പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്കയിലേക്ക്; തീരുവ തര്‍ക്കത്തിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തും; യു.എന്‍ പൊതുസഭയില്‍ സംസാരിക്കും; സെലന്‍സ്‌കി അടക്കമുള്ള ലോകനേതാക്കളെയും കാണും; ചൈനീസ് വിഷയത്തില്‍ യുടേണ്‍ എടുത്ത ട്രംപ് ഇന്ത്യയുടെ കാര്യത്തില്‍ മനംമാറ്റുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്കയിലേക്ക്

Update: 2025-08-13 06:07 GMT

ന്യൂഡല്‍ഹി: തീരുവ തര്‍ക്കം തുടരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്ക സന്ദര്‍ശിക്കും. യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. സന്ദര്‍ശനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തീരുവ തര്‍ക്കം ചര്‍ച്ചയാകും. യു.എന്‍ പൊതുസഭയില്‍ മോദി സംസാരിക്കും.

കൂടാതെ, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബറിലാണ് യു.എന്‍ പൊതുസമ്മേളനം. ഈ വര്‍ഷം ഫെബ്രുവരിയില്‍ വൈറ്റ്ഹൗസിലെത്തി ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രധാനമന്ത്രി ഉറ്റസുഹൃത്ത് എന്ന് അവകാശപ്പെടുന്ന ട്രംപിന്റെ നിലപാടുകളും അതിനോട് മോദി പുലര്‍ത്തുന്ന മൗനവും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ അടക്കം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യക്ക് 50 ശതമാനം തീരുവയാണ് യു.എസ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഏഴിന് നിലവില്‍വന്നിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഈമാസം 27ന് നിലവില്‍ വരും. അതേസമയം, 50 ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുത്ത അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഫെബ്രുവരിയില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളില്‍നിന്ന് ട്രംപ് മലക്കംമറിഞ്ഞതായാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാര്‍ ശക്തിപ്പെടുത്താന്‍ ഫെബ്രുവരിയില്‍ മോദി-ട്രംപ് ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് ട്രപ് താരിഫ് യുദ്ധത്തിലേക്ക് കടന്നതും ഇന്ത്യക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതും.

അമേരിക്കയുടെ കാര്‍ഷിക, ക്ഷീര ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കാന്‍ ഇന്ത്യ തയാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി അധിക തീരുവയും പ്രഖ്യാപിച്ചു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 15ന് നടക്കുന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയും ഏറെ നിര്‍ണായകമാണ്.

അതേസമയം അതേസമയം, വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യക്ക് നിസഹകരണമനോഭാവം ഉണ്ടെന്ന് യുഎസ് പ്രതികരിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് ഈ പ്രസ്താവന്‍ നടത്തിയത്. ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് വൈകിപ്പിക്കുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. അധിക താരിഫുകള്‍ ഈടാക്കുന്നത് 90 ദിവസത്തേക്ക് കൂടി നീട്ടിവെക്കുകയാണ് ഉണ്ടായത്.

ഈ വര്‍ഷം ആദ്യത്തില്‍ യുഎസും ചൈനയും പരസ്പരം ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധത്തിലായിരുന്നു. തുടര്‍ന്ന് മേയില്‍ ഇരു രാജ്യങ്ങളും അവ താല്‍ക്കാലികമായി കുറയ്ക്കാന്‍ സമ്മതിച്ചു. ചൈനയോട് വിട്ടുവീഴ്ച്ച നടത്തിയെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ട്രംപ് കടുംപിടുത്തം തുടരുകയാണ് ചെയ്യുന്നത്.Modi likely to be in US next month for UNGA meet, bilateral talks with Trump

Tags:    

Similar News