സിറിയയില്‍ വിമതരും സൈന്യവും തമ്മില്‍ പോരാട്ടം ശക്തമായി; രാജ്യം വിടണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളില്‍ പുറപ്പെടാന്‍ ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശം; സിറിയയില്‍ ഉള്ളത് യു.എന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ അടക്കം 90ഓളം ഇന്ത്യന്‍ പൗരന്മാര്‍

സിറിയയില്‍ വിമതരും സൈന്യവും തമ്മില്‍ പോരാട്ടം ശക്തമായി

Update: 2024-12-07 08:53 GMT

ഡമസ്‌കസ്: സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ പോരാട്ടം അതിരൂക്ഷമായി തുടരുന്ന സിറിയയില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് ഇന്ത്യ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. വിമതര്‍ മുന്നേറ്റം നടത്തുകയും ഡമാസ്‌ക്കസിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ മുന്നറിയിപ്പ് നല്‍കിയത്.

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സര്‍ക്കാര്‍ സേനക്കെതിരെ വിമത ഗ്രൂപ്പായ ഹൈഅത് തഹ്രീര്‍ അശ്ശാം നടത്തിയ ആക്രമണത്തിനു പിന്നാലെ സിറിയയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിട്ടുണ്ട്. 'ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളില്‍ പുറപ്പെടാന്‍ ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

സുരക്ഷയെക്കുറിച്ച് മുന്‍കരുതല്‍ എടുക്കാനും പുറത്തിറങ്ങുന്നത് കുറക്കാനും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദേശിച്ച മന്ത്രാലയം അടിയന്തര നമ്പറും ഇ-മെയില്‍ വിലാസവും പരസ്യപ്പെടുത്തിയിട്ടുണ്ട്. അത്യാഹിത നമ്പര്‍ +963 993385973, അടിയന്തര ഇ-മെയില്‍ വിലാസം oc.damascus@mea.gov.in എന്നിവയാണ് അധികൃതര്‍ പുറത്തുവിട്ടത്. വിവിധ യു.എന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ ഉള്‍പ്പെടെ 90ഓളം ഇന്ത്യന്‍ പൗരന്മാര്‍ സിറിയയിലുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു.

അതേസമയം സിറിയയില്‍ ഹമാ സെന്‍ട്രല്‍ ജയിലിന്റെ നിയന്ത്രണം നേടിയ വിമതര്‍ തടവുകാരെയും മോചിപ്പിച്ചു. മദ്ധ്യനഗരമായ ഹോംസിലേക്ക് വിമതര്‍ ഉടന്‍ നീങ്ങുമെന്നാണ് സൂചന. അതിനിടെ, എത്രയും വേഗം പൗരന്മാര്‍ രാജ്യം വിടണമെന്ന് സിറിയയിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കി. നവംബര്‍ 27നാണ് വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അലെപ്പോയില്‍ വിമത സായുധഗ്രൂപ്പുകള്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. അലെപ്പോ നഗരം വിമതര്‍ പിടിച്ചിരുന്നു. വിമതര്‍ക്കെതിരെ റഷ്യന്‍ യുദ്ധവിമാനങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

കഴിഞ്ഞയാഴ്ചയാണ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലംപ്പോ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സേനയെയും സഖ്യസേനയെയും തകര്‍ത്ത് ഒരു അപ്രതീക്ഷിത ആക്രമണത്തിന് ശേഷം വിമത ഗ്രൂപ്പുകള്‍ പിടിച്ചെടുത്തത്. ഈ ആക്രമണം അസദിനും ഇറാനിലെയും റഷ്യയിലെയും പിന്തുണക്കാര്‍ക്കും കാര്യമായ ആഘാതമേല്‍പ്പിക്കുകയും വര്‍ഷങ്ങളായി നിശ്ചലമായിരുന്ന ഒരു ആഭ്യന്തരയുദ്ധത്തിന് തുടക്കമിടുകയും ചെയ്യുകയായിരുന്നു. ഹയാത്ത തഹിര്‍ അല്‍ഷാം എന്ന വിമതസംഘടനയാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ഹമാ.

നഗരത്തിന്റെ നാല് ഭാഗങ്ങളും വളഞ്ഞാണ് വിമതര്‍ ഇവിടെ മുന്നേറ്റം നടത്തുന്നത്. തലസ്ഥാനമായ ഡമാസ്‌ക്കസ് പോലെ തന്നെ സിറിയയിലെ പ്രധാനപ്പെട്ട നഗരമാണ് ഹമാ. ഇന്നലെ രാവിലെ മുതല്‍ തന്നെ സൈന്യത്തിന് നഗരത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടമായിരുന്നു. റഷ്യയുടെയും സിറിയയുടേയും വ്യോമസേന ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും വിമതരുടെ മുന്നില്‍ പരാജയപ്പെടുകയായിരുന്നു. രാത്രി മുഴുവന്‍ വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളും നഗരത്തില്‍ മുഴങ്ങിയതായി നഗരവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 727 വിമതരും 111 സാധാരണക്കാരായ പൗരന്‍മാരും കൊല്ലപ്പെട്ടതായിട്ടാണ് സന്നദ്ധസംഘടനകള്‍ പറയുന്നത്.

വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ആഭ്യന്തര കലാപങ്ങളില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി മാറിയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ വിമതര്‍ കൂടി പോരാട്ടത്തിനായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന ഏറ്റുമുട്ടലുകള്‍ക്കിടയില്‍ അലപ്പോ നഗരത്തിന്റെ നിയന്ത്രണം സിറിയയിലെ സര്‍ക്കാരിന് നഷ്ടമാകുന്നത് ഇതാദ്യമായിട്ടാണ്. കഴിഞ്ഞ ദിവസം വിമത നേതാവായ അബു മുഹമ്മദ് അല്‍ ജൊലാനി അലപ്പോ നഗരം സന്ദര്‍ശിച്ചിരുന്നു. ഒരു തുറന്ന കാറില്‍ ചരിത്രപ്രാധാന്യമുള്ള മേഖലകളിലൂടെ ഇയാള്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

Tags:    

Similar News