ചൈനയുടെ പ്രീതി പിടിച്ചുപറ്റി നേട്ടം കൊയ്യാന്‍ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇകഴ്ത്തി വിവാദപ്രസ്താവന; ബംഗ്ലാദേശ്-ഇന്ത്യ ബന്ധം വഷളാക്കുന്ന പ്രസ്താവനകള്‍ അരുതെന്ന് മുഹമ്മദ് യൂനുസിനോട് മോദി; ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; ബിംസ്റ്റെക് ഉച്ചകോടിയില്‍ നിര്‍ണായക കൂടിക്കാഴ്ച

ബിംസ്റ്റെക് ഉച്ചകോടിയില്‍ മോദി-യൂനുസ് നിര്‍ണായക കൂടിക്കാഴ്ച

Update: 2025-04-04 11:23 GMT

ബാങ്കോക്ക്: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബാങ്കോക്കില്‍, ബിംസ്‌റ്റെക് ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും സന്നിഹിതരായിരുന്നു.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ഇന്ത്യക്കുള്ള ആശങ്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഹമ്മദ് യൂനുസിനെ അറിയിച്ചത്. അന്തരീക്ഷം മോശമാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ബംഗ്ലാദേശ് ഭരണസാരഥികള്‍ ഒഴിവാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള മുഹമ്മദ് യൂനുസിന്റെ വിവാദപ്രസ്താവനയാണ് മോദി സൂചിപ്പിച്ചത്.

മുഹമ്മദ് യൂനുസിന്റെ വിവാദ പ്രസ്താവന

ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസിന്റെ പരാമര്‍ശം. അരുണാചല്‍ അതിരുവരെ നീളുന്ന ഈ ഭാഗത്തിന് സമുദ്രവുമായി ബന്ധമില്ല. ഈ സമുദ്രമേഖല മുഴുവന്‍ തങ്ങളുടെ അധീനതയിലാണ് എന്ന് യൂനുസ് പറഞ്ഞിരുന്നു. സമുദ്രസുരക്ഷയില്‍ ബംഗ്ലാദേശാണ് നിര്‍ണായകം എന്ന് യൂനുസ് പറഞ്ഞു വെക്കുകയായിരുന്നു. ചൈനീസ് സഹായം ഉറപ്പാക്കുക മാത്രമല്ല, ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് ബെയ്ജിങ്ങിലെ ചര്‍ച്ചയില്‍ യൂനുസ് അഭിപ്രായപ്പെട്ടത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ചൈനയുടെ പ്രീതി പിടിച്ചുപറ്റി നിക്ഷേപങ്ങള്‍ ക്ഷണിക്കാനാണെന്നാണു നിരീക്ഷണം. മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുള്ള യൂനുസിന്റെ പരാമര്‍ശം ഇന്ത്യയിലും രൂക്ഷ പ്രതികരണങ്ങള്‍ക്ക് ഇടയാക്കി.

യൂനുസിന്റെ പ്രസ്താവനയെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ശക്തമായി അപലപിച്ചു. അത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ ലഘുവായി കാണാന്‍ കഴിയില്ലെന്നും ദീര്‍ഘകാല അജണ്ടകളുടെയും ആഴമേറിയ തന്ത്രങ്ങളുടെയും പ്രതിഫലനമാണെന്നും ഹിമന്ത വിമര്‍ശിച്ചു.

പ്രധാനമന്ത്രി പറഞ്ഞത്

' ജനാധിപത്യപരവും, സുസ്ഥിരവും, സമാധാനപരവും പുരോഗമനാത്മകവും സകലരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നയം സ്വീകരിക്കുന്ന ബംഗ്ലാദേശിനുള്ള പിന്തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ജനകേന്ദ്രീകൃതമായ സമീപനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. ദീര്‍ഘകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ജനങ്ങള്‍ക്ക് നല്‍കിയ ഗുണഫലങ്ങളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രായോഗികത്വം അടിസ്ഥാനമാക്കി ബംഗ്ലാദേശുമായി ക്രിയാത്മകമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ താല്‍പര്യവും അദ്ദേഹം എടുത്തുപറഞ്ഞു'-വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുളള അന്തരീക്ഷം മോശമാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍, നിയമവാഴ്ച ഉറപ്പാക്കണം. അനധികൃതമായുള്ള അതിര്‍ത്തി ലംഘനം വിശേഷിച്ചും രാത്രിയില്‍, തടയണം. സുസ്ഥിരതയും സുരക്ഷയും നിലനിര്‍ത്തുന്നതിന് അത് അനിവാര്യമെന്നും മോദി പറഞ്ഞതായി മിശ്രി അറിയിച്ചു.

ഹിന്ദുക്കള്‍ അടക്കം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ജീവിത സുരക്ഷയില്‍ നിലനില്‍ക്കുന്ന ആശങ്കകളും മോദി യൂനുസിനോട് പങ്കുവച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങളില്‍ കണിശമായ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, ഷെയ്ക് ഹസീനയുടെ പുറത്താകലിന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്. ചൈനയോട് ബംഗ്ലാദേശ് കൂടുതല്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് വളരെയേറെ പ്രധാന്യമുണ്ട്. ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വഷളായിരിക്കുകയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍, ബംഗ്ലാദേശിന്റെ മാത്രം വിഷയമെന്ന നിലപാടാണ് ധാക്ക സ്വീകരിച്ചുവരുന്നത്.

Tags:    

Similar News