ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശനം നിഷേധിച്ച് മാലദ്വീപ് സര്‍ക്കാര്‍; ഫലസ്തീനികള്‍ക്ക് എതിരെ വംശഹത്യ നടത്തുന്നു എന്നാരോപിച്ചു പ്രഖ്യാപനം; മുഹമ്മദ് മൊയ്സുവിന്റെ പിടിവാശി മാലദ്വീപ് ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക
ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശനം നിഷേധിച്ച് മാലദ്വീപ് സര്‍ക്കാര്‍
മാലി: ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശനം നിഷേധിച്ച് മാലദ്വീപ് സര്‍ക്കാര്‍. മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഗാസയില്‍ നടക്കുന്ന യുദ്ധത്തില്‍ ഇസ്രയേല്‍ ഫലസ്തീനികള്‍ക്ക് എതിരെ വംശഹത്യ നടത്തുന്നു എന്നാരോപിച്ചാണ് മാലദ്വീപ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതേ സമയം ഇസ്രയേല്‍ നിരവധി തവണ നിഷേധിച്ച ആരോപണമാണ് ഇത്. കഴിഞ്ഞ ചൊവ്വാഴചയാണ് പാര്‍ലമെന്റില്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയത്.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇസ്രായേല്‍ പാസ്‌പോര്‍ട്ടുള്ള സന്ദര്‍ശകര്‍ മാലിദ്വീപിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായി നിരോധിക്കുന്ന ഒരു പുതിയ വ്യവസ്ഥ കൂടി ഭേദഗതി കുടിയേറ്റ നിയമത്തില്‍ അവതരിപ്പിച്ചതായിട്ടാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കും വംശഹത്യകള്‍ക്കുമുള്ള തിരിച്ചടിയായിട്ടുള്ള മാലദ്വീപ് സര്‍ക്കാരിന്റെ ഉറച്ച നിലപാടിനെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത് എന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്രയേല്‍ വിദശകാര്യ മന്ത്രാലയവും കൊളംബോയിലുള്ള ഇസ്രയേല്‍ കോണ്‍സുലേറ്റും ഇക്കാര്യത്തില്‍ ഇനിയും പ്രതികരണം
നടത്തിയിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് ശേഷം ഗാസയില്‍ ഫലസ്തീന്‍ പൗരന്‍മാരെ വംശഹത്യ നടത്തുകയാണ് എന്ന ആരോപണം ഇസ്രയേല്‍ നിരവധി തവണ തള്ളിക്കളഞ്ഞതാണ്. അന്താരാഷ്ട്ര നിയമങ്ങളെ തങ്ങള്‍ മാനിക്കുന്നതായും സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ട് എന്നുമാണ് അവരുടെ നിലപാട്.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഇസ്രയേലിന് എതിരെ കേസ് കൊടുത്തിട്ടുണ്ട്. ഗാസയില്‍ ഫലസ്തീന്‍ പൗരന്‍മാരെ വംശഹത്യ നടത്തുകയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആരോപണം
ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇത് സംബന്ധിച്ച് സംഘടന സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ മുഹമ്മദ് മൊയ്സു മന്ത്രിസഭ ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ല എന്ന് ശുപാര്‍ശ ചെയ്തിരുന്നു.
തുടര്‍ന്ന് ഇസ്രയേല്‍ തങ്ങളുടെ പൗരന്‍മാരോട് മാലിദ്വീപിലേക്ക് പോകരുതെന്നും മുന്നറിയിപ്പ്് നല്‍കിയിരുന്നു. മാലദ്വീപിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസാണ് ടൂറിസം. ഈ മേഖലയില്‍ നിന്ന് ഈ വര്‍ഷം രാജ്യം അഞ്ച് ബില്യണ്‍ ഡോളറാണ് വരുമാനം പ്രതീക്ഷിക്കുന്നത്. മുഹമ്മദ് മൊയ്സു സര്‍ക്കാരിന്റെ ഈ നിലപാട് ഒരു പക്ഷെ ഇസ്രയേലിനെ അനുകൂലിക്കുന്ന രാജ്യങ്ങളെ പ്രകോപിപ്പിച്ചാല്‍ രാജ്യത്തിന് വലിയൊരു തിരിച്ചടിയാകും എന്നത് ഉറപ്പാണ്.