43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍; നരേന്ദ്ര മോദിക്ക് കുവൈത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും; നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച; ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കും
43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍
കുവൈത്ത് സിറ്റി: നീണ്ട 43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനന്ത്രി കുവൈത്തില്‍. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തി. ശനിയാഴ്ച കുവൈത്ത് സമയം 11.30 ഓടെ കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ അമീരി ടെര്‍മിനലില്‍ കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ശനിയാഴ്ച ഉച്ചക്കുശേഷം ഫഹദ് അല്‍ അഹമദിലെ ഗള്‍ഫ് സ്‌പൈക്ക് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികളെ കാണും. വൈകീട്ട് 3.50ന് ശൈഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംബ്ലക്‌സില്‍ നടക്കുന്ന കമ്യൂനിറ്റി ഇവന്റില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമാണ് ഇവിടെ പ്രവേശനം. വിവിധ കലാപരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 6.30ന് ജാബിര്‍ സ്റ്റേഡിയത്തില്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
ഞായറാഴ്ച ബയാന്‍പാലസില്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ്,കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അസ്സബാഹ് എന്നിവരുമായി കൂടികാഴ്ചയും ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കല്‍, നിക്ഷേപ സാധ്യതകള്‍, സഹകര കരാറുകള്‍ പ്രോല്‍സാഹിപ്പിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. കുവൈത്തിലെ എറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
ഇന്ത്യ -കുവൈറ്റ് ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിക്കും. 1981ല്‍ ഇന്ദിരാ ഗാന്ധി നടത്തിയ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സന്ദര്‍ശനം. ഇന്ത്യ-കുവൈറ്റ് ബന്ധങ്ങള്‍ വ്യാപാരത്തിലും സാമ്പത്തികത്തിലും സാംസ്‌കാരികത്തിലും ശക്തമാകുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, ഊര്‍ജം, സംസ്‌കാരം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കും.
കുവൈറ്റില്‍ 10 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. ഇവര്‍ കുവൈറ്റ്-ഇന്ത്യ ബന്ധത്തിന്റെ ശക്തമായ പാരമ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും ഉദാഹരണമാണ്. നിര്‍മാണം, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസം എന്നിവിടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ സംഭാവനകള്‍ വലിയതാണ്. സൈനിക പരിശീലനം, സുരക്ഷാ വിവര വിനിമയം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിച്ചു വരികയാണ്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കുവൈറ്റ്-ഇന്ത്യ ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും.