റഷ്യ-യുക്രെയിന്‍ യുദ്ധം ചര്‍ച്ചയായി; രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യ ചെയ്യുന്നവരെ ഇന്ത്യയും അമേരിക്കയും പിന്തുണയ്ക്കില്ല; ജോ ബൈഡനുമായി നയതന്ത്രവും ചര്‍ച്ചയാക്കി മോദി; ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് ന്യുയോര്‍ക്കിലെത്തും

23ന് യുഎന്‍ കോണ്‍ക്ലേവിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും

Update: 2024-09-22 02:28 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്ര വിഷയങ്ങളും ചര്‍ച്ചയാക്കി. ജോ ബൈഡന്റെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

പല നയതന്ത്ര വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി എന്നാണ് സൂചന. റഷ്യ- യുക്രൈന്‍ യുദ്ധമുള്‍പ്പെടെ ചര്‍ച്ചയായെന്നാണ് വിവരം. ക്വാഡ് ഉച്ചകോടിയിലും യുഎന്‍ കോണ്‍ക്ലേവിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തിയത്. യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റിനെ മോദി അറിയിച്ചിട്ടുണ്ട്. എല്ലാ വിധ പിന്തുണയും അമേരിക്കയും നല്‍കും. യുദ്ധമുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഇരു നേതാക്കളും ചര്‍ച്ചയാക്കി. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളും അജണ്ടയായി.

തീവ്രവാദത്തിനെതിരെ ഇന്ത്യ സന്ധിയില്ലാ നിലപാട് തുടരും. രാജ്യങ്ങളുടെ പരമാധികാരത്തില്‍ ബാഹൃശക്തികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന പൊതു നിലപാടാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഉള്ളത്. ഇതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അതിനിടെ അമേരിക്കയില്‍ എത്തുന്ന മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ അറിയിച്ചിരുന്നു. അമേരിക്കയില്‍ എത്തിയ മോദി മൂന്ന് ദിവസമാണ് ഇവിടെ തുടരുക.

വില്‍മിംഗ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കുശേഷം ഇന്ന് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേയ്ക്ക് പോകും. അവിടെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് 23ന് യുഎന്‍ കോണ്‍ക്ലേവിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും.

Tags:    

Similar News