന്റെ പങ്ക് നിര്‍വഹിക്കണമെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, ഒരു സമാധാന ഉടമ്പടിയുണ്ടാവുകയാണെങ്കില്‍ അത് കാത്തു സൂക്ഷിക്കാന്‍ മറ്റ് സഖ്യകക്ഷികള്‍ക്കൊപ്പം ബ്രിട്ടീഷ് സൈന്യത്തെയും ഇറക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, അതിന് അമേരിക്കയുടെ പിന്തുണ കൂടിയേ കഴിയു. അമേരിക്ക നല്‍കുന്ന സുരക്ഷാ ഉറപ്പിന് മാത്രമെ റഷ്യയെ യുക്രെയിന്‍ വീണ്ടും ആക്രമിക്കുന്നതില്‍ നിന്നും പിന്മാറ്റാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. എന്താണ് യഥാര്‍ത്ഥത്തില്‍ ഈ വാക്കുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന ചോദ്യത്തിന്, തങ്ങള്‍ ചര്‍ച്ചയുടെ ആദ്യ ഘട്ടത്തിലാണെന്നും, എന്നാല്‍, സമാധാനം, ശക്തിയിലൂടെ മാത്രമെ പുനസ്ഥാപിക്കുവാനും സ്ഥിരമായി നിലനിര്‍ത്താനും കഴിയുകയുള്ളു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനായി യുക്രെയിനെ സാധ്യമായ രീതിയില്‍ പരവാധി ശക്തിയുള്ളതാക്കി തീര്‍ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കും എന്നതിനാല്‍, യുക്രെയിന് നല്‍കുന്ന സഹായം കുറയ്ക്കും എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വരുന്ന ഏതാനും മാസങ്ങള്‍ കൂടി യുക്രെയിന് കൂടിയ അളവിലുള്ള സഹായങ്ങള്‍ നല്‍കേണ്ടി വരും എന്നും പറഞ്ഞു. അതിനായുള്ള ശ്രമത്തില്‍ ബ്രിട്ടന്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്, യുക്രെയിനില്‍, യൂറോപ്യന്‍ സൈന്യങ്ങള്‍ക്കൊപ്പം സമാധാന സേനയില്‍ അമേരിക്കയും പ്രവര്‍ത്തിച്ചേക്കും എന്ന സൂചനയാണ് യുക്രെയിനിലേക്കുള്ള ട്രംപിന്റെ പ്രതിനിധികള്‍ നല്‍കിയത്.
അതേസമയം, പാരിസില്‍ ചേര്‍ന്ന യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ ഒരുമിച്ച് ഒരു തീരുമാനത്തിലെത്താന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പകുതിയില്‍ വെച്ച് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. ജര്‍മ്മനിയില്‍ ഈ ആഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങേണ്ടതിനാലാണ് അദ്ദേഹം നേരത്തെ യോഗത്തില്‍ നിന്നും പോന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, കീര്‍ സ്റ്റാര്‍മര്‍, യോജിപ്പില്ലാത്ത നേതാക്കളെ, തന്റെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുന്നതിനായി യുക്രെയിനിലേക്ക് ഒരു സമാധാന സേനയെ അയയ്ക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചു.
സമാധാന ഉടമ്പടിയില്‍ ഒരുപാട് ഇളവുകള്‍ നല്‍കിയാല്‍ വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും യുദ്ധസജ്ജനായി എത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കാനും സ്റ്റാര്‍മര്‍ മടിച്ചില്ല. യോഗത്തില്‍ എടുക്കുന്ന ഏതൊരു തീരുമാനവും, ദീര്‍ഘകാല പ്രസക്തിയുള്ളതും അതേസമയം അമേരിക്കയുടെ സുരക്ഷാ ഉറപ്പ് ഉള്ളതുമായിരിക്കണം എന്ന് ആദ്യമുതല്‍ തന്നെ കീര്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജര്‍മ്മനി, ഇറ്റലി, പോളണ്ട്, സ്പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ തലവന്മാരും യൂറോപ്യന്‍ കൗണ്‍സിലിന്റെയും യൂറോപ്യന്‍ കമ്മീഷന്റെയും പ്രസിഡണ്ടുമാരും നാറ്റൊ സെക്രട്ടറി ജനറലും പങ്കെടുത്തിരുന്നു.